വ്യാഴാഴ്ച 06 മെയ് 2021 - 11:34:50 pm

കോവിഡ് -19 നിയന്ത്രണം, കൈകാര്യം ചെയ്യൽ എന്നിവയിൽ യുഎഇയുടെ അനുഭവം അവലോകനം ചെയ്ത് ആരോഗ്യമന്ത്രി


ദുബായ്, 2021 മെയ് 3 (WAM)--ആരോഗ്യ, പ്രതിരോധ മന്ത്രിയായ ഡോ. അബ്ദുൾ റഹ്മാൻ ബിൻ മൊഹമ്മദ് ബിൻ നാസർ അൽ ഒവായിസ് അടുത്തിടെ നിരവധി വിദേശകാര്യ മന്ത്രിമാരുമായും അംബാസഡർമാരുമായും വിർച്വൽ ആയും നേരിട്ടും മീറ്റിംഗുകൾ നടത്തി.

കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും സുരക്ഷിതവും ഫലപ്രദവുമായ സപ്ലൈകൾ, ചികിത്സ, വാക്സിനുകൾ എന്നിവ നൽകുന്നതിനും അവയുടെ തുല്യമായ വിതരണം ഉറപ്പാക്കുന്നതിനും വീണ്ടെടുക്കൽ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിര ആരോഗ്യ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഒരു പ്രധാന പങ്ക് വഹിക്കാനുള്ള യുഎഇയുടെ താൽപര്യം ഊന്നിപ്പറഞ്ഞുകൊണ്ട് ആരോഗ്യ മേഖലകളിലെ സഹകരണം, വൈദഗ്ദ്ധ്യം കൈമാറ്റം, അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗങ്ങളിൽ ചർച്ച ചെയ്തു.

യുഎഇയിലെ എസ്റ്റോണിയ അംബാസഡറായ ജാൻ റെയിൻഹോൾഡ് ആയിരുന്നു യുഎഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ആദ്യ ഉദ്യോഗസ്ഥൻ.

ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ സഹകരണം വളർത്തിയെടുക്കുന്നതിനുള്ള മാർഗ്ഗങ്ങളും, വാക്സിനേഷൻ കാമ്പെയ്ൻ കൈകാര്യം ചെയ്യുന്നതിന് ആഗോളവും വിശ്വസനീയവുമായ മറ്റ് ആഗോള കൂട്ടായ്മകളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

യുഎഇയിലെ കൊസോവോ അംബാസഡർ അവ്‌നി അരിഫിയുമായി മറ്റൊരു യോഗത്തിൽ അൽ ഒവായിസ് ആരോഗ്യസംരക്ഷണത്തിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

മൊസാംബിക്ക് ആരോഗ്യമന്ത്രി അർമിണ്ടോ ഡാനിയേൽ ടിയാഗോയുമായി അൽ ഒവായിസ് നടത്തിയ ടെലിഫോൺ സംഭാശണത്തിൽ കോവിഡ്-19 വാക്‌സിൻ അനുഭവങ്ങൾ കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുപക്ഷവും സംസാരിച്ചു. യുഎഇയുടെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയെക്കുറിച്ചും മഹാമാരിയുടെ വ്യാപനം തടയുന്നതിനെക്കുറിച്ചും അറിയാൻ മൊസാംബിക്കൻ മന്ത്രി തന്റെ രാജ്യത്തിന്റെ താൽപര്യം പ്രകടിപ്പിച്ചു.

യുഎഇയിലെ ദക്ഷിണ കൊറിയ അംബാസഡർ ക്വോൻ യോങ്‌വൂവുമായുള്ള കൂടിക്കാഴ്ചയിൽ അൽ ഒവായിസ് ഏറ്റവും പുതിയ ആരോഗ്യ സാങ്കേതിക പരിഹാരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാണിച്ചുകൊണ്ട് ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തു.

യുഎഇ-മൗറീഷ്യസ് ബന്ധം വികസിപ്പിക്കുന്നതിനും ആരോഗ്യമേഖലയിലെ വൈദഗ്ദ്ധ്യം കൈമാറുന്നതിനും ഇരു രാജ്യങ്ങളിലെയും ആരോഗ്യ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും യുഎഇ മന്ത്രി യുഎഇയിലെ മൗറീഷ്യസ് അംബാസഡർ ഷൌക്കത്ത് അലി സൗദാനുമായും കൂടിക്കാഴ്ച നടത്തി. യുഎഇയിലെ ഇന്തോനേഷ്യ അംബാസഡർ ഹുസൈൻ ബാജിസുമായി അദ്ദേഹം ആരോഗ്യവുമായി സഹകരിക്കാനുള്ള വഴികൾ, പ്രത്യേകിച്ചും പ്രതിരോധ കുത്തിവയ്പ്പ്, രോഗനിർണയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പുറമേ കോവിഡ് -19 വ്യാപനം പരിമിതപ്പെടുത്താനുള്ള സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്തു. അൽ ഒവായിസിനെ സന്ദർശിച്ചവരിൽ യുഎഇയിലെ ഉസ്ബെക്കിസ്ഥാൻ അംബാസഡർ ബക്ത്യാർ ഖാദെറോവിച് ഇബ്രാഹിമോവും ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളിലെയും മെഡിക്കൽ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക, പകർച്ചവ്യാധിയെ നേരിടാൻ വൈദഗ്ദ്ധ്യം കൈമാറുക എന്നിങ്ങനെ ആരോഗ്യസംരക്ഷണത്തിൽ ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും ഉയർത്തിക്കാണിച്ചു.

ജി‌സി‌സിയുടെ ഇസ്രായേലിന്റെ പ്രത്യേക പ്രതിനിധി സ്‍വി ഹൈഫിറ്റ്‌സ്, അനുഗമിച്ച പ്രതിനിധി സംഘം എന്നിവരേയും അൽ ഒവായിസ് സ്വീകരിച്ചു. ആഗോള മഹാമാരിയെ നേരിടുക, ആരോഗ്യ ഡാറ്റ പരിരക്ഷിക്കുക, ഡിജിറ്റൽ ആരോഗ്യം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നവീകരണം, വ്യക്തിഗത വൈദ്യശാസ്ത്രം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്ന യുഎഇ-ഇസ്രായേൽ ആരോഗ്യ സഹകരണ കരാറിനെ അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ അവർ തമ്മിൽ യോഗത്തിൽ ചർച്ച ചെയ്തു. യു‌എഇയുടെ "ഹയാത്ത്-ഫാക്സ്" വാക്സിൻ ഉൽ‌പാദിപ്പിക്കുന്നതിന്റെ വെളിച്ചത്തിൽ വാക്സിനേഷൻ രംഗത്ത് വൈദഗ്ദ്ധ്യം കൈമാറേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും സമ്മതിച്ചു.

"ദേശീയപ്രതിരോധം വർദ്ധിപ്പിക്കുന്നതിനും ബിസിനസ്സ് തുടർച്ച കൈവരിക്കുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ലക്ഷ്യമിട്ടുള്ള യു‌എഇയുടെ ദീർഘവീക്ഷണം കാരണം കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ യുഎഇ ലോക രാജ്യങ്ങളിൽ മുൻപന്തിയിലെത്തി." അൽ ഒവായിസ് പറഞ്ഞു.

WAM/Sreejith Kalarikkal http://www.wam.ae/en/details/1395302932095 WAM/Malayalam

WAM/Malayalam