ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 4:03:15 am

മെസ്ൻസാറ്റ് സാറ്റലൈറ്റ് - ബഹിരാകാശ രംഗത്തെ പുതിയ എമിറാത്തി നേട്ടം


അബുദാബി, 2020 സെപ്റ്റംബർ 13 (WAM) - ബഹിരാകാശ മേഖലയിലെ നേട്ടങ്ങൾ തുടര്‍ന്നുകൊണ്ട് യുഎഇ അടുത്തു തന്നെ തന്നെ റഷ്യൻ സോയൂസ് റോക്കറ്റിൽ മെസ്ൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കും.

യുഎഇയുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ ഉപഗ്രഹങ്ങളുടെ പട്ടികയിൽ അധികം താമസിക്കാതെ മെസ്ൻസാറ്റ് കൂടി ചേർക്കാം.

ഈ റിപ്പോർട്ടിൽ, എമിറേറ്റ്സ് ന്യൂസ് ഏജൻസി, WAM, യുഎഇയിലെ നിരവധി പ്രഗത്ഭരായ യുവജനങ്ങളെ പങ്കെടുപ്പിച്ചും പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും സാറ്റലൈറ്റുകള്‍ വികസിപ്പിക്കാനായി രാജ്യം പതിറ്റാണ്ടുകളായി നടത്തിയ ശ്രമങ്ങളെ എടുത്തുകാണിക്കുന്നു.

ഉയർന്ന ശേഷിയുള്ള നിരവധി ഉപഗ്രഹങ്ങൾ യു‌എഇയ്ക്കു സ്വന്തമായുണ്ട്. 2008 ൽ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്നതിനായി മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ആദ്യമായി "ദുബായ് സാറ്റ് -1"വിക്ഷേപിച്ചു.

2013 ൽ നിരീക്ഷണത്തിനും മേല്‍നോട്ടത്തിനുമായി "ദുബായ് സാറ്റ് -2" ലോഞ്ച് ചെയ്തു, കേന്ദ്രത്തിൽ നിന്നുള്ള എമിറാത്തി എഞ്ചിനീയർമാർ അതിന്റെ വികസനത്തിന് സഹായിച്ചു.

ടിവി പ്രോഗ്രാമുകൾ പ്രക്ഷേപണം ചെയ്യുക, 62 ദശലക്ഷം പ്രേക്ഷകർക്ക് മറ്റ് വാണിജ്യ സേവനങ്ങൾ നൽകുക തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെ അൽ യാ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് കമ്പനി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമാണ് "യാ -1".

മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ, മധ്യ, തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ വിവിധ കോർപ്പറേഷനുകൾക്കും വ്യക്തികൾക്കും "യാക്ലിക്ക്" സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി 2012 ൽ "യാ -2" വിക്ഷേപിച്ചു.

2018 ൽ, ദക്ഷിണ അമേരിക്കയിലും പശ്ചിമ ആഫ്രിക്കയിലും സമാന സേവനങ്ങൾ നൽകുന്നതിനായി "യാ -3"ലോഞ്ച് ചെയ്തു.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 2017 ൽ ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ നാനോമെട്രിക് ഉപഗ്രഹവും ആദ്യത്തെ "ക്യൂബ് സാറ്റ്" എമിറാത്തി വിദ്യാഭ്യാസ ഉപഗ്രഹവുമായിരുന്നു "നായിഫ് -1", അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റര്‍ എന്നിവയിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് ഇത് വികസിപ്പിച്ചെടുത്തത്.

യുഎഇയിൽ പൂർണ്ണമായും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്ത ആദ്യത്തെ ഉപഗ്രഹമായ "ഖലീഫാസാറ്റ്", 2018 ഒക്ടോബറിൽ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു.

"സാറ്റലൈറ്റ് 813" എന്നറിയപ്പെടുന്ന ആദ്യത്തെ സംയുക്ത അറബ് ഉപഗ്രഹവും യുഎഇ വികസിപ്പിക്കുന്നു.

യുഎഇ ബഹിരാകാശ ഏജൻസി പ്രകാരം, ഖലീഫ യൂണിവേഴ്സിറ്റി, റാസ് അൽ ഖൈമയിലെ അമേരിക്കൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള യുവ എമിറാത്തി പൗരന്മാരാണ് മെസ്ൻസാറ്റ് വികസിപ്പിക്കുന്നത്, വിക്ഷേപണത്തെ തുടര്‍ന്ന് ഖലീഫ സർവകലാശാലയിലെ യാഹ്‌സാറ്റ് ലാബിലെ മെയിൻ ലാന്റ് സ്റ്റേഷനിലേക്കും അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ സബ് ലാൻഡ് സ്റ്റേഷനിലേക്കും അയക്കപ്പെടുന്ന ഡാറ്റ അവര്‍ തന്നെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും.

അന്തരീക്ഷം വിശകലനം ചെയ്യുന്നതിലും ഗ്രഹത്തെ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന വിവരങ്ങളും ഫോട്ടോകളും നൽകുന്നതിലും മെസ്ൻസാറ്റ് പ്രധാന പങ്ക് വഹിക്കുമെന്ന് പദ്ധതിയുടെ പ്രഖ്യാപന വേളയിൽ ഏജൻസി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് നാസർ അൽ അഹ്ബാബി ഊന്നിപ്പറഞ്ഞു.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302869584

WAM/Malayalam