ബുധനാഴ്ച 20 ജനുവരി 2021 - 2:51:09 pm

ദുബായ് കോവിഡ് ഉത്തേജക പാക്കേജ് 7.1 ബില്യൺ ദിർഹമായി ഉയർത്തി


ദുബായ്, ജനുവരി 6, 2021 (WAM) -- വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 315 ദശലക്ഷം ദിനാറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് പുറത്തിറക്കി.

പുതിയ പാക്കേജു കൂടി വന്നതോടെ എമിറേറ്റ് സർക്കാർ അവതരിപ്പിച്ച ഉത്തേജകങ്ങളുടെ ആകെത്തുക 7.1 ബില്ല്യൺ ദിനാർ ആയി ഉയർന്നു.

ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് ഇക്കണോമിക് സപ്പോർട്ട് കമ്മിറ്റിയുടെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് പുതിയ ഉത്തേജക പാക്കേജ് പുറത്തിക്കാൻ തീരുമാനമുണ്ടായത്. ദുബായിലെ എല്ലാ സാമ്പത്തിക-ബിസിനസ് മേഖലകളെയും പിന്തുണയ്ക്കുന്നത് തുടരുകയെന്നതായിരുന്നു എക്സിക്യുട്ടീവ് കൌൺസിലിന്റെ സെക്കൻഡ് ഡെപ്യൂട്ടി ചെയർമാൻ കൂടിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തീരുമാനം. 2021 ജനുവരി മുതൽ ജൺ വരെയുള്ള ആറു മാസത്തേക്കുകൂടി മുൻ ഉത്തേജക പാക്കേജിൽ പ്രഖ്യാപിക്കപ്പെട്ട ചില കാര്യങ്ങൾ തുടരുന്നതിന് 315 ദശലക്ഷം ദിനാറിന്റെ ഈ പാക്കേജ് വഴിയൊരുക്കും.

"ഈ അസാധാരണമായ സാഹചര്യങ്ങൾക്കിടയിൽ മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഫലപ്രദമായി ലഘൂകരിക്കുന്നതിനുള്ള നയരൂപീകരണത്തിനായി ദുബായ് സർക്കാർ നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളെയും വിവിധ സംഭവവികാസങ്ങളെയും വിലയിരുത്തുന്നത് തുടരുകയാണ്," ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ചടങ്ങിൽ വെച്ച് പ്രസ്താവിച്ചു.

ആഗോള പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും സാമ്പത്തിക മേഖലകളുടെ വീണ്ടെടുക്കൽ വേഗത വർദ്ധിപ്പിക്കുന്നതിനും ബിസിനസ്സ് തുടർച്ച ഉറപ്പാക്കുന്നതിനും ആവശ്യമായ ഗവൺമെന്റിന്റെ ശ്രമങ്ങൾ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ലോകമാകമാനം പകർച്ചവ്യാധി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും, നമ്മുടെ സമ്പദ്‌വ്യവസ്ഥ ക്രമാനുഗതമായി തിരിച്ചുവരികയാണ്. സാമ്പത്തിക മികവ് കൈവരിക്കാനും വിവിധ ബിസിനസ്സ് മേഖലകളുടെ വീണ്ടെടുക്കൽ ത്വരിതപ്പെടുത്താനും പ്രാപ്തരാക്കുന്ന കഴിവുകളും വിഭവങ്ങളും ഞങ്ങൾക്കുണ്ട്. അടുത്ത ഘട്ടം സംരംഭകർക്കും നിക്ഷേപകർക്കും പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," ഷെയ്ഖ് ഹംദാൻ പറഞ്ഞു.

ഷെയ്ഖ് ഹംദാൻ അംഗീകരിച്ച ഉത്തേജക പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരംഭങ്ങളിൽ 2020ലെ പാക്കേജിന്റെ ഗുണം ലഭിക്കാതിരുന്ന വാണിജ്യ സ്ഥാപനങ്ങളെയും ഹോട്ടലുകളെയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇവർക്ക് 2021ൽ മാർക്കറ്റ് ഫീസിൽ ഒറ്റത്തവണ ഇളവ് നൽകുന്നതാണ്.

ബീച്ച് ഇതര ഹോട്ടലുകൾക്കും അവരുടെ റെസ്റ്റോറന്റുകൾക്കും വിൽപ്പനാ ഫീസ്, ടൂറിസം ദിർഹം ഫീസ് എന്നിവയിൽ നിന്ന് 50% തിരികെ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ടൂറിസം, വിനോദം, ഇവന്റ്സ് മേഖലകളിൽ വിനോദ, കായിക പരിപാടികളും പ്രവർത്തനങ്ങളും മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ഈടാക്കിയിരുന്ന ഫീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഇളവുകൾ ഇനിയും തുടരും. കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവ മാറ്റി വെക്കുമ്പോഴും ഈ ഇളവ് ലഭിക്കും. ടിക്കറ്റ് വിൽ‌പനയിന്മേലും, പെർ‌മിറ്റുകൾ‌ നൽ‌കുന്നതിലും ഏർപ്പെടുത്തിയിരുന്ന ഫീസുകൾ ഒഴിവാക്കിയിരുന്നതും നീട്ടിയിട്ടുണ്ട്. വിനോദ പരിപാടികൾക്കും ബിസിനസ് ഇവന്റുകൾ‌ക്കും ഏർപ്പെടുത്തിയിരുന്ന സർക്കാർ ഫീസുകൾക്കുള്ള ഇളവും നീട്ടിയിട്ടുണ്ട്.

അംഗീകരിക്കപ്പെട്ട പുതിയ വ്യവസ്ഥകളനുസരിച്ച്, പാട്ടക്കരാർ പുതുക്കാതെ തന്നെ വാണിജ്യ ലൈസൻസുകൾ ഇനിയും പുതുക്കാൻ കഴിയും. ഓരോ മാസവും ലൈസൻസിംഗ് ഫീസ് സ്വീകരിക്കുന്നതിനും ലൈസൻസ് പുതുക്കുന്നതിനും 25% ഡൌൺ പേയ്മെന്റ് ആവശ്യമായിരുന്നത് റദ്ദാക്കിയ നടപടിയും തുടരുമെന്ന് പാക്കേജ് ഉറപ്പ് നൽകുന്നു. കൂടാതെ, നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്മെന്റിൽ നിന്ന് നിന്ന് ഭൂമി പാട്ടത്തിനെടുക്കുന്ന നഴ്സറികൾക്ക് ഭൂമി വാടക 50% കുറച്ചു നൽകുന്നത് തുടരും.

WAM/ Ambily http://www.wam.ae/en/details/1395302899900

WAM/Malayalam