തിങ്കളാഴ്ച 10 മെയ് 2021 - 10:49:51 am

പാൻഡെമിക് സമയത്തെ സുരക്ഷാനടപടിക്രമങ്ങൾക്ക് ഐ‌എസ്ഒ സർട്ടിഫിക്കറ്റ് നേടുന്ന ലോകത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി ദുബായ്


ദുബായ്, 2021 മെയ് 4 (WAM)--കോവിഡ്-19 മഹാമാരിയുടെ സമയത്ത് കൃത്യമായി സുരക്ഷാനടപടിക്രമങ്ങൾ പ്രയോഗിച്ചതിലൂടെയും തൊഴിൽപരവും ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിലൂടെയും ഏറ്റവും ഉയർന്ന ആഗോള മാനേജ്മെൻറിനായുള്ള അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ഐ‌എസ്ഒ/പിഎഎസ് 45005: 2020 നേടിയെടുത്തുകൊണ്ട് ദുബായ് മുനിസിപ്പാലിറ്റി നേട്ടങ്ങൾ കൈവരിക്കാനുള്ള കഴിവ് വീണ്ടും തെളിയിച്ചു.

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎസ്ഐ) തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് പ്രകാരം, 2020 ഡിസംബറിൽ ആരംഭിച്ച ഈ അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ലഭിച്ച ലോകത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയാണ് ദുബായ്.

പകർച്ചവ്യാധി സമയത്ത് എല്ലാ ജീവനക്കാരുടെയും പങ്കാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളും ആഗോള സവിശേഷതകളും സ്വീകരിക്കുന്നതിനുള്ള അസാധാരണമായ ശ്രമങ്ങളെ മുനിസിപ്പാലിറ്റിയുടെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു.

"താമസിക്കാനും ജോലിചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുക എന്ന സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, വർക്ക് സൈറ്റുകളിൽ ഞങ്ങളുടെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏറ്റവും ഉയർന്ന ആഗോള പ്രതിരോധ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഞങ്ങൾ സ്വീകരിക്കുകയും പ്രയോഗിക്കുകയും ചെയ്തു." ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.

"പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനും ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള പങ്കാളികൾക്കും ഉപഭോക്താക്കൾക്കും സുപ്രധാന സേവനങ്ങൾ നൽകുന്നതിനും ഞങ്ങൾ മുനിസിപ്പാലിറ്റിയിൽ ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പുകൾ തുടരുന്നു." അൽ ഹജ്രി പറഞ്ഞു.

"ദുബായിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതിന്റെ പ്രോഗ്രാമുകളും സേവനങ്ങളും അന്താരാഷ്ട്രതലത്തിലുള്ള മികച്ച സമ്പ്രദായങ്ങൾക്കനുസൃതമായി തുടർച്ചയായി വികസിപ്പിക്കാനും മെച്ചപ്പെടുത്താനും ദുബായ് മുനിസിപ്പാലിറ്റി താൽപ്പര്യപ്പെടുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു. ഓർഗനൈസേഷന്റെ എല്ലാ തലത്തിലുമുള്ള പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ നേടിക്കൊണ്ട് മുനിസിപ്പാലിറ്റിയുടെ വിവിധ സംഘടനാ യൂണിറ്റുകളുടെ നിലവാരം പ്രാദേശികമായും അന്തർദ്ദേശീയമായും ഉയർത്തുന്നതിനുള്ള താൽപര്യം അൽ ഹജ്രി ആവർത്തിച്ചു.

മികച്ച സാമ്പ്രദായിക മാനദണ്ഡങ്ങൾ മികവിന്റെ ശീലങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ പരിഹാരങ്ങളുമായി ബിസിനസ്സുകളെ സജ്ജമാക്കുന്ന ഒരു ആഗോള സ്ഥാപനമാണ് ബി‌എസ്‌ഐ. 1901-ൽ രൂപീകരിച്ച ബി.എസ്.ഐ ലോകത്തിലെ ആദ്യത്തെ ദേശീയ സ്റ്റാൻഡേർഡ്സ് ബോഡിയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡഡൈസേഷന്റെ (ഐ.എസ്.ഒ) സ്ഥാപകാംഗവുമായിരുന്നു.

WAM/Sreejith Kalarikkal http://www.wam.ae/en/details/1395302932422 WAM/Malayalam

WAM/Malayalam