Tue 12-01-2021 17:48 PM
അബുദാബി, ജനുവരി 12, 2021 (WAM) -- കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മഹാമാരിയെ മറികടന്ന് സാധാരണ ജീവിതത്തിലേക്ക് വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ഉത്ബോധിപ്പിക്കാൻ "#TogetherWeRecover" എന്ന ഹാഷ്ടാഗിൽ ഒരു സോഷ്യൽ മീഡിയ പ്രചാരണം സംഘടിപ്പിച്ച് യുഎഇ നിവാസികൾ.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി എമിറാത്തി പൗരന്മാരുടെയും നിവാസികളുടെയും സഹകരണം തേടുന്നതാണ് ഈ ജനകീയ ഇടപെടൽ.
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ജനങ്ങൾക്കിടയിൽ വാക്സിൻ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ സന്ദേശങ്ങൾ പങ്കുവെക്കുന്നുണ്ട്. പ്രധാനമായും മുതിർന്ന പൌരന്മാരെയും ഗുരുതര രോഗങ്ങളുള്ളവരെയും, വാക്സിൻ ആവശ്യമാണെന്ന തോന്നലുള്ള 18 വയസ്സിനു മുകളിലുള്ളവരെയുമാണ് ഈ പ്രചാരണങ്ങൾ ലക്ഷ്യമാക്കുന്നത്.
മഹാമാരിയ അഭിസംബോധന ചെയ്യുന്നതിൽ ലോകത്തിൽ ഏറ്റവും മികവ് പുലർത്തിയ രാജ്യങ്ങളിലൊന്നാണ് യുഎഇയെന്നും അത് രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയുടെ നേട്ടമാണെന്നും എൻസിഇഎംഎ ചൂണ്ടിക്കാട്ടി. കോവിഡ് വാക്സിൻ കർശനമായ ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലാണ് രാജ്യത്ത് അതിന് അനുമതി ലഭിച്ചിട്ടുള്ളത്.
ഇതേ ചട്ടക്കൂടിനു കീഴിൽ രാജ്യത്തുടനീളമുള്ള നിരവധി ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ സൌജന്യമായി ലഭ്യമാണെന്നും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ അവ ആർക്കും ലഭ്യമാകുന്നതാണെന്നും ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) ട്വിറ്ററിലൂടെ അറിയിച്ചു. വാക്സിൻ വാഗ്ദാനം ചെയ്യുന്ന ആശുപത്രികളുടെയും കേന്ദ്രങ്ങളുടെയും പേരുകളും പ്രഖ്യാപിച്ചു.
കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇയെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ആരോഗ്യ മേഖലാ വക്താവ് ഫരീദ അൽ ഹൊസാന പറഞ്ഞു. 2020 ഒക്ടോബറിലായിരുന്നു അത്. വാക്സിന്റെ കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും തെളിവുകളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി .
മുതിർന്ന പൗരന്മാർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും വാക്സിൻ സ്വീകരിക്കാൻ മുൻഗണന നൽകുന്നുണ്ട്. കാരണം അവർ അണുബാധയ്ക്ക് കൂടുതൽ വശപ്പെടാൻ സാധ്യതയുണ്ട്.
എമിറാത്തി പൗരന്മാരും താമസക്കാരും, വാക്സിൻ എടുക്കാനും സമൂഹ പ്രതിരോധം കൈവരിച്ച് വൈറസിനെ മറികടക്കാനുമുള്ള ആഗ്രഹം #TogetherWeRecover എന്ന ഹാഷ്ടാഗ് പ്രചരിപ്പിച്ച് പ്രകടിപ്പിക്കുകയാണ്. മഹാമാരിയെ പ്രതിരോധിക്കാനുള്ള യുഎഇയുടെയും അതിന്റെ നേതൃത്വത്തിന്റെയും ശ്രമങ്ങളിലും അവർ അഭിമാനം പ്രകടിപ്പിക്കുന്നു.
WAM/Ambily http://wam.ae/en/details/1395302900960