വ്യാഴാഴ്ച 06 മെയ് 2021 - 11:38:51 pm

ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം റെക്കോഡിൽ, മരണം 200,000 കവിഞ്ഞു


ന്യൂഡൽഹി, ഏപ്രിൽ 28, 2021 (WAM/Reuters): ഇന്ത്യയിൽ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം ബുധനാഴ്ച 200,000 കവിഞ്ഞു. ഓക്സിജൻ, മെഡിക്കൽ സപ്ലൈസ്, ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവയുടെ കുറവ് പുതിയ അണുബാധകളുടെ എണ്ണം റെക്കോഡ് നിരക്കിൽ വർദ്ധിക്കുവാൻ കാരണമായി.

കൊറോണാ വൈറസിൻറെ രണ്ടാം തരംഗത്തിൽ പ്രതിദിനം 300,000 പേർക്കെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ബാധ സ്ഥിരീകരിക്കുന്നുണ്ട്. നിറഞ്ഞുകവിയുന്ന ആരോഗ്യകേന്ദ്രങ്ങളും ശ്മശാനങ്ങളും അടിയന്തിര അന്താരാഷ്ട്ര ശ്രദ്ധ ആവശ്യപ്പെടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിലാണ്. 360,960 പുതിയ കേസുകൾ ആണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ള ഏറ്റവും മാരകമായ ദിനം കൂടിയാണിത്. 3,293 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണം 201,187 ആയി.

എന്നിരുന്നാലും, 1.3 ബില്യൺ ജനസംഖ്യയുള്ള രാജ്യത്തെ ഔദ്യോഗിക കണക്കുകൾ യഥാർത്ഥ കണക്കുകളേക്കാളും കുറവാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ലോകം മഹാമാരിയുടെ മാരകമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും എല്ലാ മുതിർന്നവർക്കും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കേണ്ടതുണ്ടെന്നും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികളുടെ (ഐ.എഫ്.ആർ.സി) ദക്ഷിണേഷ്യൻ മേധാവി ഉദയ റെഗ്മി പറഞ്ഞു.

"ഇത് ധാർമ്മികവും പൊതുജനാരോഗ്യസംബന്ധവും ആയ അനിവാര്യതയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. "വകഭേദങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ, ലോകം മുഴുവൻ സുരക്ഷിതമാകുന്നതുവരെ ഈ പകർച്ചവ്യാധി അവസാനിക്കുന്നില്ല."

തലസ്ഥാനമായ ന്യൂഡൽഹിയിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരെ നിരനിരയായി ചിതകളൊരുക്കിയ താൽക്കാലിക ശ്മശാനങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസുകൾ പാർക്കുകളിലും പാർക്കിംഗ് സ്ഥലങ്ങളിലും മണിക്കൂറുകളോളം ഊഴം കാത്തുകിടന്നു.

WAM/ Ambily https://www.wam.ae/en/details/1395302930553

WAM/Malayalam