വെള്ളിയാഴ്ച 09 ഡിസംബർ 2022 - 5:46:20 am

ദുബായ് കസ്റ്റംസ് യാത്രക്കാർക്കായുള്ള ഡിജിറ്റൽ സേവനങ്ങളെക്കുറിച്ചുള്ള  ബോധവത്കരണം  ആരംഭിച്ചു


ദുബായ്, 24 നവംബർ 2022 (WAM) -- ദുബായ് കസ്റ്റംസ് അവരുടെ ഡിജിറ്റൽ സേവനങ്ങളെക്കുറിച്ചും വിനോദസഞ്ചാരികളുടെയും യാത്രക്കാരുടെയും ഗതാഗതം സുഖമമാക്കുന്ന സംവിധാനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം ആരംഭിച്ചു.

അൽ-മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാരെ മിനിറ്റുകൾക്കുള്ളിൽ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സ്മാർട്ട് സംവിധാനങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. യുഎഇയിലെ ശൈത്യകാലം, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (2022 ഡിസംബർ 15 മുതൽ 29 ജനുവരി 2023 വരെ), ഖത്തറിലെ ലോകകപ്പ് എന്നിവ കാരണം വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നനിടയിൽ ഇത്തരം സംവിധാനങ്ങൾ യാത്രികർക്ക് പ്രയോജനപ്രദമാവുമെന്ന് അധികൃതർ അറിയിച്ചു.

ലോകകപ്പ് കാലത്ത് ദുബായിൽ നിന്ന് ഖത്തറിലേക്കും തിരിച്ചും പോകാൻ പതിനായിരക്കണക്കിന് ആരാധകരാണ് വിമാനത്താവളം ഉപയോഗിക്കുന്നത്.

ദുബായ് കസ്റ്റംസ് കോർപ്പറേറ്റ് വെബ്‌സൈറ്റിൽ (dubaicustoms.gov.ae) യാത്രികർക്കുള്ള കസ്റ്റംസ് സഹായിയും ഐഡിക്ലേർ സ്മാർട്ട് ആപ്ലിക്കേഷനിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന മാർഗ്ഗനിർദ്ദേശങ്ങളുമുണ്ട് , ഇത് കസ്റ്റംസ് ഡിക്ലറേഷനുകൾ ഇലക്ട്രോണിക് ആയി സമർപ്പിക്കാൻ യാത്രക്കാരെ പ്രാപ്തരാക്കുന്നു. കൂടാതെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയ സാധനങ്ങളുടെയും പ്രഖ്യാപിക്കേണ്ട ചരക്കുകളുടെയും വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

“വ്യത്യസ്‌ത സ്‌മാർട്ട് ആപ്ലിക്കേഷനുകളെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി ഞങ്ങൾ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്. പാൻഡെമിക്കിന് ശേഷം ടൂറിസം മേഖല വീണ്ടെടുക്കുന്നതിൽ ദുബായ് മുന്നിലാണ്. ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് 18.5 ദശലക്ഷം യാത്രക്കാരെ ലഭിച്ചു. മൂന്ന് മാസത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം പാൻഡെമിക്കിന് മുമ്പുള്ള നിലവാരം കവിയുന്നത് ഇതാദ്യമാണ്. പകർച്ചവ്യാധി ആരംഭിക്കുന്നതിന് മുമ്പുള്ള 2020 ആദ്യ പാദത്തിൽ ഇത് 17.8 ദശലക്ഷം യാത്രക്കാരായിരുന്നു" ക്ലയന്റുകൾക്ക് കസ്റ്റംസ് നടപടിക്രമങ്ങൾ സുഖമമാക്കുന്ന ഡിജിറ്റൽ സേവനങ്ങളാണ് ദുബായ് കസ്റ്റംസ് വികസിപ്പിക്കുന്നതെന്ന് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്ടർ ഖലീൽ സഖർ ബിൻ ഗരീബ് പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303105423

WAM/Malayalam

 

അമൃത രാധാകൃഷ്ണൻ