തിങ്കളാഴ്ച 10 മെയ് 2021 - 12:59:10 pm

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനനിരോധനം നീട്ടുന്നതായി പ്രഖ്യാപിച്ച് യുഎഇ


അബുദാബി, 2021 മെയ് 3, (WAM)-- ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും യു‌എഇയിലേക്ക് യാത്ര ചെയ്യുന്നതും ഇന്ത്യയിലേക്ക് പോകുന്നതുമായ ട്രാൻസിറ്റ് ഫ്ലൈറ്റുകൾ ഒഴികെയുള്ള ദേശീയ, വിദേശ വിമാന സർവീസുകളിലെ എല്ലാ വിമാനങ്ങളിലും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനനിരോധനം നീട്ടുന്നതായി പ്രഖ്യാപിച്ചു.

യുഎഇയിൽ എത്തുന്നതിനും മുമ്പ് 14 ദിവസത്തെ കാലയളവിൽ ഇന്ത്യയിലുണ്ടായിരുന്ന യാത്രക്കാർക്ക് പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനും ഇളവുകൾക്കായി അപേക്ഷിച്ച് ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകളെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനങ്ങൾ തുടരും. യുഎഇ പൗരന്മാർ, ഇരു രാജ്യങ്ങളുടെയും അംഗീകാരമുള്ള നയതന്ത്ര ദൗത്യങ്ങളിലേർപ്പെട്ടിരിക്കുന്നവർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ, സുവർണ്ണ വസതി ഉടമകൾ എന്നിവരുൾപ്പെടെയുള്ള ഒഴിവാക്കപ്പെട്ട യാത്രക്കാർ 10 ദിവസത്തെ ക്വാറൻറൈനും വിമാനത്താവളത്തിലും രാജ്യത്ത് പ്രവേശിച്ചതിന് ശേഷമുള്ള നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിലും പിസിആർ പരിശോധനയും ഉൾപ്പടെയുള്ള മുൻകരുതൽ നടപടികൾക്ക് വിധേയരായിരിക്കും.

മാത്രമല്ല, യാത്രയ്‌ക്ക് മുമ്പുള്ള ആവശ്യമായ പി‌സി‌ആർ പരിശോധന കാലയളവ് 72 ൽ നിന്ന് 48 മണിക്കൂറായി കുറച്ചിട്ടുണ്ട്, കൂടാതെ എല്ലാ പരിശോധനകളും ക്യുആർ കോഡ് ഉള്ള പരിശോധനാഫലങ്ങൾ നൽകുന്ന അംഗീകൃത ലബോറട്ടറികളിൽ നടത്തേണ്ടതാണ്. ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലൂടെ വരുന്ന യാത്രക്കാർ യു‌എഇയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതിന് 14 ദിവസത്തിൽ കുറയാതെ മറ്റ് രാജ്യങ്ങളിൽ താമസിച്ചതിന്റെ തെളിവ് നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ചരക്ക് വിമാനങ്ങൾ തുടർന്നും യാത്ര തുടരുന്നതായിരിക്കും.

ഈ തീരുമാനത്താൽ ബാധിക്കപ്പെട്ട എല്ലാ യാത്രക്കാരോടും കാലതാമസമില്ലാതെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങിവരുനാനതിനായി അവരുടെ വിമാനങ്ങൾ റീഷെഡ്യൂൾ ചെയ്യുവാൻ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടുവാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു.

ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കോവിഡ് -19 പകർച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കുന്നതിനുള്ള റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ അശ്രാന്ത പരിശ്രമങ്ങൾക്കുള്ള പിന്തുണയും സമ്പൂർണ്ണ ഐക്യദാർഢ്യവും യുഎഇ ആവർത്തിച്ച് പ്രഖ്യാപിച്ചു.

വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇന്ത്യയിലെ ജനങ്ങളോടും സർക്കാരിനോടും ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. ഒപ്പം കോവിഡ്-19 രോഗികൾ വേഗത്തിലും പൂർണമായും സുഖം പ്രാപിക്കട്ടേയെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് ആരോഗ്യവും സുരക്ഷയും ഉണ്ടാവട്ടെയെന്നും ആശംസിച്ചു.

പരസ്പര ബഹുമാനം, ധാരണ, സഹകരണം, പൊതു താൽപ്പര്യങ്ങൾ എന്നിവയുടെ ഉറച്ച അടിത്തറ അടിസ്ഥാനമാക്കിയുള്ള യുഎഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ സൗഹൃദത്തിന്റെ ആഴം മന്ത്രാലയം എടുത്തുപറഞ്ഞു. ഈ ദുഷ്‌കരമായ കാലഘട്ടം ഇന്ത്യ എത്രയും വേഗം മറികടക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

WAM/Sreejith Kalarikkal http://www.wam.ae/en/details/1395302932291 WAM/Malayalam

WAM/Malayalam