തിങ്കളാഴ്ച 25 ജനുവരി 2021 - 2:48:56 am

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംയുക്ത അറബ് നടപടിയെ പിന്തുണയ്ക്കാൻ യുഎഇ പ്രതിജ്ഞാബദ്ധം: അഹമ്മദ് അൽ ഫലാസി


അബു ദാബി, 4 ജനുവരി, 2021 (WAM) - അറബ് രാജ്യങ്ങളിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംയുക്ത നടപടികളെ പിന്തുണയ്ക്കുന്നതിനൊപ്പം അറബ് ടൂറിസത്തിന്റെ പുരോഗതിക്കായി സുസ്ഥിരമായ ഒരു റോഡ് മാപ്പ് സ്ഥാപിക്കാൻ യുഎഇയുടെ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് എൻ്റർപ്രണർഷിപ്പ്, എസ്എംഇ കാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബെൽ‌ഹോൾ അൽ ഫലാസി അഭിപ്രായപ്പെട്ടു.

അറബ് മിനിസ്റ്റീരിയൽ കൗൺസിൽ ഫോർ ടൂറിസത്തിന്റെ 23-ാമത് പതിവ് യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അറബ് രാജ്യങ്ങളിലെ ടൂറിസം ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.

കോവിഡ്-19 പകർച്ചവ്യാധി മൂലം ലോകം നേരിടുന്ന പ്രത്യാഘാതങ്ങൾക്കിടയിൽ ടൂറിസം മേഖലയെ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത പ്രവർത്തനത്തിനായി പുതിയതും ഫലപ്രദവുമായ ചട്ടക്കൂടുകൾ തയ്യാറാക്കാൻ കൗൺസിൽ യോഗങ്ങളിലൂടെ ഏകോപനം സാധ്യമാക്കുന്നതിൻ്റെ പ്രാധാന്യം ഡോ. അൽ ഫലാസി എടുത്തുപറഞ്ഞു.

ടൂറിസം സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ചട്ടക്കൂടിൽ ടൂറിസം സംരംഭങ്ങൾ ആരംഭിക്കുക, ഈ മേഖലയിലെ ജീവനക്കാരെ സഹായിക്കുക, പങ്കാളികളായ രാജ്യങ്ങളുമായി സുരക്ഷിതമായ യാത്രാ മാർഗങ്ങൾ സ്ഥാപിക്കുക തുടങ്ങി ടൂറിസം മേഖലയുടെ വീണ്ടെടുക്കലിനും വളർച്ചയ്ക്കും പിന്തുണ നൽകുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി യുഎഇ സ്വീകരിച്ച നടപടികളും സംരംഭങ്ങളും അൽ ഫലാസി വിശദീകരിച്ചു.

ആഭ്യന്തര ടൂറിസത്തെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളും രാജ്യം അടുത്തിടെ നടപ്പാക്കിയ ആഭ്യന്തര ടൂറിസം നയവും പുതിയ ഏകീകൃത ടൂറിസം ഐഡന്റിറ്റിയും യുഎഇയെ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര പ്രാദേശിക, അന്തർദേശീയ ടൂറിസം ലക്ഷ്യസ്ഥാനമായി അതിന്റെ മുൻനിര സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.

പലസ്തീൻ ടൂറിസത്തെ പിന്തുണയ്ക്കുക, അറബ് ടൂറിസത്തെയും യാത്രാ മേഖലയെയും പുനരുജ്ജീവിപ്പിക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുക, ഈ മേഖലയിൽ പ്രവർത്തിക്കുന്ന അറബ് മാനവ വിഭവശേഷിയ്ക്ക് പരിശീലിനം നൽകുക എന്നിവയുൾപ്പെടെ ടൂറിസം മേഖലയിലെ അറബ് സഹകരണവും ഏകീകരണവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കൗൺസിലിന്റെ 23-ാമത് യോഗത്തിൽ ചർച്ച ചെയ്തു.

WAM/ Ambily http://www.wam.ae/en/details/1395302899410

WAM/Malayalam