ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 2:00:07 am

സമാധാനത്തിന് ധൈര്യം ആവശ്യമാണ്, ഭാവി രൂപപ്പെടുത്തുന്നതിന് അറിവ് ആവശ്യമാണ്: അബ്ദുല്ല ബിൻ സായിദ്

  • كلمة عبدالله بن زايد خلال مراسم توقيع معاهدة السلام مع دولة إسرائيل
  • توقيع " معاهدة السلام " بين الإمارات و إسرائيل و " إعلان دعم السلام " بين البحرين و إسرائيل
  • كلمة عبدالله بن زايد خلال مراسم توقيع معاهدة السلام مع دولة إسرائيل
വീഡിയോ ചിത്രം

അബുദാബി, 15 സെപ്റ്റംബർ 2020 (WAM) - സമാധാനത്തിന് ധൈര്യം ആവശ്യമാണ്, ഭാവി രൂപപ്പെടുത്തുന്നതിന് അറിവ് ആവശ്യമാണ്, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി എച്ച് എച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രസ്താവിച്ചു.

ഇന്ന് വാഷിംഗ്ടണിലെ വൈറ്റ് ഹൌസിൽ നടന്ന യുഎഇ-ഇസ്രായേൽ സമാധാന കരാർ ഒപ്പിടൽ ചടങ്ങിൽ നടത്തിയ പരാമർശത്തിൽ ഷെയ്ഖ് അബ്ദുല്ല പറഞ്ഞു: "ഇതാണ് ഞങ്ങളുടെ സമീപനമെന്നും സമാധാനമാണ് ഞങ്ങളെ നയിക്കുന്ന തത്വമെന്നും ലോകത്തോട് പറയാൻ ഞങ്ങൾ ഇന്ന് എത്തിയിരിക്കുന്നു.

പ്രസ്താവനയുടെ പൂർണരൂപം ചുവടെ കൊടുക്കുന്നു: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മഹതികളേ, മാന്യന്മാരേ , നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ നേതൃത്വത്തിന്റെയും ജനങ്ങളുടെയും, പ്രത്യേകിച്ച്, ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ആശംസകൾ അറിയിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

സമാധാനത്തിന്റെ ഒരു ഹസ്തദാനം നല്കാനും സമാധാനത്തിന്റെ ഒരു ഹസ്തദാനം സ്വീകരിക്കാനും ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നു.

ഞങ്ങളുടെ വിശ്വാസത്തിൽ, "ദൈവമേ, നീ സമാധാനമാണ്, നിന്നില്‍ നിന്ന് ഞങ്ങള്‍ക്ക് സമാധാനം" എന്ന് ഞങ്ങൾ പറയുന്നു. സമാധാനത്തിനായുള്ള അന്വേഷണം ഒരു സ്വതസിദ്ധമായ തത്വമാണ്, തത്വങ്ങൾ പ്രവർത്തനമായി രൂപാന്തരപ്പെടുമ്പോഴാണ് അവ പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാകുന്നത്.

ഇന്ന്, മിഡിൽ ഈസ്റ്റിന്റെ ഹൃദയത്തിലെ ഒരു മാറ്റത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്, ലോകമെമ്പാടും പ്രത്യാശ പകരുന്ന ഒരു മാറ്റം.

ഇവിടെയെത്താൻ കഠിനമായും ആത്മാർത്ഥമായും പരിശ്രമിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സംഘത്തിന്റെയും ശ്രമം കൂടാതെ ഈ സംരംഭം സാധ്യമാകുമായിരുന്നില്ല, പ്രത്യേകിച്ച് എന്റെ കൌണ്ടര്‍ പാര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്നർ, ഈ പ്രധാന നേട്ടം സാക്ഷാത്കരിക്കാൻ പരിശ്രമിച്ച യുണൈറ്റഡ് സ്റ്റേറ്റ്സിലെ സമാധാനത്തോട് ആത്മാർത്ഥസമീപനമുള്ള എല്ലാവര്‍ക്കും: നന്ദി.

ഫലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് നിർത്തിയതിന് ഇസ്രായേൽ സ്റ്റേറ്റ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും ഞാൻ നന്ദി പറയുന്നു, വരും തലമുറകൾക്ക് മെച്ചപ്പെട്ട ഭാവി കൈവരിക്കാന്‍ നാം പങ്കിടുന്ന ഇച്ഛാശക്തിയെ ശക്തിപ്പെടുത്തുന്ന ഒരു തീരുമാനമാണത്.

മഹതികളേ, മാന്യന്മാരേ , മിഡിൽ ഈസ്റ്റിന് ഒരു മികച്ച പാത തുറക്കുന്ന ഒരു പുതിയ പ്രവണതയ്ക്ക് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നു.

അമേരിക്കൻ ഐക്യനാടുകൾ, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുടെ ചരിത്രപരമായ നേട്ടമായ ഈ സമാധാന കരാർ തുടർന്നും ഗുണകരമായ സ്വാധീനം ചെലുത്തും, കാരണം അതിന്റെ പ്രതിഫലനങ്ങൾ മുഴുവൻ പ്രദേശത്തും ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സമാധാനം ഒഴികെയുള്ള എല്ലാ ഓപ്ഷനുകളും നാശത്തെയും ദാരിദ്ര്യത്തെയും മനുഷ്യന്റെ കഷ്ടപ്പാടുകളെയും സൂചിപ്പിക്കുന്നു.

യുവത്വത്തിന്റെ ഊർജ്ജം നിറഞ്ഞ ഒരു പ്രദേശത്തിന്റെ ഭാവിക്കായി ഇന്ന് നാം കണ്ടുമുട്ടുമ്പോൾ രൂപം കൊള്ളാൻ തുടങ്ങുന്ന ഈ പുതിയ ദർശനം രാഷ്ട്രീയ നേട്ടത്തിനായുള്ള വെറും ഒരു മുദ്രാവാക്യമല്ല, കാരണം കൂടുതൽ സുസ്ഥിരവും സമൃദ്ധവും സുരക്ഷിതവുമായ ഒരു ഭാവി സൃഷ്ടിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.

ശാസ്ത്രം ഏറ്റവും സ്വധീനം ചെലുത്തുന്ന ഒരു കാലഘട്ടത്തിൽ, ഈ മഹത്തായ മാനുഷിക പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ മേഖലയിലെ യുവാക്കൾ ഉറ്റുനോക്കുകയാണ്.

സമാധാനം, അഭിവൃദ്ധി, ഭാവി എന്നിവ ആഗ്രഹിക്കുന്നവർക്ക് അവസരത്തിന്റെ വാതിലുകൾ തുറക്കുന്ന ഒരു പുതിയ പരിഷ്കൃത സമീപനത്തിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സ്ഥിരതയിലേക്കും മനുഷ്യ ശേഷിയുടെ വളർച്ചയിലേക്കുമുള്ള വേഗത കൂട്ടുന്ന നീക്കത്തിന്റെ ഭാഗമാകുന്നതില്‍ ഞങ്ങൾക്ക് സന്തോഷമുണ്ട്.

അടിസ്ഥാന സൌകര്യങ്ങൾ, ദൃഢമായ സമ്പദ്‌വ്യവസ്ഥ, പശ്ചിമേഷ്യയുടെ ഭാവി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന ശാസ്ത്രീയ നേട്ടങ്ങൾ എന്നിങ്ങനെ ആധുനിക മനുഷ്യവികസനത്തിന്റെ അടിത്തറ ഇന്ന് നമ്മുടെ സമൂഹങ്ങളിൽ ഉണ്ട്.

മിസ്റ്റർ പ്രസിഡന്റ്, മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ പങ്ക് പോസിറ്റീവ് ആണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിശ്വസിക്കുന്നു, ഈ വിശ്വാസത്തിന് തെളിവാണ് ഞങ്ങൾ ഇന്ന് വൈറ്റ്ഹൌസില്‍ ഒപ്പിടുന്ന ഈ കരാർ, നിങ്ങൾ അതിന് നേതൃത്വം നൽകി, ലോകമെമ്പാടുമുള്ള സമാധാനപ്രിയരായ എല്ലാ ആളുകൾക്കും ഇത് മനുഷ്യ ചരിത്രത്തിലെ ഒരു ദീപസ്‌തംഭമായി വര്‍ത്തിക്കും.

യുണൈറ്റഡ് അറബ് എമിറേറ്റിലെ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ കരാർ ഫലസ്തീൻ ജനതയ്‌ക്കൊപ്പം തുടര്‍ന്നും നിലകൊള്ളാനും സുസ്ഥിരവും സമ്പന്നവുമായ ഒരു പ്രദേശത്ത്, ഒരു സ്വതന്ത്ര രാഷ്ട്രത്തിനായുള്ള അവരുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാനും സഹായിക്കും.

അറബ് രാജ്യങ്ങൾ ഇസ്രായേലുമായി മുന്‍പ്ഒപ്പുവച്ച സമാധാന കരാറുകളുടെ തുടര്‍ച്ചയാണ് ഈ കരാർ.

ഈ ഉടമ്പടികളുടെയെല്ലാം ലക്ഷ്യം സ്ഥിരതയ്ക്കും സുസ്ഥിര വികസനത്തിനുമായി പ്രവർത്തിക്കുക എന്നതാണ്.

മഹതികളേ, മാന്യരേ, കോവിഡ് -19 പാൻഡെമിക്കിന്റെ പ്രത്യാഘാതങ്ങൾ ലോകം അനുഭവിക്കുന്ന ഈ ദുഷ്‌കരമായ വർഷത്തിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് അതിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് സ്ഥാപിച്ച മാനുഷിക പ്രതിബദ്ധതകളില്‍ ഉറച്ചുനില്‍ക്കുന്നു. മതപരമോ വംശീയമോ ആയ കാര്യങ്ങള്‍ കണക്കിലെടുക്കാതെ, മറ്റുള്ളവരോടൊപ്പം നിൽക്കുന്നത് മാനുഷികമായ കടമയും ഉറച്ച തത്വവുമാണ് എന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.

ഈ ദുഷ്‌കരമായ സമയത്ത്, ചൊവ്വയിലേക്ക് ഒരു പ്രോബ് വിക്ഷേപിക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് കഴിഞ്ഞു.

ഗവൺമെന്റും ജനങ്ങളും ശാസ്ത്രത്തെ സ്വീകരിച്ചാൽ നമ്മുടെ പ്രദേശത്തിന് പുരോഗതിക്കും മുന്നേറ്റത്തിനും പ്രാപ്തിയുണ്ടെന്ന പ്രതീക്ഷയെ 'ഹോപ്പ് പ്രോബ്' പ്രതിനിധീകരിക്കുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് കഴിഞ്ഞ വർഷം ബഹിരാകാശയാത്രി ഹസ്സ അൽ മൻസൂരിയെ ആദ്യത്തെ അറബ് ബഹിരാകാശയാത്രികനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുകയും, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഒരു ആണവ നിലയം ആരംഭിക്കുകയും ചെയ്തു, അതിനുശേഷം വരുന്ന ഈ കരാർ, ഈ മേഖലയിൽ സമഗ്രമായ സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നു.

മഹതികളേ, മാന്യരേ, സമാധാനത്തിന് ധൈര്യം ആവശ്യമാണ്, ഭാവി രൂപപ്പെടുത്തുന്നതിന് അറിവ് ആവശ്യമാണ്.

രാഷ്ട്രങ്ങളുടെ മുന്നേറ്റത്തിന് ആത്മാർത്ഥതയും സ്ഥിരോത്സാഹവും ആവശ്യമാണ്.

ഇതാണ് ഞങ്ങളുടെ സമീപനമെന്നും സമാധാനമാണ് ഞങ്ങളെ നയിക്കുന്ന തത്വമെന്നും ലോകത്തോട് പറയാൻ ഞങ്ങൾ ഇന്ന് വന്നിരിക്കുന്നു.

കാര്യങ്ങൾ നന്നായി തുടങ്ങുന്നവര്‍, ദൈവകൃപയാൽ മികച്ച നേട്ടങ്ങൾ കൊയ്യും.

നന്ദി.

WAM / പരിഭാഷ: Priya Shankar http://wam.ae/en/details/1395302870198

WAM/Malayalam