Tue 12-01-2021 17:50 PM
അബുദാബി, ജനുവരി 12, 2021 (WAM) -- പഹാംഗ് സംസ്ഥാനത്ത് 11 പ്രവിശ്യകളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ദുരിതാശ്വാസമെത്തിക്കണമെന്ന് അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി) ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ മലേഷ്യയിലുള്ള ഇആർസി പ്രതിനിധി സംഘത്തെ വിളിച്ചു ആവശ്യപ്പെട്ടു.
ഫോൺ കോളിനിടെ, മലേഷ്യയിലെ പ്രളയ ദുരിതാവസ്ഥയെക്കുറിച്ചും ഇആർസിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും ഷെയ്ഖ് ഹംദാനെ ബോധിപ്പിച്ചു.
മലേഷ്യയിൽ ഇആർസിയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം ശക്തമാക്കി ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ ലഘൂകരിക്കണമെന്നും, അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് നിർദ്ദേശിച്ചു.
പ്രകൃതി ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകളെ രക്ഷിക്കാനുള്ള യുഎഇയുടെയും അതിന്റെ നേതൃത്വത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ സഹായം. ദുരിതബാധിതരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് യുഎഇ ഇപ്പോൾ ശ്രമിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇആർസിയുടെ അനുബന്ധ പ്രവർത്തനങ്ങൾ ദുരന്തങ്ങളോടും അടിയന്തിര സാഹചര്യങ്ങളോടും അതിവേഗം പ്രതികരിച്ച് ജനങ്ങളുടെ ദുരിതം കുറയ്ക്കുകയും ജീവിത പരിതസ്ഥിതിയിൽ വേഗത്തിൽ മുന്നേറ്റമുണ്ടാക്കുകയും ചെയ്യുകയെന്ന അതിന്റെ നയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
WAM/Ambily http://wam.ae/en/details/1395302901051