ശനിയാഴ്ച 26 സെപ്റ്റംബർ 2020 - 2:40:28 am

ഓസോൺ പാളി സംരക്ഷണത്തിന് യുഎഇയും ലോകത്തിനൊപ്പം ചേരുന്നു


അബുദാബി, 2020 സെപ്റ്റംബർ 15 (WAM) - എല്ലാ വർഷവും ഓസോൺ പാളി സംരക്ഷണത്തിനായി സെപ്റ്റംബർ 16 ന് ആചരിക്കുന്ന വാർഷിക അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നതിൽ യുഎഇ ലോകവുമായി ചേരും.

വാതകം കൊണ്ടുള്ള ദുർബലമായ പരിചയായ ഓസോൺ പാളി സൂര്യന്റെ കിരണങ്ങളുടെ ദോഷകരമായ ഘടകത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നു. അങ്ങനെ ഗ്രഹത്തിലെ ജീവൻ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.

ഓസോൺ പാളിക്ക് വിള്ളൽ വീഴ്ത്തുന്ന വസ്തുക്കൾ പുറത്തുവിടുന്ന ഉൽ‌പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും ആരോഗ്യ, പാരിസ്ഥിതിക, സാമ്പത്തിക അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും സഹായിക്കുന്നതിനായി ഐക്യരാഷ്ട്രസയുടെ ജനറൽ അസംബ്ലിയാണ് ഈ ദിനാചരണം ആരംഭിച്ചത്. ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്ന കൺവെൻഷന്റെ 35 വർഷം ഇത് ആഘോഷിക്കുന്നു.

‘ജീവനുവേണ്ടി ഓസോൺ’ എന്നതാവും അന്നത്തെ മുദ്രാവാക്യം. അത് ഓസോൺ ഭൂമിയിലെ ജീവന് നിർണായകമാണെന്നു മാത്രമല്ല, ഭാവി തലമുറകൾക്കായി ഓസോൺ പാളി സംരക്ഷിക്കുന്നത് തുടരണമെന്നും ലോകത്തെ ഓർമ്മിപ്പിക്കുന്നു.

ഓസോൺ പാളിക്കു വിള്ളൽ വരുത്തുന്ന വസ്തുക്കളുടെ നിയന്ത്രിത ഉപയോഗത്തിന്റെ ആദ്യഘട്ടവും അനുബന്ധ കുറവുകളും ഈ തലമുറയ്ക്കും ഭാവിതലമുറയ്ക്കുമായി ഓസോൺ പാളി സംരക്ഷിക്കാൻ സഹായിച്ചുവെന്ന് മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കാനുള്ള ആഗോള ശ്രമങ്ങൾക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും യുഎൻ പറയുന്നു. ദോഷകരമായ അൾട്രാവയലറ്റ് വികിരണം ഭൂമിയിൽ എത്തുന്നത് പരിമിതപ്പെടുത്തിക്കൊണ്ട് മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതി വ്യവസ്ഥകളെയും ഇത് സംരക്ഷിച്ചു.

പ്രധാന ആഗോള പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഏക മാർഗ്ഗം ശാസ്ത്രം നയിക്കുന്ന കൂട്ടായ തീരുമാനങ്ങളും പ്രവർത്തനവുമാണെന്ന് ഈ ദിനാചരണം വ്യക്തമാക്കുന്നു.

ദോഷകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഗ്രഹത്തെ സംരക്ഷിക്കാനുള്ള കഴിവ് വീണ്ടെടുക്കാൻ ഓസോൺ പാളിക്ക് വന്ന വിള്ളൽ പരിഹരിക്കുക ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ പങ്കെടുത്ത ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

ഓസോൺ പാളി സംരക്ഷിക്കുന്നതിനുള്ള വിയന്ന കൺവെൻഷനും ഓസോൺ പാളി കുറയ്ക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട മോൺട്രിയൽ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട്, അതുപോലെ തന്നെ നിയമങ്ങൾ തയ്യാറാക്കുന്നതിനും ഓസോൺ ശോഷണം വരുത്തുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിലും ഈ പദാർത്ഥങ്ങളുടെ ഉത്പാദനം നിയന്ത്രിക്കുന്ന സമയവായങ്ങൾ നടപ്പാക്കുന്നതിലും യുഎഇയുടെ ശ്രമങ്ങൾ കേന്ദ്രീകരിച്ചു. കൂടാതെ, ഓസോൺ ശോഷണം വരുത്തുന്ന വസ്തുക്കളുടെ അനധികൃത കച്ചവടത്തെ യുഎഇ എതിർത്തു.

ഓസോൺ പാളിയും മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടി യുഎഇ 1989 ൽ വിയന്ന കൺവെൻഷനിലും മോൺട്രിയൽ പ്രോട്ടോക്കോളിലും ചേർന്നു. യുഎഇ കാബിനറ്റ് പ്രമേയം നമ്പർ 11/204 പ്രകാരവും, 2014 ലെ പ്രമേയം നമ്പർ 26 ന്റെ ഭാഗമായി യുഎഇ മന്ത്രിസഭ അംഗീകരിച്ച നാഷനൽ റെജീം ഓഫ് ഓസോൺ ഡിപ്ലീറ്റിങ്ങ് സബ്സ്റ്റൻസസ് ന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് യു‌എ‌ഇ ഈ ശ്രമങ്ങളുടെ ഭാഗമായി.

2015 നവംബറിൽ യുഎഇ ദുബായിൽ നടന്ന മോൺട്രിയൽ പ്രോട്ടോക്കോളിന്റെ അംഗരാജ്യങ്ങളുടെ 27-ാമത് മീറ്റിംഗിന് ആതിഥേയത്വം വഹിച്ചു. 196 രാജ്യങ്ങളിൽ പങ്കെടുത്ത അമ്പതിലധികം മന്ത്രിമാർ, അന്താരാഷ്ട്ര വ്യക്തികൾ, പരിസ്ഥിതി, തൊഴിൽ, സാമ്പത്തിക, വ്യവസായ മേഖലകളിലെ ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളുടെ തലവൻമാർ. യുഎൻ ഏജൻസികൾ, സ്വകാര്യ മേഖല, സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, പ്രാദേശിക സംഘടനകൾ എന്നിവയെ പ്രതിനിധീകരിച്ച് അഞ്ഞൂറിലധികം മുതിർന്ന വ്യക്തികളുടെ പങ്കാളിത്തവും ഇതിന് സാക്ഷ്യം വഹിച്ചു.

സെപ്റ്റംബർ തുടക്കത്തിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം പൊതിജനങ്ങൾക്ക് അക്സസ്സുള്ള ഒരു ദേശീയ വായു നിലവാര പ്ലാറ്റ്ഫോം ആരംഭിച്ചു.

വായു മലിനീകരണ നിയന്ത്രണത്തെക്കുറിച്ചുള്ള നയങ്ങൾ വികസിപ്പിക്കാൻ ഇത് അധികാരികളെ സഹായിക്കുകയും ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ ഒന്നിലധികം മേഖലകൾക്ക് പ്രയോജനം ചെയ്യും.

യുഎഇയിലുടനീളമുള്ള 31 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ നിന്ന് ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് കളർ-കോഡെഡ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.

WAM/ Translation: Ambily Sivan http://www.wam.ae/en/details/1395302870062

WAM/Malayalam