ബുധനാഴ്ച 20 ജനുവരി 2021 - 3:15:04 pm

ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ ഗ്യാസ് സ്റ്റോറേജ് പദ്ധതിക്ക് തുടക്കമിട്ടു

  • مؤسسة نفط الشارقة الوطنية "سنوك" تطلق مشروعاً رائداً لتخزين الغاز
  • مؤسسة نفط الشارقة الوطنية "سنوك" تطلق مشروعاً رائداً لتخزين الغاز
  • مؤسسة نفط الشارقة الوطنية "سنوك" تطلق مشروعاً رائداً لتخزين الغاز

ഷാർജ, ജനുവരി 6, 2021 (WAM) -- ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷന്റെ (എസ്എൻ‌ഒസി) പുതിയ ഗ്യാസ് സംഭരണ പദ്ധതിക്ക് തുടക്കമായി. 2017ന്റെ തുടക്കം മുതൽ നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങൾ ഉപയോഗിച്ച് ഒരു ചെറിയ തോതിലുള്ള പൈലറ്റ് പ്രോഗ്രാം നടന്നു വന്നിരുന്നു. ഇതിന്റെ പിന്നാലെയാണ് പദ്ധതിക്ക് ആരംഭം കുറിച്ചിരിക്കുന്നത്.

പ്രക്ഷുബ്ധമായ ഒരു വർഷത്തിനു ശേഷം 2021 ജനുവരി 1നാണ് ആദ്യമായി വാതകം സംഭരണിയിലേക്ക് കൊണ്ടുവന്നത്. എസ്എൻഒസിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ യുഗത്തിന് തുടക്കമായി. കൃത്യസമയത്തും ബജറ്റിനുള്ളിൽ നിന്നുമാണ് പദ്ധതി പൂർത്തീകരിച്ചത്. 2019 ഡിസംബറിൽ ഇപിസി കരാർ നൽകി ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ചു.

ഈ പ്രോജക്റ്റ് പൂർത്തിയാകുന്നതോടെ എസ്‌എൻ‌സി ഒരു പുതിയ ബിസിനസ്സ് മേഖലയിലേക്ക് പ്രവേശിക്കും. കൂടാതെ ഷാർജയ്ക്കുള്ള ഗ്യാസ് വിതരണവും ഡിമാൻഡും സന്തുലിതമാക്കുന്നതിനും ഷാർജയുടെ ഊർജ്ജമേഖലയ്ക്ക് ആവശ്യമായ വിതരണപരമായ അയവ് ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും.

"കോവിഡ് -19 മഹാമാരി മൂലം പ്രാദേശിക-അന്തർദേശീയ വിതരണ ശൃംഖലകളിൽ നിന്നുണ്ടായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ഈ പദ്ധതിയുടെ പൂർത്തീകരണം ഒരു മികച്ച നേട്ടമാണ്. പ്രവർത്തനപരമോ സുരക്ഷാപരമോ പാരിസ്ഥിതികമോ ആയ പ്രശ്നങ്ങളില്ലാതെ ഇത് പൂർത്തിയാക്കി," എസ്എൻ‌ഒ‌സി സിഇഒ ഹതീം അൽ മോസ പറഞ്ഞു.

"ഈ പദ്ധതിയുടെ സമയോചിതമായ സമാരംഭം എസ്‌എൻ‌ഒ‌സിയെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു ബിസിനസ് വികസന പ്രവർത്തനമാണ്. വേനൽക്കാലത്തെ ഏറ്റവും ഉയർന്ന ആവശ്യം നിറവേറ്റുന്നതിനും ശൈത്യകാലത്ത് അധിക ഗ്യാസ് സംഭരിക്കുന്നതിനും ഊർജ്ജ സുരക്ഷയ്ക്കായി എളുപ്പത്തിൽ ലഭ്യമായ തന്ത്രപരമായ കരുതൽ ഊർജ സംരക്ഷണത്തിനും ഇത് ഞങ്ങളെ അനുവദിക്കുന്നു. അപ്രതീക്ഷിതമായ വിപണി പ്രശ്നങ്ങളോടും പ്രവർത്തനപരമായ പ്രശ്നങ്ങളോടും പ്രതികരിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു."

ഉയർന്ന മർദ്ദമുള്ള (എച്ച്പി) ഗ്യാസ് കംപ്രഷൻ യൂണിറ്റുകൾ സ്ഥാപിക്കുക, എച്ച്പി ഗ്യാസ് പൈപ് ലൈൻ, യൂട്ടിലിറ്റികൾ സപ്പോർട്ട് സൌകര്യങ്ങൾ എന്നിവ സ്ഥാപിക്കുക, നിലവിലുള്ള പ്ലാന്റുകളിലേക്കും കിണറുകളിലേക്കും മീറ്ററിംഗ് നടത്തി ടൈ-ഇന്നുകൾ സ്ഥാപിക്കുക എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ലോകോത്തര സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങളോടെ പൂർണ്ണമായും ഓട്ടോമേറ്റഡ് മോഡിൽ ഇത് പ്രവർത്തിക്കും. ഭാവിയിൽ വിപുലീകരണം സാധ്യമാകുന്ന വിധത്തിലാണ് പുതിയ ഇൻഫ്രാസ്ട്രക്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഷാർജയുടെ ഭരണാധികാരിയുടെ അമീരി ഉത്തരവിലൂടെയാണ് 2010ൽ ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ സ്ഥാപിതമായത്. എമിറേറ്റിന്റെ ഊർജ്ജ ആസ്തികളുടെ പര്യവേക്ഷണം, ഉത്പാദനം, എഞ്ചിനീയറിംഗ്, നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി കോർപ്പറേഷനെ ചുമതലപ്പെടുത്തി. പുതിയ മഹാനി ഫീൽഡിന് പുറമേ 50 ഓളം കിണറുകളും ഗ്യാസ് പ്രോസസ്സിംഗ് കോംപ്ലക്സും 2 ഹൈഡ്രോകാർബൺ ലിക്വിഡ് സ്റ്റോറേജ്, എക്‌സ്‌പോർട്ട് ടെർമിനലുകളും എസ്എൻ‌ഒസിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഇതിന്റെ സജാ സമുച്ചയം വടക്കൻ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഗ്യാസ് പൈപ്പ്ലൈനുകളുടെ കേന്ദ്രമാണ്.

WAM/ Ambily http://www.wam.ae/en/details/1395302899892

WAM/Malayalam