ബുധനാഴ്ച 20 ജനുവരി 2021 - 1:13:52 pm

2021ലെ കോവിഡ് അതിജീവനം പരിസ്ഥിതി സൌഹൃദമുള്ളതാക്കാനുള്ള പദ്ധതികളുമായി ADSW


അബുദാബി, ജനുവരി 13, 2021 (WAM) -- സുസ്ഥിര വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ആഗോള വേദിയായ അബുദാബി സസ്റ്റൈനബിലിറ്റി വീക്ക് (എ.ഡി.എസ്.ഡബ്ല്യു) 2021 ജനുവരി 18 മുതൽ 21 വരെ നടക്കും. മസ്ദറിൽ വെർച്വലായാണ് ഇത്തവണ പരിപാടി നടക്കുന്നത്.

എ‌ഡി‌എസ്ഡബ്ല്യു സമ്മിറ്റ്, ഐറീന അസംബ്ലി, അബുദാബി സുസ്ഥിര ധനകാര്യ ഫോറം, അറ്റ്ലാന്റിക് കൗൺസിൽ ഗ്ലോബൽ എനർജി ഫോറം, യൂത്ത് 4 സസ്‌റ്റൈനബിലിറ്റി വെർച്വൽ ഫോറങ്ങൾ, വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റ് വെബിനാറുകൾ എന്നീ ഇന്നതതല വെർച്വൽ പരിപാടികൾ ADSW 2021ൽ നടക്കും.

"നമ്മുടെ സമ്പദ്‌വ്യവസ്ഥകളും വ്യവസായങ്ങളും മഹാമാരിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ തുടങ്ങുമ്പോൾ, ലക്ഷ്യങ്ങൾ സ്ഥാപിക്കാനും പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താനും സുസ്ഥിരമായ തിരിച്ചുവരവ് പ്രദാനം ചെയ്യുന്ന നയങ്ങൾ രൂപീകരിക്കാനും നമുക്കിപ്പോൾ അവസരമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തോടും സുസ്ഥിരതയോടും യുഎഇയുടെ സജീവവും പുരോഗമനപരവുമായ സമീപനമാണ് അബുദാബി സസ്റ്റൈനബിൾ വീക്ക് സാക്ഷാത്കരിക്കുന്നത്. ഉത്തരവാദിത്തമുള്ള, പ്രശ്നപരിഹാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന, ആഗോള പൗരനെന്ന നിലയിൽ യുഎഇയെ പ്രവൃത്തിപഥത്തിലെത്തിക്കാൻ കഴിയുന്ന സംഭാഷണങ്ങളിലേക്ക് നയിക്കാനും അബുദാബി സസ്റ്റൈനബിൾ വീക്ക് സഹായിക്കുന്നു": വ്യവസായ-അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും കാലാവസ്ഥാ വ്യതിയാനകാര്യ പ്രത്യേക സ്ഥാനപതിയും മസ്ദാർ ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.

ഡോ. അൽ ജാബർ എ.ഡി.എസ്.ഡബ്ല്യു ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തും. ഇതിൽ പ്രിൻസിപ്പാലിറ്റി ഓഫ് സ്റ്റേറ്റ് ഹെഡ് മൊണാക്കോയിലെ ഹിസ് സെറെൻ ഹൈനസ് പ്രിൻസ് ആൽബർട്ട് രണ്ടാമൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 70-ലധികം ഉന്നതരായ പ്രഭാഷകർ പങ്കെടുക്കും. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ ദേശീയ പുനഃസ്ഥാപനത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും.

ഏകദിന വെർച്വൽ എ.ഡി.എസ്.ഡബ്ല്യു ഉച്ചകോടിയിൽ കെബിഡബ്ല്യു വെൻ‌ചേഴ്സിന്റെ സ്ഥാപകനും സിഇഒയുമായ പ്രിൻസ് ഖാലിദ് ബിൻ അൽവാലിദ് ബിൻ തലാൽ അൽ സൌദ്; മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഖൽദൂൺ ഖലീഫ അൽ മുബാറക്; സിംഗപ്പൂർ റിപ്പബ്ലിക്കിന്റെ സുസ്ഥിരത-പരിസ്ഥിതി മന്ത്രി ഗ്രേസ് ഫു; കലിമാത് പബ്ലിഷിംഗ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഷെയ്ക ബോഡൂർ ബിന്ത് സുൽത്താൻ അൽ കാസിമി; അബുദാബി ഊർജ്ജ വകുപ്പ് ചെയർമാൻ അവൈദ മുർഷെഡ് അൽ മരാർ, ഐറീന ഡയറക്ടർ ജനറൽ ഫ്രാൻസെസ്കോ ലാ കമെറ; യുഎൻ-ആവാസ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ മൈമുന മുഹമ്മദ് ഷെരീഫ്; എച്ച്എസ്ബിസി ഹോൾഡിംഗ്സിന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നോയൽ ക്വിൻ; ബ്ലാക്ക് റോക്ക് ചെയർമാനും സിഇഒയുമായ ലോറൻസ് ഫിങ്ക്; മൈക്രോസോഫ്റ്റിന്റെ ചീഫ് എൻവയോൺമെന്റൽ ഓഫീസർ ഡോ. ലൂക്കാസ് ജോപ്പ, തുടങ്ങിയ നിരവധി ഉന്നതർ പങ്കെടുത്ത് പ്രഭാഷണം നടത്തും.

ജനുവരി 19ന് ന് വെർച്വലായി നടക്കുന്ന എ‌ഡി‌എസ്ഡബ്ല്യു ഉച്ചകോടിക്ക് മസ്ദർ ആതിഥേയത്വം വഹിക്കും. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള സെഷനുകൾ "ലിവ് ആൻഡ് മൂവ്" "കെയർ ആൻഡ് എൻഗേജ്", "വർക്ക് ആൻഡ് ഇൻവെസ്റ്റ്" എന്നിവയെ കേന്ദ്രീകരിച്ചാണ് നടക്കുക. കോവിഡനന്തര അതിജീവനം പാരിസ്ഥിതികാനുകൂലമാക്കുന്നതിനുള്ള സാമൂഹിക, സാമ്പത്തിക, സാങ്കേതിക അവസരങ്ങളെയാണ് ഇവയോരോന്നിലും ചർച്ച ചെയ്യുക.

"നൂതനവും സുസ്ഥിരവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ യുഎഇയുടെയും അബുദാബിയുടെയും കാഴ്ചപ്പാടിനോടുള്ള എ‌ഡി‌ജി‌എമ്മിന്റെ പ്രതിബദ്ധതയുടെ തെളിവാണ് അബുദാബി സസ്റ്റൈനബിലിറ്റി വീക്ക്. ലോകം ഒരു വീണ്ടെടുക്കലിനായി പരിശ്രമിക്കുമ്പോൾ, നമുക്കെല്ലാവർക്കും ജനങ്ങളുടെയും ഭാവിതലമുറയുടെയും പ്രയോജനത്തിനായി സുസ്ഥിര സമ്പ്രദായങ്ങളും കാലാവസ്ഥാ വ്യതിയാന നടപടികളും സ്വീകരിക്കുന്നതിനും, സുസ്ഥിര ധനകാര്യവും നൂതന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വാദിക്കാൻ കഴിയും," സഹമന്ത്രിയും അബുദാബി ഗ്ലോബൽ മാർക്കറ്റ് ചെയർമാനുമായ അഹ്മദ് അലി അൽ സായേഘ് പറഞ്ഞു.

"കോവിഡ് -19 ഉയർത്തുന്ന സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ ചൂണ്ടിക്കാട്ടുന്നത് സുസ്ഥിരതാ അജണ്ട മുന്നോട്ട് കൊണ്ടുപോകണമെന്നു തന്നെയാണ്. ആരോഗ്യകരമായ വീണ്ടെടുക്കലിനുള്ള ഒരു എഞ്ചിൻ എന്ന നിലയിൽ ഹരിത പരിവർത്തനത്തെ ഉയർത്തിക്കാട്ടുകയും കൂട്ടായി പ്രവർത്തിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത നിലനിൽക്കുന്നു. അബുദാബി സസ്റ്റൈനബിലിറ്റി വീക്ക് ലോക സമൂഹത്തിന്റെ കരുത്ത് ഉപയോഗിക്കാൻ കഴിയുന്ന മികച്ച വേദിയാണ്. ലോക നേതാക്കളെയും വ്യവസായ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന് നമ്മുടെ പരിസ്ഥിതിയെയും സുസ്ഥിര വളർച്ചയെയും ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇതുവഴി സാധിക്കും," എ.ഡി.എസ്.ഡബ്ല്യുവിന്റെ പ്രിൻസിപ്പൽ പാർട്ണറും അബുദാബി ഊർജ്ജ വകുപ്പ് ചെയർമാനുമായ അവൈദ മുർഷെഡ് അൽ മാരാർ പറഞ്ഞു.

"കോവിഡ്-19 മഹാമാരി ലോകമെമ്പാടുമുള്ള ജീവിതങ്ങൾക്ക് മുമ്പെങ്ങുമില്ലാതിരുന്ന തടസ്സമുണ്ടാക്കുന്നു. എന്നാൽ ഈ വീണ്ടെടുക്കൽ കാലയളവ് ഊർജ്ജ സംബന്ധിയായ നയങ്ങൾ നിർമിക്കുന്നവർക്കും, നിക്ഷേപ സമൂഹത്തിനും അവരുടെ തീരുമാനങ്ങളും പ്രവർത്തനങ്ങളും സുസ്ഥിര വളർച്ചയിലൂന്നിയ സാമ്പത്തിക പുനഃസ്ഥാപനത്തെ ലക്ഷ്യമിടുന്ന ഒന്നാക്കി മാറ്റാനും അതുവഴി അഭിവൃദ്ധി പ്രാപിക്കാനുമുള്ള അവസരം വാഗ്ദാനം ചെയ്യുന്നു. ഐറീന അസംബ്ലിയും അബുദാബി സസ്റ്റൈനബിലിറ്റി വീക്കും സുസ്ഥിര ഭാവിയെ നിർവചിക്കുന്നതിലേക്കുള്ള നിർണായകമായ ഒരു വർഷത്തിന്റെ ആരംഭകേന്ദ്രത്തെയാണ് പ്രതിനിധീകരിക്കുന്നത്," ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി ഡയറക്ടർ ജനറൽ ഫ്രാൻസെസ്കോ ലാ കമെറ പറഞ്ഞു.

വിവിധ സംരംഭങ്ങളിലൂടെയും പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെയും സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായുള്ള അറിവുകൾ കൈമാറ്റം ചെയ്യുക, തന്ത്രങ്ങൾ നടപ്പിലാക്കൽ, പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളിൽ ADSW പ്രതിജ്ഞാബദ്ധമാണ്. യുഎഇയുടെ സുവർണ്ണ ജൂബിലി വർഷത്തിലെ ആദ്യത്തെ ആഗോള പരിപാടി എന്ന നിലയിൽ, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർക്കാർ, ബിസിനസ്സ്, കമ്മ്യൂണിറ്റി പങ്കാളികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ എ‌ഡി‌എസ്ഡബ്ല്യു 2021 സഹായിക്കും. ഒരു ദശാബ്ദത്തിലേറെയായി അബുദാബി ആഗോള സമൂഹത്തിന് സുസ്ഥിരമായ ഒരു വേദി നൽകി. ലോകമെമ്പാടുമുള്ള സുസ്ഥിര വികസനം ത്വരിതപ്പെടുത്തുന്ന ഒരു ധൈഷണിക നേതൃത്വമായും രാസത്വരകമായും ഉയർന്നുവരാൻ ADSW-വിന് സാധിക്കും.

അബുദാബി സുസ്ഥിരതാ വാരത്തിന്റെ 2020 പതിപ്പിൽ 170 രാജ്യങ്ങളിൽ നിന്നുള്ള 45,000 പേർ പങ്കെടുത്തിരുന്നു. ലോകമെമ്പാടുമുള്ള 500ലധികം ഉന്നതതല പ്രഭാഷകരുടെ സാന്നിധ്യവുമുണ്ടായി.

WAM/Ambily http://wam.ae/en/details/1395302901200

WAM/Malayalam