ഞായറാഴ്ച 29 നവംബർ 2020 - 5:25:48 am

അബുദാബിയും ഒമാൻ സുൽത്താനേറ്റും തമ്മിൽ അഞ്ച് വർഷത്തില്‍ AED23.67 ബില്യൺ വ്യാപാരം


അബുദാബി, 18 നവംബർ 2020 (WAM) -- എമിറേറ്റ് തുറമുഖങ്ങളിലൂടെ അബുദാബി എമിറേറ്റും ഒമാൻ സുൽത്താനേറ്റും തമ്മിലുള്ള എണ്ണ ഇതര വ്യാപാര വിനിമയത്തിന്റെ അളവ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 23.67 ബില്യൺ ഡോളറിലെത്തി, ഇത് സുസ്ഥിര വികസന പ്രക്രിയയെ മെച്ചപ്പെടുത്തുന്ന തരത്തിൽ രണ്ട് സഹോദരരാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സാമ്പത്തിക ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു, അബുദാബിയിലെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അഭിപ്രായപ്പെട്ടു.

ഒമാൻ സുൽത്താനേറ്റുമായുള്ള അബുദാബിയുടെ വിദേശ വ്യാപാരം AED 8.34 ബില്യൺ മൂല്യമുള്ള ഇറക്കുമതി,AED 8.08 ബില്യൺ മൂല്യമുള്ള കയറ്റുമതി, AED7.25 ബില്യൺ മൂല്യമുള്ള പുനർ കയറ്റുമതി എന്നിങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഈ വർഷത്തെ ആദ്യ പത്ത് മാസങ്ങളിൽ അബുദാബി ഒമാനുമായി നടത്തിയ വ്യാപാരം AED 4.55 ബില്യൺ ആണ്, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 ശതമാനം വർധന.

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും നിർദ്ദേശങ്ങൾക്കനുസൃതമായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമായി ഏകോപിപ്പിച്ച്, അതിർത്തി ഔട്ട്ലെറ്റുകൾ വഴി മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒമാൻ സഹോദരരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും അബുദാബിയിലെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.

എല്ലാവരുടെയും സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും അവരെ കൊറോണ വൈറസിൽ നിന്ന് (COVID-19) സംരക്ഷിക്കുന്നതിനും സഹായിക്കുന്ന മുൻകരുതൽ നടപടികൾക്കിടയിലാണ് ഒമാൻ സുൽത്താനേറ്റിലെ പൗരന്മാരെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിരിക്കുന്നതെന്നും അബുദാബി കസ്റ്റംസ് കൂട്ടിച്ചേർത്തു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ജനറൽ ഡയറക്ടർ റാഷിദ് ലാഹെജ് അൽ മൻസൂരി പറഞ്ഞു: "ഒമാൻ സുൽത്താനേറ്റിന്റെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് സുൽത്താനേറ്റ് നേതൃത്വത്തിനും ജനങ്ങൾക്കും ഞങ്ങളുടെ ഊഷ്മളമായ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും അറിയിക്കുന്നു. ശക്തമായ എമിറാത്തി-ഒമാനി ബന്ധങ്ങൾ, സഹോദരങ്ങൾ തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളുടെ സവിശേഷമായ മാതൃകയെ പ്രതിനിധീകരിക്കുന്നു."

അബുദാബിയും ഒമാൻ സുൽത്താനേറ്റും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വ്യാപാരം രണ്ട് ജനതകളുടെ നേട്ടത്തിനും അഭിവൃദ്ധിക്കും വേണ്ടി രണ്ട് സഹോദരരാജ്യങ്ങളുടെ നേതൃത്വത്തിന്റെ പിന്തുണയാൽ നയിക്കപ്പെടുന്ന തന്ത്രപരമായ പങ്കാളിത്തത്തില്‍ നിന്ന് കരുത്താര്‍ജ്ജിക്കുന്നു.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302887724

WAM/Malayalam