വെള്ളിയാഴ്ച 24 സെപ്റ്റംബർ 2021 - 6:52:03 pm

എക്സ്പോ 2020 ദുബായ് പുതിയ വിപണികൾ തുറക്കാൻ വഴിയൊരുക്കുന്നു: ഓസ്ട്രിയൻ സാമ്പത്തിക മന്ത്രി


വിയെന്ന, 2021 സെപ്റ്റംബർ 12, (WAM) -- പുതിയ വിപണികൾ തുറക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും ഓസ്ട്രിയൻ കണ്ടുപിടിത്തങ്ങളുടെ ഗവേഷണത്തിന്റെയും വികാസത്തിന്റെയും ഗുണനിലവാരം ഉയർത്തിക്കാട്ടുന്നതിനും എക്സ്പോ 2020 ദുബായ് അവസരമൊരുക്കുന്നുവെന്ന് ഓസ്ട്രിയയുടെ ഡിജിറ്റൽ, സാമ്പത്തിക കാര്യ മന്ത്രി മാർഗരറ്റ് ഷ്രാംബാക്ക് പറഞ്ഞു.

എക്സ്പോ 2020-ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, വർദ്ധിച്ചുവരുന്ന പരസ്പരബന്ധിതമായ ലോകത്ത് ഒരുമിച്ച് ജീവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഭാവി കാഴ്ചപ്പാടുകളും ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിൽ ഓസ്ട്രിയയുടെ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മന്ത്രി പ്രസ്താവിച്ചു.

അന്താരാഷ്ട്ര തലത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കൊപ്പം - നവീകരണത്തിന്റെയും സാങ്കേതിക പരിജ്ഞാനത്തിന്റെയും ആത്മാവ് ഓസ്ട്രിയ ഉയർത്തിപ്പിടിക്കുന്നുവെന്നും ദുബായ് എക്സ്പോയിലെ പങ്കാളിത്തം ഉപയോഗപ്രദവും അർത്ഥവത്തായതുമായ പരിഹാരങ്ങളും ഉൽപന്നങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.

ഓസ്ട്രിയൻ ഫെഡറൽ ഇക്കണോമിക് ചേംബർ പ്രസിഡന്റ് ഹരാൾഡ് മഹ്‌റെർ, അന്താരാഷ്ട്ര തലത്തിൽ മറ്റ് രാജ്യങ്ങളുമായുള്ള ഓസ്ട്രിയയുടെ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിലും എക്സ്പോ 2020 ദുബായിയുടെ പ്രാധാന്യം എടുത്തുപറഞ്ഞു.

പ്രദർശനത്തിൽ പങ്കെടുക്കുന്ന ഓസ്ട്രിയൻ പവലിയൻ വിവിധ മേഖലകളിലെ പ്രോജക്ടുകളും പുതുമകളും അവതരിപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്.

"ഇന്നൊവേഷൻ ടവേഴ്സ്" എന്ന പ്രമേയത്തിലുള്ള പവലിയൻ, സ്മാർട്ട് സിറ്റി, സർക്കുലർ ഇക്കോണമി, പുതുക്കാവുന്ന ഊർജ്ജം എന്നിവയിൽ നല്ലതും പുതുമയുള്ളതുമായ ഭാവി രൂപപ്പെടുത്തുന്നതിന് ഓസ്ട്രിയൻ ശാസ്ത്രജ്ഞരുടെയും കമ്പനികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സംഭാവനകൾ എടുത്തുകാണിക്കുന്ന തിരഞ്ഞെടുത്ത 53 കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കും.

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ, എക്സ്പോ 2020 ദുബായ് 191 രാജ്യങ്ങളെയും ദശലക്ഷക്കണക്കിന് സന്ദർശകരെയും സ്വാഗതം ചെയ്യും. പുതുമ, സംസ്കാരം, സർഗ്ഗാത്മകത, മനുഷ്യപുരോഗതി എന്നിവയുടെ ആറ് മാസത്തെ ആഘോഷത്തിലൂടെ ഒരു പുതിയ ലോകം സൃഷ്ടിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.

WAM/ Afsal Sulaiman http://wam.ae/en/details/1395302969059 WAM/Malayalam

WAM/Malayalam