ചൊവ്വാഴ്ച 15 ജൂൺ 2021 - 10:39:57 am

ശാസ്ത്ര-സാങ്കേതിക വിദ്യകളിലേക്കുള്ള ദൂരം കുറയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ യുഎഇ പ്രസ്താവിച്ചു


ന്യൂയോർക്ക്, 2021 മെയ് 8 (WAM)-- ലോകമെമ്പാടും ജീവിതങ്ങൾ മെച്ചപ്പെടുത്തുവാൻ ശാസ്ത്ര-സാങ്കേതിക വിദ്യകളോടുള്ള വിമുഖത അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

"ശാസ്ത്രവും സാങ്കേതികവിദ്യയും കഴിഞ്ഞ വർഷത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു." യുഎന്നിന്റെ ആറാം വാർഷിക സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ ഫോറത്തിൽ ഒരു വീഡിയോ പ്രസ്താവനയിലൂടെ അഡ്വാൻസ്ഡ് ടെക്നോളജീസ് സഹമന്ത്രി സാറാ അൽ അമിരി പറഞ്ഞു. "നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ ഉയർത്തിപ്പിടിച്ച ഉപാധിയാണത്, അത് വഴി ശാസ്ത്രജ്ഞരും ഡോക്ടർമാരും വൈറസിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി അറിവുകൾ ശേഖരിച്ചു. പ്രതിരോധത്തിനുള്ള മാർഗ്ഗമായ വാക്സിൻ നമുക്ക് നൽകിയ ഉപാധിയാണത്. നമ്മുടെ കുട്ടികളെ തുടർന്നും പഠിക്കാൻ പ്രാപ്തമാക്കിയ ഉപാധിയാണത്. വിവിധ തലങ്ങളിൽ പ്രവർത്തനം തുടർന്നുകൊണ്ടിരുന്നപ്പോൾ സമ്പദ്‌വ്യവസ്ഥകളെ ഉയർത്തിപ്പിടിച്ച ഉപാധിയാണത്."

ആളുകളെ ഒരുമിപ്പിക്കുന്നതിലും സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും ഉള്ള ശാസ്ത്രത്തിന്റെ ശക്തി അൽ അമീരി ഊന്നിപ്പറഞ്ഞു. യുഎഇ അതിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വ്യവസ്ഥയെ പ്രധാനമായും കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം, ഭക്ഷണം, ജല സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധത്തിൽ രൂപപ്പെടുത്തുന്നതെങ്ങിനെയെന്ന് അവർ എടുത്തുപറഞ്ഞു.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഊർജ്ജസ്വലതയുടെ പ്രാധാന്യം അൽ അമിരി അടിവരയിട്ടുപറഞ്ഞു. യുഎഇ തങ്ങളുടെ നയങ്ങൾ ശക്തമാണെന്നുറപ്പുവരുത്തിയതും, പ്രാദേശികവും ആഗോളവുമായ സ്വാധീനം ചെലുത്തിയതും, പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്തതും, പറഞ്ഞ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയതും, എങ്ങിനെയാണെന്ന് അവർ കുറിച്ചു.

വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കാനും യുഎഇ കൂടുതൽ ഊർജ്ജസ്വലമായ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സംവിധാനം നിർമ്മിച്ചതായി അവർ അറിയിച്ചു. യുഎഇ അന്താരാഷ്ട്ര ശ്രമങ്ങളും ഗവേഷണ-വികസന സഹകരണവും ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു ഉദാഹരണമായി, കാലാവസ്ഥയ്‌ക്കായുള്ള അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ (എഐഎം) യുഎഇയും മറ്റ് പങ്കാളികളും ചേർന്ന് യുഎസ് പ്രസിഡന്റ് ബൈഡന്റെ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രഖ്യാപിച്ചത് അവർ ഉദ്ധരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ മികച്ച രീതിയിൽ നേരിടാൻ വ്യവസായത്തെ പ്രാപ്തരാക്കുന്ന കാർഷിക ഗവേഷണവും വികസനവും ത്വരിതപ്പെടുത്തുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിന് വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികൾ ഒത്തുചേരുന്നതിന്റെ മികച്ച ഉദാഹരണമാണിത്.

ഐക്യരാഷ്ട്രസഭയുടെ സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ ഫോറം യുഎൻ സുസ്ഥിര വികസനത്തിന്റെ പുരോഗതിയെ സഹായിക്കുന്നതിന് സാങ്കേതിക ആവശ്യകതളും കുറവുകളും തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനുമായി ഗവൺമെൻറുകൾ, സിവിൽ സൊസൈറ്റി, സ്വകാര്യ മേഖല, ശാസ്ത്ര സമൂഹം, യുഎൻ സ്ഥാപനങ്ങൾ, യുവാക്കൾ, മറ്റ് പങ്കാളികൾ എന്നിവർ പങ്കെടുക്കുന്ന വാർഷിക സമ്മേളനമാണ്. ഈ വർഷത്തെ സമ്മേളനം, കോവിഡ്-19 റിക്കവറി ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള സമഗ്രമായ പ്രവർത്തനത്തിന് ഏകോപനം നൽകുന്നതിനും അനുയോജ്യമായ വിധത്തിൽ ശാസ്ത്ര സാങ്കേതികവിദ്യയും കണ്ടുപിടിത്തങ്ങളും എങ്ങിനെ ഉപയോഗിക്കാം എന്നതിൽ കേന്ദ്രീകരിച്ചാണ്.

WAM/Sreejith Kalarikkal http://www.wam.ae/en/details/1395302933444 WAM/Malayalam

WAM/Malayalam