ബുധനാഴ്ച 16 ജൂൺ 2021 - 1:57:26 am

പ്രധാന അറബ്, യൂറോപ്യൻ, ഏഷ്യൻ വിപണികളിലേക്കുള്ള ബ്രസീലിന്റെ പ്രവേശനം സാദ്ധ്യമാക്കുവാൻ യുഎഇക്ക് കഴിയും: എബിസിസി പ്രസിഡൻ്റ്


ദുബായ്, 2021 മെയ് 9, (WAM) -- ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചറും സ്മാർട്ട് സിറ്റികളും വികസിപ്പിക്കുന്നതിൽ യുഎഇ കൈവരിച്ച നേട്ടങ്ങളെ അറബ്-ബ്രസീലിയൻ ചേംബർ ഓഫ് കൊമേഴ്‌സ്(എബിസിസി) പ്രസിഡൻ്റ് ഒസ്മർ ചോഹ്ഫി അഭിനന്ദിച്ചു.

അത്യാധുനികവും ആകർഷകവുമായ ബിസിനസ്സ്, നിക്ഷേപ അന്തരീക്ഷങ്ങൾ, പ്രത്യേകിച്ചും "ദുബായിൽ നിക്ഷേപിക്കുക" പ്ലാറ്റ്‍ഫോം പോലുള്ള ട്രേഡ് ലൈസൻസ് ആപ്ലിക്കേഷൻ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലൂടെയും, നിക്ഷേപങ്ങൾക്ക് ഇരട്ടനികുതി ഏർപ്പെടുത്തുന്നത് നിരോധിക്കുക, ഉയർന്ന തലത്തിലുള്ള ഫ്രീ സോൺ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുക എന്നിവ വഴിയും ബ്രസീലുമായുള്ള രാജ്യത്തിന്റെ ബന്ധത്തിന്റെ ഗുണപരമായ സന്ദർഭത്തെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയുമായി (WAM) ഒരു അഭിമുഖത്തിൽ ചോഹ്ഫി അഭിപ്രായപ്പെട്ടു.

ഈ സംരംഭങ്ങൾ ബ്രസീലും യുഎഇയും തമ്മിലുള്ള സഖ്യത്തിൻറെ ഭാവിയ്ക്കായി കൂടുതൽ ശക്തമായ ഘടനകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

"ലോകോത്തര ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ, ഫ്രീ സോണുകൾ, തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, വൈവിധ്യമാർന്ന അന്താരാഷ്ട്ര വ്യാപാര കരാറുകൾ എന്നിവയ്ക്ക് നന്ദി, മറ്റ് പ്രധാന അറബ് വിപണികളിലേക്കും പ്രധാന യൂറോപ്യൻ, ഏഷ്യൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കും ബ്രസീലിന് പ്രവേശനത്തിനുള്ള ഒരു കവാടമായി യുഎഇക്ക് പ്രവർത്തിക്കാനാകും. മാത്രമല്ല, യുഎഇയുമായുള്ള വ്യാപാര ബന്ധത്തിലൂടെ ബ്രസീലിന് ഹലാൽ ഉൽ‌പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആഗോള ആവശ്യം മുതലെടുക്കാനും അവസരം ലഭിക്കുന്നു." ചോഹ്ഫി പറഞ്ഞു.

"തങ്ങളുടെ ബിസിനസ്സ് രാജ്യത്തേക്ക് കൊണ്ടുവരാൻ തിരഞ്ഞെടുക്കുന്നതിലൂടെ ആഗോള നിക്ഷേപകർ ജീവിതനിലവാരം, സാങ്കേതികവിദ്യയോടുള്ള ശക്തമായ പ്രതിബദ്ധത, സുസ്ഥിര വികസനം, ആധുനിക നഗര കേന്ദ്രങ്ങൾ, കൂടുതൽ സമ്പന്നമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങളാൽ ദുബൈയും യുഎഇയും ഈ മേഖലയിലെ നിക്ഷേപങ്ങളുടെ കേന്ദ്രമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്കറിയാം. പുതിയ മൂല്യം സൃഷ്ടിക്കുന്നതിനും കൂടുതൽ മികച്ച ബിസിനസ്സ് അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുമായി യുഎഇ സർക്കാർ അന്താരാഷ്ട്ര സാദ്ധ്യതകൾ വഴി തുടർച്ചയായി നൂതന മാർഗങ്ങൾ തേടുന്നു. ഇത് കൂടുതൽ നിക്ഷേപകരെ സ്ഥിരമായി ആകർഷിക്കുന്നതിന് സഹായിക്കുന്നു." അദ്ദേഹം തുടർന്നുപറഞ്ഞു.

"സ്മാർട്ട് സിറ്റി വികസനത്തെക്കുറിച്ചും മറ്റ് മുൻ‌ഗണനാ മേഖലകളുടെ മെച്ചപ്പെടുത്തലിനെക്കുറിച്ചും ബ്രസീലിന്, പ്രത്യേകിച്ച് വലിയ നഗരങ്ങൾക്ക്, ദുബായ്, യു‌എഇ, മറ്റ് അറബ് മേഖലകളിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. അതുപോലെ, അറബ്-ബ്രസീലിയൻ ചേംബറിലെ ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി അനുഭവങ്ങൾ പങ്കുവെക്കുന്നതിലും, കൃഷി, ഭക്ഷ്യ ഉൽപാദന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള വാണിജ്യത്തിന്റെ പരിഹാരങ്ങളുടെ സംയുക്ത വികസനം, ഉൽ‌പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റം, സംസ്കാരം, വിനോദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും അറബ് ലോകവും ബ്രസീലും തമ്മിലുള്ള സഹകരണം സുഗമമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം." അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക സഹകരണവും വ്യാപാര കരാറുകളും ശക്തിപ്പെടുത്തുന്നതിനും സ്മാർട്ട് സിറ്റികളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും എബിസിസി പുതിയ പാതകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് ചോഹ്ഫി അഭിപ്രായപ്പെട്ടു.

നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആകർഷിക്കുന്നതിനും നിക്ഷേപകരെ സഹായിക്കുന്നതിനുമായി അടുത്തിടെ പുറപ്പെടുവിച്ച യുഎഇ നിയമങ്ങളെക്കുറിച്ച് പരാമർശിക്കവെ ചോഹി, അതിലെ ഗോതമ്പ്, ധാന്യം, ബാർലി പയർവർഗ്ഗങ്ങൾ, കരിമ്പ്, പൂക്കൾ എന്നിവയുടെ ഉൽപാദനത്തിൽ നൂറു ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന വ്യവസ്ഥ ബ്രസീലുമായുള്ള രാജ്യത്തിന്റെ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. ഇത് ബ്രസീലും യുഎഇയും തമ്മിലുള്ള വൈവിധ്യമാർന്ന സാമ്പത്തിക ബന്ധത്തിലേക്ക് നയിക്കും.

"നിരവധി ആധുനിക സ്വതന്ത്ര വ്യാപാര മേഖലകൾ ഉള്ളതിനാൽ ആഗോള വിതരണ ശൃംഖലയെന്ന നിലയിൽ ഇത് സ്ഥാനം ഉയർത്തുവാൻ സഹായിക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയുമായുള്ള രാജ്യത്തിന്റെ വ്യാപാര ബന്ധത്തിലെ പ്രധാന മുൻ‌ഗണനാ മേഖലയാണ് ബ്രസീലിന്റെ കാർഷിക വ്യവസായവും ഭക്ഷ്യ പാനീയങ്ങളും (എഫ് & ബി) മേഖല. ഡിജിറ്റൽ ആപ്ലിക്കേഷനുകൾ, ഫിൻ‌ടെക്, അഗ്രോടെക്നോളജി, ഹെൽത്ത്-ടെക്നോളജി തുടങ്ങിയ പരിഹാരങ്ങൾക്കൊപ്പം കാർഷിക മേഖലയിൽ വളരെയധികം സാധ്യതകൾ ഉപയോഗിക്കാനായേക്കും. പ്രത്യേകിച്ചും അന്താരാഷ്ട്ര ടൂറിസത്തിൻറെ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതിനാൽ ഫാഷൻ, ബ്യൂട്ടി, പേഴ്‌സണൽ കെയർ മേഖലകളിൽ കൂടുതൽ ബ്രസീലിയൻ കമ്പനികളുടെ പ്രാദേശിക സാന്നിധ്യം പ്രധാന അവസരങ്ങളും നൽകും.

എബിസിസിയിൽ, ഞങ്ങൾ അറബ് വിപണിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി ഇൻകുബേറ്റർ അടങ്ങുന്ന ലാബ് സിസിഎബി പ്രോജക്റ്റ് സമാരംഭിക്കാൻ പോകുന്നു.

യുഎഇയുടെ സമ്പദ്‌വ്യവസ്ഥ നിക്ഷേപകർക്ക് തുറന്നുകൊടുക്കുന്നതിനുള്ള സമീപകാല നടപടികൾ, ബ്രസീലുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള വേഗതയേറിയതും കാര്യക്ഷമവുമായ പാതയിലേക്ക് നയിക്കും.

2019 ഒക്ടോബറിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, സൗദി അറേബ്യ എന്നീ മൂന്ന് അറബ് രാജ്യങ്ങൾ സന്ദർശിച്ചു. ഈ മൂന്ന് രാജ്യങ്ങളിലെ ഉന്നത അധികാരികളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം നിക്ഷേപകരെയും സംരംഭകരെയും അധികാരികളെയും ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടികളിൽ പങ്കെടുത്തു. അദ്ദേഹം പുതിയ വ്യാപാര കരാറുകളിൽ ഒപ്പുവെക്കാനുള്ള സാധ്യത ചർച്ച ചെയ്യുകയും ബ്രസീലിൽ ബിസിനസ്, നിക്ഷേപ അവസരങ്ങൾ അവതരിപ്പിക്കുകയും അറബ് രാജ്യങ്ങളുമായി നല്ലതും ഉൽപാദനപരവുമായ ബന്ധം നിലനിർത്തുകയെന്ന ബ്രസീൽ സർക്കാരിന്റെ ലക്ഷ്യം വ്യക്തമാക്കുകയും ചെയ്തു.

കൂടാതെ, വരുമാനത്തിന് ഇരട്ടനികുതി ഒഴിവാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും ബ്രസീലും യുഎഇയും 2018 ൽ ഒരു കരാർ ഒപ്പിട്ടു. ലോകത്തിലെ ഏറ്റവും വലിയ യുഎഇയുടെ പരമാധികാര ഫണ്ടുകൾ ബ്രസീലിൽ നിക്ഷേപിക്കാൻ ഇത് അനുവദിച്ചു. അതുപോലെ തന്നെ തങ്ങളുടെ നിക്ഷേപങ്ങൾ യുഎഇയിലേക്ക് കൊണ്ടുവരാൻ അറബ് മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ബ്രസീൽ കമ്പനികളെ ഇത് പ്രാപ്തരാക്കി.

ഈ കരാർ ബ്രസീൽ-യുഎഇ ബന്ധത്തിന് പ്രധാനമാണ്, എന്നാൽ അവർക്ക് ഇനിയും മുന്നോട്ട് പോകാൻ കഴിയും. ഇന്റർമീഡിയറ്റ്, ഫിനിഷ്ഡ് ചരക്കുകൾ ഉൾക്കൊള്ളുന്ന പ്രാദേശിക താരിഫ് കുറയ്ക്കൽ നടപ്പാക്കൽ, നേരിട്ടുള്ള സമുദ്ര റൂട്ടുകൾ സ്ഥാപിക്കൽ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും സാദ്ധ്യതകൾ തേടാൻ കഴിയും.

കഴിഞ്ഞ വർഷം യുഎഇ അറബ് രാജ്യങ്ങൾക്കിടയിലെ ബ്രസീൽ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനവും ബ്രസീലിയൻ ഇറക്കുമതിയിൽ നാലാമതുമായിരുന്നു. 2020 ൽ ബ്രസീലിന്റെ മൊത്തം ആഗോള വ്യാപാരത്തിൽ, മൊത്തം കയറ്റുമതിയിൽ 24 ആം സ്ഥാനത്തും മൊത്തം ഇറക്കുമതിയിൽ 37 ആം സ്ഥാനത്തുമാണ് യു‌എഇ. 2020 ൽ ബ്രസീൽ 2.06 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള സാധനങ്ങൾ യുഎഇയിലേക്ക് കയറ്റുമതി ചെയ്തു. ഇതേ കാലയളവിൽ അതിന്റെ ഇറക്കുമതി 733.99 ദശലക്ഷം യുഎസ് ഡോളറാണ്. മൊത്തം വ്യാപാര പ്രവാഹം 2.79 ബില്യൺ യുഎസ് ഡോളറിലെത്തി.

2021 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ബ്രസീലും യുഎഇയും തമ്മിലുള്ള വ്യാപാര മൂല്യം 430.98 മില്യൺ ഡോളറിലെത്തി. ഈ വർഷം ആദ്യ പാദത്തിൽ ബ്രസീൽ 352.20 ദശലക്ഷം യുഎസ് ഡോളർ കയറ്റുമതി ചെയ്യുകയും 78.78 ദശലക്ഷം യുഎസ് ഡോളർ ഇറക്കുമതി ചെയ്യുകയും ചെയ്തു.

അറബ് രാജ്യങ്ങൾക്കിടയിലെ ബ്രസീലിയൻ കയറ്റുമതിയുടെ നാലാമത്തെ പ്രധാന ലക്ഷ്യസ്ഥാനവും 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള ബ്രസീലിയൻ ഇറക്കുമതിയുടെ ആറാമത്തെ ഉറവിടവുമാണ് യുഎഇ. ആഗോളതലത്തിൽ യുഎഇ മൊത്തം കയറ്റുമതിയിൽ 34 ആം സ്ഥാനത്തും ഇതേ കാലയളവിൽ മൊത്തം ഇറക്കുമതിയിൽ 55 ആം സ്ഥാനത്തുമാണ്.

WAM/Sreejith Kalarikkal http://wam.ae/en/details/1395302933709 WAM/Malayalam

WAM/Malayalam