ഞായറാഴ്ച 16 മെയ് 2021 - 5:09:36 pm

സൗദി അറേബ്യയ്‌ക്കെതിരേ ഹൂത്തികൾ നടത്തിയ വ്യോമാക്രമണത്തെ യുഎഇ അപലപിച്ചു


അബുദാബി, ഏപ്രിൽ 7, 2021 (WAM) - സൗദി അറേബ്യയിലെ ഖാമിസ് മുഷൈത്തിൽ സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള തീവ്രവാദിയായ ഹൂത്തി മിലിഷ്യകൾ നടത്തിയ ആസൂത്രിത ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.

ഹൂത്തി തീവ്രവാദികൾ നടത്തുന്ന ആസൂത്രിതമായ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള അവഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന ആവർത്തിച്ചുള്ള ഈ പ്രവർത്തനങ്ങൾ തടയുന്നതിന് അടിയന്തരവും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ഈ ആക്രമണങ്ങളുടെ തുടർച്ചയായ ഭീഷണി ഈയടുത്ത ദിവസങ്ങളിൽ തുടരുകയാണെന്നും മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള മിലിഷിയകളുടെ ശ്രമങ്ങൾ വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ ഭീകര പ്രവർത്തനങ്ങൾക്കെതിരെ മന്ത്രാലയം സൗദി അറേബ്യയ്ക്ക് സമ്പൂർണ്ണ ഐക്യദാർഢ്യം ആവർത്തിച്ചു വ്യക്തമാക്കി. സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായ ഭീഷണിയെ എതിർക്കുന്നതിനും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും രാജ്യം കൈക്കൊള്ളുന്ന ഏത് നടപടിക്കും പിന്തുണ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

"യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമാണ്. സൗദി നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായി കണക്കാക്കപ്പെടുന്നു," മന്ത്രാലയം പ്രസ്താവിച്ചു.

WAM/Ambily http://wam.ae/en/details/1395302924823

WAM/Malayalam