വ്യാഴാഴ്ച 13 ഓഗസ്റ്റ് 2020 - 1:58:08 am

മുഹമ്മദ് ബിൻ റാഷിദ്, മുഹമ്മദ് ബിൻ സായിദ് യുഎഇ ഹോപ്പ് പ്രോബ് ടീമിനെ ആദരിച്ചു

  • محمد بن راشد ومحمد بن زايد يكرمان فريق مشروع الإمارات لاستكشاف المريخ ويؤكدان أن مسيرة الـ50 عاماً في بناء إمارات المستقبل انطلقت بقوة
  • محمد بن راشد ومحمد بن زايد يكرمان فريق مشروع الإمارات لاستكشاف المريخ ويؤكدان أن مسيرة الـ50 عاماً في بناء إمارات المستقبل انطلقت بقوة
  • محمد بن راشد ومحمد بن زايد يكرمان فريق مشروع الإمارات لاستكشاف المريخ ويؤكدان أن مسيرة الـ50 عاماً في بناء إمارات المستقبل انطلقت بقوة
  • 20200731kh_dsc00434 (medium)
  • محمد بن راشد ومحمد بن زايد يكرمان فريق مشروع الإمارات لاستكشاف المريخ ويؤكدان أن مسيرة الـ50 عاماً في بناء إمارات المستقبل انطلقت بقوة
  • محمد بن راشد ومحمد بن زايد يكرمان فريق مشروع الإمارات لاستكشاف المريخ ويؤكدان أن مسيرة الـ50 عاماً في بناء إمارات المستقبل انطلقت بقوة
  • محمد بن راشد ومحمد بن زايد يكرمان فريق مشروع الإمارات لاستكشاف المريخ ويؤكدان أن مسيرة الـ50 عاماً في بناء إمارات المستقبل انطلقت بقوة
വീഡിയോ ചിത്രം

അബുദാബി, ജൂലൈ 31, 2020 (WAM) – ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവര്‍ അബുദാബിയിലെ ഖസ്ർ അൽ വത്താനിൽ എഞ്ചിനീയറിംഗ്, ശാസ്ത്ര, സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് കേഡർമാർ ഉൾപ്പെടെയുള്ള എമിറേറ്റ്സ് മാർസ് മിഷൻ ഹോപ്പ് പ്രോബ് ടീമിനെ സ്വാഗതം ചെയ്തു.

രാജ്യത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ചൊവ്വയിലേക്കുള്ള ആദ്യത്തെ അറബ് ഇന്റർപ്ലാനറ്ററി പര്യവേക്ഷണ ദൗത്യം ഹോപ്പ് പ്രോബ് വിജയകരമായി സമാരംഭിച്ചതിന്റെ വെളിച്ചത്തില്‍, ഹിസ് ഹൈനസ് ടീം അംഗങ്ങളെ അവരുടെ മികച്ച നേട്ടത്തിന് ആദരിച്ചു.

എച്ച്.എച്ച്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ, മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം പ്രസിഡന്റ്; എച്ച്.എച്ച്. ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ധനമന്ത്രിയും; എച്ച്എച്ച് ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും; ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ എച്ച് എച്ച് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ; എച്ച് എച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി; അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ എച്ച് എച്ച് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സഹിഷ്ണുത, സഹവർത്തിത്വം മന്ത്രി; മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ഈ അവസരത്തില്‍ സന്നിഹിതരായിരുന്നു.

എമിറാറ്റികൾ നേടിയ ഈ മുന്നേറ്റത്തിൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അഭിമാനം പ്രകടിപ്പിച്ചു. ഈദ് അൽ അദാ ആഘോഷിക്കുന്നതിനിടെ ടീമിനെ ബഹുമാനിക്കാനുള്ള താല്പര്യത്തിന് അദ്ദേഹം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ പ്രശംസിച്ചു.

"ഈദ് ആഘോഷത്തിന് ഒരു പുതിയ രസം ചേർത്ത എന്റെ സഹോദരനും സുഹൃത്തും ആയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നമ്മുടെ കഠിനാധ്വാനികളായ എമിറാറ്റികളുടെ വിജയം ആഘോഷിക്കുന്നതിനുള്ള അവസരമാണിത്."

"എല്ലാ കഠിനമായ യാത്രകൾക്കും ശേഷം, ഒരു ഇടവേളയുണ്ട്. ഓരോ നേട്ടത്തിനും ശേഷം ആഘോഷിക്കാൻ സമയമുണ്ട്. മഹത്തായ എമിറാത്തി നേട്ടമായ മാർസ് ഹോപ്പ് പ്രോബിന്റെ പേരില്‍ സന്തോഷിക്കേണ്ട ദിനമാണ് ഇന്ന്. ഇന്ന് ടീമിനും ജനങ്ങൾക്കും ആഘോഷത്തിന്റെ ദിനമാണ് ആറ് വർഷമായി തുടരുന്ന നിങ്ങളുടെ പരിശ്രമങ്ങൾക്ക് നന്ദി പറയുന്ന ഒരു ദിവസം, "ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് തുടർന്നു.

"മിഷൻ ടീമിനെ സംബന്ധിച്ചിടത്തോളം, ഒരു മികച്ച യാത്ര ആരംഭിച്ചുവെന്ന് ഞാൻ പറയുന്നു. യുഎഇയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. നമ്മുടെ ഭാവിയെക്കുറിച്ച് ഞാൻ വളരെ ശുഭാപ്തി വിശ്വാസിയും പോസിറ്റീവുമാണ്, കാരണം യുഎഇയിൽ നാം പറയുന്നത് ചെയ്യുന്നു, നാം ചെയ്യുന്നത് നാം പറയുകയും ചെയ്യുന്നു, "അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രോബ് ടീം, ബഹുമാനപ്പെട്ട സുപ്രീം കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്സ് ഭരണാധികാരികൾ, യുഎഇയിലെ ജനങ്ങൾ എന്നിവർക്ക് രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ഈദ് അൽ-അദാ ആശംസകൾ പങ്കുവെച്ചു.

ഈ അവസരത്തിൽ എമിറാറ്റികൾക്ക് കൂടുതൽ സന്തോഷവും വിജയവും അദ്ദേഹം ആശംസിച്ചു.

യുഎഇയുടെ നേതൃത്വത്തെയും ജ്യോതിശാസ്ത്രത്തിലും ബഹിരാകാശ മേഖലകളിലും അറബികളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള കഴിവിനെയും പ്രതിഫലിപ്പിക്കുന്ന ഒരു സാംസ്കാരിക നേട്ടമാണ് ഹോപ്പ് പ്രോബിന്റെ വിജയകരമായ വിക്ഷേപണം എന്ന് എച്ച് എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.

എച്ച്. എച്ച്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു "അസാധ്യമായത് അറിയാത്ത ശക്തമായ ഇച്ഛാശക്തിയുടെയും നേതൃത്വത്തിൻറെയും പ്രതീകമാണ് അദ്ദേഹം, മാത്രമല്ല വിവിധ മേഖലകളിൽ എല്ലായ്പ്പോഴും ഒന്നാം സ്ഥാനം തേടുന്ന സ്ഥിരമായ അഭിലാഷത്തിന്റെ ഉറവിടവുമാണ്."

ഹോപ്പ് പ്രോബ് ടീമിനെ അഭിസംബോധന ചെയ്തുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു, "ഞങ്ങൾ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, മികച്ച, ഏറ്റവും അറിവുള്ള, വികസിത വ്യക്തിത്വമുള്ള, യോഗ്യതയുള്ളവരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്ന എമിറാത്തി യുവാക്കൾക്ക് നിങ്ങൾ ഒരു മാതൃകയാണ്. നിങ്ങൾ ലോകത്തിന് എമിറാറ്റിയുടെയും അറബ് യുവാക്കളുടെയും ഒരു നല്ല ചിത്രം അവതരിപ്പിച്ചു. നിങ്ങളും മറ്റ് എല്ലാ മേഖലകളിലെയും മറ്റ് ദേശീയ കേഡർമാരും ഭാവിയിലേക്കുള്ള ഞങ്ങളുടെ യഥാർത്ഥ, വിജയ സാധ്യതയാണ്. "

"എമിറാത്തി ബഹിരാകാശ പദ്ധതിയും മറ്റ് ഗുണപരമായ വികസന പദ്ധതികളും കൈവരിച്ച വിജയങ്ങൾ, പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള ശരിയായ പാതയിലാണെന്ന് നമ്മളെന്ന് ഊ ന്നിപ്പറയുന്നു. തടസ്സങ്ങള്‍ നമ്മളെ തളര്‍ത്തുകയല്ല, മറിച്ച് വെല്ലുവിളിയുടെ മനോഭാവത്തെ ഉത്തേജിപ്പിക്കുകയും കൂടുതൽ വികസനത്തിന് നമ്മളെ പ്രേരിപ്പിക്കുകയും ചെയ്തു.

ടീമിലെ ഓരോ അംഗത്തിനും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് എന്നിവർ ഒപ്പിട്ട വ്യക്തിഗത "നന്ദി" സന്ദേശവും ഈ എമിറാത്തി, അറബ് നേട്ടത്തില്‍ അവരുടെ പങ്ക് അംഗീകരിച്ചുകൊണ്ട് രണ്ട് നേതാക്കളുടെയും ഒപ്പുകളുള്ള ഫലകവും ലഭിച്ചു.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫയുടെ നിർദേശപ്രകാരം സമാരംഭിച്ച എമിറേറ്റ്സ് മാർസ് മിഷൻ യാത്രയെക്കുറിച്ചും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെയും പിന്തുണയും വിശദീകരിക്കുന്ന ഒരു വീഡിയോ പ്രദര്‍ശിപ്പിച്ചു.

2020 ജൂലൈ 20 തിങ്കളാഴ്ച പുലർച്ചെ 1:58 ന് (യുഎഇ സമയം) ചൊവ്വയിലേക്കുള്ള ഐതിഹാസിക യാത്രയുടെ തുടക്കം കുറിച്ച് ആദ്യത്തെ അറബ് ഇന്റർപ്ലാനറ്ററി ദൗത്യമായ ഹോപ് പ്രോബ് ആകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടു.

ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇത് പറന്നുയര്‍ന്നു, ഇപ്പോൾ മുതൽ ഏകദേശം 200 ദിവസത്തിനുള്ളിൽ, ഇത് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി റെഡ് പ്ലാനറ്റിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യം ആരംഭിക്കും.

2021 ന്റെ ആദ്യ പാദത്തിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഹോപ് പ്രോബ് യുഎഇയുടെ അമ്പതാം വാർഷികം അവിസ്മരണീയമാക്കും. ഏഴ് മാസമെടുക്കുന്ന ഈ യാത്രയിൽ ഇത് 493 ദശലക്ഷം കിലോമീറ്റർ ബഹിരാകാശത്തേക്ക് സഞ്ചരിക്കുകയും ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ആദ്യത്തെ യഥാർത്ഥ ചിത്രം നൽകുന്നതിന് റെഡ് പ്ലാനറ്റിനെ 687 ദിവസത്തെ, ഒരു മുഴുവൻ ചൊവ്വ വർഷം, ചുറ്റുകയും ചെയ്യും.

ചൊവ്വയിലെ കാലാവസ്ഥയെക്കുറിച്ച് ദിവസേനയുള്ളതും കാലാനുസൃതവുമായ ചക്രങ്ങളിലുടനീളം ആദ്യമായി പഠിക്കുന്ന ദൌത്യം ഇതാണ്. ഭൂമിയിലെ ഹ്രസ്വവും പ്രാദേശികവുമായ പൊടി കൊടുങ്കാറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചുവന്ന ഗ്രഹത്തെ വലയം ചെയ്യുന്നതായി അറിയപ്പെടുന്ന കൂറ്റൻ പൊടി കൊടുങ്കാറ്റുകൾ പോലുള്ള ചൊവ്വയിലെ കാലാവസ്ഥാ പ്രതിഭാസങ്ങൾ ഇത് നിരീക്ഷിക്കും.

ഇന്നത്തെ ചൊവ്വയിലെ കാലാവസ്ഥയും ചുവന്ന ഗ്രഹത്തിന്റെ പുരാതന കാലാവസ്ഥയും തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യുന്നത് ഭൂമിയുടെ ഭൂതകാലത്തെയും ഭാവിയെയും പറ്റിയും ചൊവ്വയിലെയും മറ്റ് വിദൂര ഗ്രഹങ്ങളിലെയും ജീവിത സാധ്യതകളെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ച നൽകും.

പ്രോബ് യു‌എ‌ഇയിലെ സയൻസ് ഡാറ്റാ സെന്ററിലേക്ക് ലോകമെമ്പാടുമുള്ള വിവിധ ഗ്രൌണ്ട് സ്റ്റേഷനുകൾ വഴി പുതിയ ചൊവ്വ ഡാറ്റ ശേഖരിക്കുകയും തിരികെ അയയ്ക്കുകയും ചെയ്യും. ഈ ഡാറ്റ എമിറേറ്റ്സ് മാർസ് മിഷൻ സയൻസ് ടീം ക്രമീകരിക്കുകയും വിശകലനം ചെയ്യുകയും മനുഷ്യരാശിക്കുള്ള സേവനമെന്ന നിലയില്‍ അന്താരാഷ്ട്ര ചൊവ്വ ശാസ്ത്ര സമൂഹവുമായി സൌജന്യമായി പങ്കിടുകയും ചെയ്യും.

എമിറേറ്റ്സ് മാർസ് മിഷൻ ടീമിന്റെ മറ്റ് നേട്ടങ്ങളില്‍ 200 പുതിയ ഡിസൈനുകൾ വികസിപ്പിക്കൽ, യുഎഇയിൽ പ്രോബിന്റെ 66 ഘടകങ്ങളുടെ നിർമ്മാണം, പദ്ധതിയെക്കുറിച്ച് 51 ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം, കൂടാതെ മിഷന്റെ ശാസ്ത്രീയവും അക്കാദമികവുമായ പ്രോഗ്രാമുകൾ വഴി 60,000 പങ്കാളികൾക്ക് പ്രയോജനം എന്നിവ ഉള്‍പ്പെടുന്നു.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302859549

WAM/Malayalam