ചൊവ്വാഴ്ച 24 നവംബർ 2020 - 12:10:05 am

ആരോഗ്യ മന്ത്രാലയവും ഷാർജ ഇസ്ലാമിക് ബാങ്കും ചേര്‍ന്ന് പുതിയ ഡയാലിസിസ് സൗകര്യം വികസിപ്പിക്കുന്നു


ഷാർജ, 2020 നവംബർ 21 (WAM) - ഷാർജയിൽ ഒരു ഡയാലിസിസ് സെന്റർ വികസിപ്പിക്കുന്നതിനായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം, MoHAP, ഷാർജ ഇസ്ലാമിക് ബാങ്കുമായി ധാരണാപത്രം ഒപ്പിട്ടു.

രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും പരസ്പര സഹകരണവും ഉയർത്തുവാനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്, ഏറ്റവും പുതിയ അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസരിച്ച് സാങ്കേതികമായി മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ നേടാൻ ഇത് രോഗികളെ സഹായിക്കും. വൃക്കരോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.

ഷാർജ ഇസ്ലാമിക് ബാങ്കിന്റെ ആസ്ഥാനത്ത് വെച്ച് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. യൂസിഫ് മുഹമ്മദ് അൽ സെർക്കലും ഷാർജ ഇസ്ലാമിക് ബാങ്ക് സിഇഒ മുഹമ്മദ് അഹമ്മദ് അബ്ദുല്ലയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.

രാജ്യത്തെ മറ്റ് സ്ഥാപനങ്ങളുമായുള്ള കമ്മ്യൂണിറ്റി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാർജ ഇസ്ലാമിക് ബാങ്കുമായി ധാരണാപത്രം ഒപ്പുവെക്കുന്നതെന്നും ജനങ്ങളെ സേവിക്കുന്നതില്‍ ഫലപ്രദമായി സഹകരിക്കാനുള്ള ഇരു സ്ഥാപനങ്ങളുടെയും താൽപര്യം ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ഡോ. ​​അൽ സെർക്കൽ സ്ഥിരീകരിച്ചു. സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകാനും ഡയാലിസിസ് സേവനങ്ങളിലേക്ക് രോഗികളുടെ പ്രവേശനം ത്വരിതപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതികളെ ഇത് പിന്തുണയ്ക്കുന്നു.

കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുന്നതിലൂടെയും മെഡിക്കൽ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിലൂടെയും രോഗികൾക്ക് വ്യത്യസ്ത ആരോഗ്യ സേവനങ്ങൾ നൽകുന്നതിലൂടെയും രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാരം കുറയ്ക്കാൻ പുതിയ സൗകര്യം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡയാലിസിസ് രോഗികൾക്ക് മന്ത്രാലയം നൽകുന്ന വിശിഷ്ട സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. യുഎഇയിലും മിഡിൽ ഈസ്റ്റിലും ആദ്യമായി പുതിയ ഓട്ടോമേറ്റഡ് പെരിറ്റോണിയൽ ഡയാലിസിസ് സംവിധാനം "ഹോംചോയ്സ് ക്ലാരിയ" MoHAP കഴിഞ്ഞ വർഷം ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍ ക്ലൗഡിനെ അടിസ്ഥാനമാക്കി ഹോം ഹെമോഡയാലിസിസ് സെഷനുകൾ വിദൂരമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആരോഗ്യസംരക്ഷണ ദാതാക്കളെ ഈ സംവിധാനം പ്രാപ്തമാക്കുന്നു.

പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന നൂതനവും സുസ്ഥിരവുമായ മാർഗങ്ങളെ അടിസ്ഥാനമാക്കി സമഗ്രവും സംയോജിതവുമായ ആരോഗ്യ പരിരക്ഷ നൽകുന്നതിനുള്ള വിവേകമുള്ള നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമാണ് മന്ത്രാലയവുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്ന് അബ്ദുല്ല പറഞ്ഞു.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302888429

WAM/Malayalam