ഞായറാഴ്ച 29 നവംബർ 2020 - 5:56:51 am

മൊറോക്കോയിലെ ലായൗണിൽ യുഎഇ കോൺസുലേറ്റ് തുറക്കുമെന്ന് മുഹമ്മദ് ബിൻ സായിദ്


അബുദാബി, 2020 ഒക്ടോബർ 28 (WAM) - പടിഞ്ഞാറൻ സഹാറയിലെ മൊറോക്കൻ പ്രവിശ്യയായ ലയൗൺ നഗരത്തിൽ കോൺസുലേറ്റ് ജനറൽ ആരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

പ്രാദേശികവും അന്തർദ്ദേശീയവുമായ സാഹചര്യങ്ങളിൽ യുഎഇയ്ക്ക് മൊറോക്കോയുമായുള്ള ഉറച്ച നിലപാടിന്റെ നേർസാക്ഷ്യത്തിന്റെ ഉത്തമോദാഹരണമാണ് ഈ തീരുമാനമെന്ന് മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമനുമായുള്ള ഫോൺ സംഭാഷണത്തിനിടെ ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയെ പിന്തുണയ്ക്കുന്ന ചരിത്രപരമായ ഈ തീരുമാനത്തിനും പ്രത്യേകിച്ച് "ഗ്രീൻ മാർച്ചിൽ" യുഎഇ പങ്കെടുത്തതിനുമുള്ള നന്ദിയും അഭിനന്ദനവും മൊറോക്കൻ രാജാവ് ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു, .

മൊറോക്കോയുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഉറച്ച നിലപാടാണ് യുഎഇയ്ക്കുള്ളതെന്ന് വ്യക്തമാക്കിയ രാജാവ് തെക്കൻ പ്രവിശ്യകളിൽ കോൺസുലേറ്റ് ജനറൽ തുറക്കുന്ന ആദ്യ അറബ് രാജ്യം എന്ന നിലയിൽ യുഎഇയോട് അഗാധമായ ആദരവ് പ്രകടിപ്പിച്ചു.

മുഹമ്മദ് ആറാമൻ രാജാവിന്റെ നേതൃത്വത്തെ അഭിനന്ദിച്ച ഷെയ്ഖ് മുഹമ്മദ്, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര ബന്ധത്തെയും സംയുക്ത സഹകരണത്തെയും പറ്റി ഊന്നിപ്പറഞ്ഞു.

WAM/Ambily http://www.wam.ae/en/details/1395302881320

WAM/Malayalam