ചൊവ്വാഴ്ച 24 നവംബർ 2020 - 9:54:30 am

ADNOC സിഇഒ യുഎഇ-ഇന്ത്യ ഊർജ്ജ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം തേടുന്നു


അബുദാബി, 2020 ഒക്ടോബർ 27 (WAM) - വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനി, ADNOC ന്റെ ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വെർച്വൽ സെഷനിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള അടുത്തതും ആഴത്തിലുള്ളതുമായ സാമ്പത്തിക ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു.

NITI ആയോഗും ഇന്ത്യയിലെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും സംഘടിപ്പിച്ച അഞ്ചാം വാർഷിക റൌണ്ട് ടേബിളിൽ, പ്രധാനമന്ത്രി മോദിയും പ്രമുഖ ആഗോള എണ്ണ, വാതക സിഇഒമാരും തമ്മിലുള്ള സംവേദനാത്മക സെഷനിൽ സംസാരിച്ച ഡോ. അൽ ജാബർ ഇന്ത്യ എല്ലായ്പ്പോഴും യുഎഇയുടെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളായും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിലൊരാളായും തുടരുമെന്ന് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം അടുത്ത കാലത്തായി, പ്രത്യേകിച്ച് ഊർജ്ജ മേഖലയിൽ ശക്തിപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

" ഇന്ന്, ഇന്ത്യൻ കമ്പനികൾ അബുദാബിയിലെ പ്രധാന കൺസഷൻ ആൻഡ് എക്സ്പ്ലോറേഷൻ പങ്കാളികളിൽ ചിലതാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമ്പോൾ, കൂടുതല്‍ മെച്ചപ്പെട്ട പങ്കാളിത്തത്തിന്, ഞങ്ങളുടെ ഡൌൺസ്ട്രീം പോർട്ട്‌ഫോളിയോയിലുടനീളം കാര്യമായ പുതിയ അവസരങ്ങൾ ഞാൻ കാണുന്നു. ഞങ്ങളുടെ ഹൈഡ്രോകാർബൺ മൂല്യ ശൃംഖലയിലുടനീളം കൂടുതൽ ഇന്ത്യൻ കമ്പനികളുമായുള്ള പങ്കാളിത്തം പര്യവേക്ഷണം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

"ഒരു സാമ്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ച ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഉപഭോക്താക്കളിൽ ഒരാളായി അതിന്റെ സ്ഥാനം ഉറപ്പിച്ചു. വാസ്തവത്തിൽ, ഇത് ADNOC ന്റെ രണ്ടാമത്തെ വലിയ വിപണിയെ പ്രതിനിധീകരിക്കുന്നു. വളർച്ചയ്‌ക്കായുള്ള ഇന്ത്യയുടെ അഭിലാഷങ്ങളുടെ വിപുലീകരണത്തിന് അനുസൃതമായി, ഞങ്ങൾ കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സ്ഥാനമാണിത്, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ADNOC തയ്യാറാണ്, "ഡോ. അൽ ജാബർ പറഞ്ഞു.

ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവുകളുടെ പ്രധാന വിതരണക്കാരൻ എന്ന നിലയിൽ ADNOC അഭിമാനിക്കുന്നുവെന്നും ഈ തന്ത്രപരമായ കരുതൽ പങ്കാളിത്തത്തിന്റെ വാണിജ്യപരമായ വ്യാപ്തിയും വലുപ്പവും വികസിപ്പിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, അസംസ്കൃത, ശുദ്ധീകരിച്ച, പെട്രോകെമിക്കൽ ഉൽ‌പന്നങ്ങളുടെ പ്രധാന വളർച്ചാ വിപണിയായ ഇന്ത്യയുമായുള്ള തന്ത്രപരമായ ഊർജ്ജ ബന്ധം ADNOC വർദ്ധിപ്പിച്ചു. ഇതിന് പുറമേ, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നിർമ്മിക്കാൻ പോകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറി, പെട്രോകെമിക്കൽസ് പദ്ധതികളിലൊന്നില്‍ ADNOC ഒരു പങ്കാളിയാണ്.

ഊർജ്ജമേഖലയിൽ ഇന്ത്യയ്ക്കും യുഎഇയ്ക്കും പ്രയോജനകരമായ അവസരങ്ങള്‍ ഇനിയും ധാരാളമുണ്ടെന്ന് വിശ്വസിക്കുന്നതായി ഡോ. അൽ ജാബർ പറഞ്ഞു.

"ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ വേഗത വർദ്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നിലധികം മേഖലകളിലൂടെ ഞങ്ങളുടെ ബന്ധം വിപുലീകരിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു, നിലനിൽക്കുന്ന ഏത് തടസ്സവും നീക്കംചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്."ഡോ. അൽ ജാബർ പറഞ്ഞു.

ഇന്ററാക്ടീവ് സെഷന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന പ്രസംഗവും ഇന്ത്യൻ പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാന്റെ ആമുഖവും ഉണ്ടായിരുന്നു. മികച്ച രീതികൾ മനസിലാക്കുന്നതിനും പരിഷ്കാരങ്ങൾ ചർച്ച ചെയ്യുന്നതിനും ഇന്ത്യൻ എണ്ണ, വാതക മൂല്യ ശൃംഖലയിലേക്കുള്ള നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ വെളിപ്പെടുത്തുന്നതിനുമുള്ള ഒരു ആഗോള പ്ലാറ്റ്ഫോം എന്നതാണ് റൌണ്ട് ടേബിളിന്റെ ലക്ഷ്യം.

സൗദി അറേബ്യയിലെ ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ; അമേരിക്കൻ ഐക്യനാടുകളിലെ ഊർജ്ജ സെക്രട്ടറി ഡാൻ ബ്രൌലെറ്റ്; ടോട്ടല്‍ ചെയർമാനും സിഇഒയുമായ പാട്രിക് പൌയാൻ; ബെർണാഡ് ലൂണി, സിഇഒ, ബിപി; മുഹമ്മദ് സാനുസി ബാർക്കിൻഡോ, സെക്രട്ടറി ജനറൽ, ഒപെക്; ലോറെൻസോ സൈമനെല്ലി, ചെയർമാന്‍, സിഇഒ, ബേക്കർ ഹ്യൂസ്; പെട്രോനാസ് പ്രസിഡന്റും ഗ്രൂപ്പ് സിഇഒയുമായ ടെങ്‌കു മുഹമ്മദ് തൌഫിക്; ഡാനിയൽ യെർജിൻ, വൈസ് ചെയർമാൻ, IHS മാർക്കിറ്റ്; NITI ആയോഗ് സി‌ഇ‌ഒ അമിതാഭ് കാന്ത് എന്നിവര്‍ സംസാരിച്ചു.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302881008

WAM/Malayalam