ചൊവ്വാഴ്ച 24 നവംബർ 2020 - 11:14:22 am

യുഎഇ ‘ദുരന്ത നിവാരണ അന്താരാഷ്ട്ര ദിനം’ ആഘോഷിച്ചു


അബുദാബി, 2020 ഒക്ടോബർ 13 (WAM) - ഒക്ടോബർ 13 ന് വാർഷികമായി ആചരിച്ചു വരുന്ന ദുരന്ത ലഘൂകരണ അന്താരാഷ്ട്ര ദിനാഘോഷത്തിൽ യുഎഇ ലോകത്തോടൊപ്പം ചേർന്നു.

അപകടസാധ്യത-അവബോധത്തിന്റെയും ദുരന്ത ലഘൂകരണത്തിന്റെയും ആഗോള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഒരു ദിവസം ആചരിക്കണമെന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ ആഹ്വാനത്തെത്തുടർന്നാണ് 1989-ൽ അന്താരാഷ്ട്ര ദുരന്ത സാധ്യതാ ലഘൂകരണ ദിനാചരണം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള ആളുകളും സമൂഹങ്ങളും ദുരന്തങ്ങളോടുള്ള സമ്പർക്കം കുറയ്ക്കുന്നതും അവർ അഭിമുഖീകരിക്കുന്ന അപകടസാധ്യതകളിൽ തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതും എങ്ങനെയെന്നതിന് പ്രാധാന്യം നൽകി എല്ലാ വർഷവും ഒക്ടോബർ 13 ന് ദിനാചരണം നടക്കുന്നു.

ദുരന്ത സാധ്യതാ മാനേജ്മെന്റിന് ആക്കം നൽകുക, ദുരന്തം മൂലമുള്ള നഷ്ടങ്ങൾ കുറയ്ക്കുക, ദുരന്തസാധ്യത കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്തുക, ജീവൻ രക്ഷിക്കുക എന്നിവ ലക്ഷ്യമിട്ട് 2016 ൽ യുഎൻ ‘സെൻഡായ് സെവൻ’ കാമ്പയിൻ ആരംഭിച്ചു.

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സെൻഡായ് ചട്ടക്കൂടിന്റെ അടുത്ത ഏഴു വർഷങ്ങളിലെ നടപ്പാക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സംരംഭമാണ് സെൻഡായ് സെവൻ കാമ്പെയ്ൻ, യുഎൻ അംഗരാജ്യങ്ങൾ 2015 ൽ വടക്കൻ ജാപ്പനീസ് നഗരത്തിൽ വച്ചാണ് ഇത് അംഗീകരിച്ചത്, ശേഷം പേരും നൽകി. ജീവിതം, ഉപജീവനം, ആരോഗ്യം കൂടാതെ വ്യക്തികൾ, ബിസിനസുകൾ, കമ്മ്യൂണിറ്റികൾ, രാജ്യങ്ങൾ എന്നിവയുടെ സാമ്പത്തിക, ശാരീരിക, സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക സ്വത്തുക്കൾ എന്നിവയിലെ ദുരന്തസാധ്യതകളും നഷ്ടങ്ങളും ഗണ്യമായി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രവർത്തനങ്ങൾക്കുള്ള ഏഴ് ലക്ഷ്യസ്ഥാനങ്ങളും നാല് മുൻഗണനകളും ഇതിലുൾപ്പെടുന്നു.

പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിശ്വാസത്തിന്റെ വെളിച്ചത്തിൽ യുഎഇ പ്രാദേശികമായും അന്തർദ്ദേശീയമായും സന്നദ്ധതയിലും ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒരു ആഗോള മാതൃകയാണ്.

രാജ്യത്തിന്റെ ലക്ഷ്യങ്ങൾക്കും ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സെൻഡായ് ഫ്രെയിം വർക്ക് 2015-2030 നും അനുസൃതമായി സമഗ്രമായ ദേശീയ അടിയന്തിര, പ്രതിസന്ധി സംവിധാനം സ്ഥാപിക്കുന്നതിൽ യുഎഇ നൂതനവും പ്രാദേശികവും ആഗോളവുമായ ഒരു സ്ഥാനം വഹിക്കുന്നു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇരകൾക്ക് മേൽ നിരവധി പ്രദേശങ്ങൾ സാക്ഷ്യം വഹിച്ച ദുരന്തങ്ങളുടെയും മാനുഷിക പ്രതിസന്ധികളുടെയും പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് യുഎഇ കാര്യമായ ശ്രമങ്ങൾ നടത്തുന്നു, കൂടാതെ ദുരിതാശ്വാസ സഹായം നൽകുകയും ഇരകൾക്ക് ലിംഗ, വംശ, മത ഭേദമന്യേ പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.

കൊറോണ വൈറസ്, കോവിഡ് -19, മഹാമാരി എന്നിവ മൂലമുണ്ടായ അസാധാരണമായ സാഹചര്യങ്ങൾക്കിടയിലും 2020 ൽ യുഎഇ അതിന്റെ മാനുഷിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന നിരവധി പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു. ഓസ്‌ട്രേലിയയിൽ ഉണ്ടായ മുൾപടർപ്പു തീപിടുത്തവും പാകിസ്ഥാൻ, സൊമാലിയ, ബംഗ്ലാദേശ്, യെമൻ, സുഡാൻ എന്നിവിടങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കവും മൂലം ദുരിതം ബാധിച്ചവർക്ക് രാജ്യം എല്ലാത്തരം മാനുഷിക പിന്തുണയും ദുരിതാശ്വാസ സഹായവും നൽകി.

"ദുരന്തസാധ്യത കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തിൽ ആവർത്തിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കോവിഡ് -19 മഹാമാരി കാരണമായി." യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്റെ സന്ദേശത്തിൽ പറഞ്ഞു.

"കഴിഞ്ഞ രണ്ട് ദശകങ്ങളായി അതിശക്തമായ രീതിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ വർദ്ധിച്ചിട്ടുണ്ട്. എന്നിട്ടും, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നശീകരണവും കുറയ്ക്കുന്നതിൽകാര്യമായ പുരോഗതി കാണുന്നില്ല."

"നല്ല രീതിയിലുള്ള ദുരന്തസാധ്യതാ കൈകാര്യം ചെയ്യലിന്റെ അഭാവം മൂലം മോശം സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും, മറ്റെല്ലാ പരിഗണനകൾക്കും ഉപരിയായി നാം പൊതുനന്മ സ്ഥാപിക്കണം. ഈ കാരണങ്ങളാലും അതിലേറെ കാര്യങ്ങളാലും, ഈ വർഷത്തെ അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനം ലക്ഷ്യം വയ്ക്കുന്നത്, സുരക്ഷിതവും കൂടുതൽ ഊർജ്ജസ്വലവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് വേണ്ടി ദുരന്ത സാധ്യതാ നടത്തിപ്പ് ശക്തിപ്പെടുത്തുന്നതിലാണ്.'' അദ്ദേഹം ഊന്നിപ്പറഞ്ഞു.

WAM/പരിഭാഷ: Ambily Kalayil http://www.wam.ae/en/details/1395302877065

WAM/Malayalam