ബുധനാഴ്ച 20 ജനുവരി 2021 - 2:34:06 pm

അറ്റ്‍ലാന്റിക് കൌൺസിൽ ഗ്ലോബൽ എനർജി ഫോറം ജനുവരി 19 മുതൽ


അബുദാബി, ജനുവരി 12, 2021 (WAM) -- അറ്റ്‍ലാന്റിക് കൌൺസിൽ ഗ്ലോബൽ എനർജി ഫോറം ജനുവരി 19 മുതൽ മുതൽ 22 വരെ അബുദാബിയിൽ സംഘടിപ്പിക്കും. ഇത്തവണ തികച്ചും നൂതനമായ ഇന്ററാക്ടീവ് വെർച്വൽ ഫോർമാറ്റിലാണ് ഫോറം സംഘടിപ്പിക്കപ്പെടുക. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വ്യാവസായിക മേഖലയിലെ ഉദ്യോഗസ്ഥർ, ഊർജ്ജ മന്ത്രിമാർ, അറിയപ്പെടുന്ന ബുദ്ധിജീവികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ഫോറത്തിൽ നടപ്പ് വർഷത്തെ ഊർജ അജണ്ട തീരുമാനിക്കപ്പെടും.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഫോറം നടക്കുക.

"മുമ്പത്തേക്കാളും ഇപ്പോൾ സംഭാഷണവും സഹകരണവും വളരെ പ്രധാനമാണ്. മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത തരം വെല്ലുവിളികൾ നിലനിൽക്കെത്തന്നെ കോവിഡ്-19 അതിജീവനത്തിൽ നമ്മുടെ മേഖല ഒരു പ്രധാന പങ്ക് വഹിക്കും," ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയി പറഞ്ഞു .

"നമ്മുടെ വ്യവസായ മേഖലയുടെ ഭാവി ശക്തമായ ഗവേഷണ-വികസനം, നവീകരണം, സംയോജനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മുന്നിലുള്ള വെല്ലുവിളികളെ ഇങ്ങനെ വേണം നാം അതിജീവിക്കാൻ. മഹാമാരി നമ്മെ പഠിപ്പിച്ചത് സഹകരണാത്മകമായ ലക്ഷ്യങ്ങളുടെയും, എല്ലാവർക്കും സുസ്ഥിരവും സന്തുഷ്ടവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പങ്കാളികൾക്ക് സഹകരിക്കാനും ചർച്ചചെയ്യാനും ചർച്ചചെയ്യാനുമുള്ള ഒരു പ്രധാന വേദിയാണ് ഒരുക്കുന്നത്. നമ്മുടെ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരവും ഒരുക്കുന്നു."

നാല് ദിവസത്തെ കൺവെൻഷൻ എല്ലാ പ്രധാന സമയമേഖലകളിലുമുള്ള പ്രേക്ഷകർക്കായി തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ളവരിൽ നിന്നുള്ള പങ്കാളിത്തം അനുവദിക്കുന്ന രീതിയിലാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കുന്ന അറ്റ്‍ലാന്റിക് കൌൺസിൽ ഗ്ലോബൽ എനർജി ഫോറം വീണ്ടും അബുദാബി സുസ്ഥിരതാ വാരത്തിന്റെ ഭാഗമാകുകയാണ്.

"നിലവിലുള്ള മഹാമാരിയും അതിന്റെ സാമ്പത്തിക തിരിച്ചടിയും ഒരു ആഗോള ഊർജ പരിവർത്തനത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഡീകാർബണൈസേഷൻ, നൂതന ഊർജ്ജ സാങ്കേതികതകൾ എന്നിവയെ ലാക്കാക്കിയുള്ള മാറ്റത്തിനൊപ്പം ചില ഭൌമരാഷ്ട്രീയ മാറ്റങ്ങളും വരുന്നുണ്ട്" അറ്റ്‍ലാന്റിക് കൗൺസിൽ പ്രസിഡന്റും സിഇഒയുമായ ഫ്രെഡറിക് കെമ്പെ പറഞ്ഞു. "അബുദാബിയിൽ നേരിട്ട് ഒത്തുകൂടാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നുണ്ടെങ്കിലും, വെർച്വൽ ഗ്ലോബൽ ഫോർമാറ്റിന്റെ പ്രത്യേകത മൂലം ഊർജ്ജ വ്യവസായ പ്രമുഖർ, പ്രധാന തീരുമാനമെടുക്കുന്നവർ, അന്താരാഷ്ട്ര മാധ്യമങ്ങൾ തുടങ്ങിയവരുടെ അഭൂതപൂർവമായ പങ്കാളിത്തം ഉണ്ടാകും."

കോവിഡനന്തര ഊർജ വ്യവസ്ഥയുടെ വെല്ലുവിളികളും അവസരങ്ങളും ഫോറത്തിന്റെ പ്രത്യേക ആലോചനാ വിഷയങ്ങളിലൊന്നായിരിക്കും. അറ്റ്‍ലാന്റിക് കൗൺസിലിന്റെ ഗ്ലോബൽ എനർജി സെന്റർ ഇതാദ്യമായി ഒരു 'ആഗോള ഊർജ അജണ്ട' പുറത്തിറക്കും. കോവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യാവസായിക രംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രമുഖരായ ഊർജ്ജ വിദഗ്ധർ ഇതിൽ പങ്കുവെക്കും.

പുതിയ യുഎസ് ഭരണകൂടത്തിന്റെ ഊർജ്ജപരമായ മുൻ‌ഗണനകളും ചർച്ചയാകും. ഊർജ്ജപരമായ പരിവർത്തനത്തിൽ മധ്യേഷ്യയുടെ പങ്കും, കാലാവസ്ഥാ വ്യതിയാനത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും സമ്മേളനം പരിശോധിക്കും.

ഭാവിയിലെ ആഗോള ഊർജ്ജ ആവശ്യം നിറവേറ്റുന്നതിനും അന്താരാഷ്ട്ര എമിഷൻ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും എല്ലാത്തരം ഊർജ്ജത്തിലും ഗണ്യമായ നിക്ഷേപം ആവശ്യമാണെന്ന് മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലെ സിഇഒ മുസബ്ബെ അൽ കാബി പ്രസ്താവിച്ചു. "പുതിയ ഊർജ സാങ്കേതികതകളിൽ, ഹൈഡ്രജനിൽ പ്രത്യേകമായി വരാനിടയുള്ള സാധ്യതകൾ ഞങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കകയാണ്." അദ്ദേഹം പറഞ്ഞു.

ഊർജ്ജ, അടിസ്ഥാനവികസന മന്ത്രാലയം, അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC), മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, ആർബിസി കാപിറ്റൽ മാർക്കറ്റ്സ് എന്നിവയുമായി സഹകരിച്ചാണ് ഫോറം ചേരുന്നത്. സാമൻസ് എനർജിയാണ് സഹ അധ്യക്ഷത വഹിക്കുന്നു. സിഎൻബിസിയാണ് അന്താരാഷ്ട്ര മാധ്യമ പങ്കാളി.

2020 മാർച്ച് മുതൽ വിർച്വൽ ഇവന്റുകൾ ഹോസ്റ്റു ചെയ്തു വരികയാണ് അറ്റ്‍ലാന്റിക് കൗൺസിൽ. 400ഓളം പൊതുപരിപാടികൾ ഇതുവരെ സംഘടിപ്പിച്ചു. 1.8 ദശലക്ഷം വ്യൂസ് നേടി ഈ ഓൺലൈൻ പരിപാടികൾ. പുതിയ വെർച്വൽ ലോകത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തിയാകും അറ്റ്‍ലാന്റിക് കൗൺസിൽ ഗ്ലോബൽ എനർജി ഫോറത്തിന്റെ മുമ്പോട്ടുള്ള പോക്ക്.

WAM/Ambily http://wam.ae/en/details/1395302900923

WAM/Malayalam