വ്യാഴാഴ്ച 06 മെയ് 2021 - 11:40:00 pm

ഓക്ല സൂചിക പ്രകാരം മൊബൈൽ നെറ്റ്‌വർക്ക് വേഗതയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി യുഎഇ


അബുദാബി, 2021 മെയ് 3 (WAM)-- ഫിക്സഡ് ബ്രോഡ്‌ബാൻഡ്, മൊബൈൽ നെറ്റ്‌വർക്ക് ടെസ്റ്റിംഗ് ആപ്ലിക്കേഷനുകൾ, ഡാറ്റ, വിശകലനം എന്നിവയിലെ ആഗോള നേതാവായ ഓക്ലയിൽ(Ookla) നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2021 ന്റെ ആദ്യ പാദത്തിൽ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്‌വർക്ക് വേഗതയുള്ള രാജ്യമായി യുഎഇ ആഗോള മൊബൈൽ സൂചികയിൽ ഒന്നാമതെത്തി.

2021 നെ "അമ്പതാം വർഷം" എന്ന് പ്രഖ്യാപിച്ച് രാജ്യം അതിന്റെ നാഴികക്കല്ലായ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ഈ സുപ്രധാന നേട്ടം യു‌എഇയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചേർക്കുന്നു.

മാർച്ചിൽ മൊബൈൽ ബ്രോഡ് സ്പീഡ് ടെസ്റ്റിൽ 178.52 എം‌ബി‌പി‌എസ് ഡൌൺ‌ലോഡ് വേഗതയോടെ, രാജ്യം ദക്ഷിണ കൊറിയയെയും ഖത്തറിനെയും മറികടന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യഥാക്രമം 183.03 എം‌ബി‌പി‌എസ്, 177.10 എം‌ബി‌പി‌എസ് എന്നീ ഡൌൺ‌ലോഡ് വേഗതയിൽ യുഎഇ ഇരു രാജ്യങ്ങളെയും മറികടന്നു.

135 രാജ്യങ്ങളെ വിലയിരുത്തുന്ന സ്പീഡ് ടെസ്റ്റ് ഗ്ലോബൽ സൂചിക ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വേഗത ഡാറ്റയെ പ്രതിമാസ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുന്നു. ഓരോ മാസവും സ്പീഡ് ടെസ്റ്റ് ഉപയോഗിച്ച് യഥാർത്ഥ ആളുകൾ ചെയ്യുന്ന ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്നാണ് സൂചിക തയ്യാറാക്കുന്നതിനുള്ള ഡാറ്റ ശേഖരിക്കുന്നത്.

മൊബൈൽ നെറ്റ്‌വർക്ക് വേഗത ഒരു രാജ്യത്തിന്റെ ക്ഷേമത്തിനും സാമ്പത്തിക സമ്പത്തിനും സാമൂഹിക അഭിവൃദ്ധിക്കും അവിഭാജ്യമായ ഒരു പ്രധാന ഘടകമാണ്. ഭാവിതാൽപ്പര്യങ്ങൾ, രാജ്യത്തിന്റെ ഐസിടി അജണ്ട, ബിസിനസുകളുടെ ഉൽപാദനക്ഷമത എന്നിവയ്ക്ക് സൌകര്യപ്രദമായ അന്തരീക്ഷമൊരുക്കുന്ന ഈ നേട്ടത്തിന് ധാരാളം അനുകൂലഫലങ്ങൾ ഉണ്ട്.

WAM/Sreejith Kalarikkal http://wam.ae/en/details/1395302932092 WAM/Malayalam

WAM/Malayalam