വെള്ളിയാഴ്ച 14 മെയ് 2021 - 11:00:46 pm

രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് സൗദി അറേബ്യയെ അക്രമിക്കാൻ ഹൂത്തികൾ നടത്തിയ ശ്രമത്തെ യുഎഇ അപലപിച്ചു


അബുദാബി, ഏപ്രില്‍ 8, 2021 (WAM) - സൗദി അറേബ്യയില്‍ സ്ഫോടകവസ്തു നിറച്ച രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആസൂത്രിതമായി പൊതുജനങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും അക്രമിക്കാന്‍ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഹൂത്തി മിലിഷിയകളുടെ നടപടിയെ യുഎഇ ശക്തമായി അപലപിച്ചു. ഹൂത്തി മിലിഷിയകൾ നടത്തിയ ആക്രമണ ശ്രമം സഖ്യസേനയാണ് തടുത്തത്.

ഹൂത്തി ഗ്രൂപ്പിന്റെ ആസൂത്രിതമായ ഭീകരാക്രമണങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള അവഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ ആവര്‍ത്തിച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അടിയന്തരവും നിര്‍ണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. സമീപകാലത്ത് ഈ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഭീഷണി ഗുരുതരമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്താനുള്ള ഈ മിലിഷിയകളുടെ ശ്രമങ്ങളുടെ തെളിവുകളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.

ഈ ഭീകരപ്രവര്‍ത്തനങ്ങൾക്ക് എതിരെ സൗദി അറേബ്യയ്ക്ക് യുഎഇയുടെ സമ്പൂര്‍ണ്ണ ഐക്യദാര്‍ഡ്യവും MoFAIC പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായ ഭീഷണിയെ എതിര്‍ക്കുന്നതിനു അചഞ്ചലമായ പ്രതിബദ്ധത വ്യക്തമാക്കിയ യുഎഇ, പൗരന്മാരുടെയും നിവാസികളുടെയും സുരക്ഷയ്ക്കായി സൗദി സ്വീകരിക്കുന്ന ഏത് നടപടിക്കും പിന്തുണ പ്രഖ്യാപിച്ചു.

''യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമാണ്. സൗദി നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയായി കണക്കാക്കപ്പെടുന്നു''വെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

WAM/Ambily https://www.wam.ae/en/details/1395302925590

WAM/Malayalam