ഞായറാഴ്ച 13 ജൂൺ 2021 - 3:21:17 pm

ടൂറിസ മേഖലയിലെ ബിസിനസുകൾ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിന് മാലിദ്വീപിന് 10 മില്യൺ ഡോളർ ഒപെക് ഫണ്ട് വായ്പ നൽകുന്നു


വിയെന്ന, 2021 ജൂൺ 08, (WAM) -- ബാങ്ക് ഓഫ് മാലിദ്വീപുമായി 10 ദശലക്ഷം യുഎസ് ഡോളറിന്‍റെ സ്വകാര്യമേഖല വായ്പ കരാർ ഒപ്പിട്ടതായി ഒപെക് ഫണ്ട് ഫോർ ഇന്‍റർനാഷണൽ ഡവലപ്മെന്‍റ് (OFID) പ്രഖ്യാപിച്ചു.

കോവിഡ്-19 പകർച്ചവ്യാധി സാരമായി ബാധിച്ച മാലിദ്വീപിലെ ടൂറിസ മേഖലയിലും അനുബന്ധ സേവനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SME) വായ്പ നൽകുന്നതിനായി ഫണ്ട് വിനിയോഗിക്കുന്നതാണ്.

ടൂറിസം വ്യവസായത്തിലെ മുൻനിര വായ്പാ ദാതാവും മാലിദ്വീപിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും എന്ന നിലയിൽ ബാങ്ക് ഓഫ് മാലദ്വീപ് ടൂറിസത്തിലെയും അനുബന്ധ വ്യവസായങ്ങളിലെയും ബിസിനസുകൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തന മൂലധനം നൽകും.

പകർച്ചവ്യാധിയെ സാരമായി ബാധിച്ച ടൂറിസം, ബിസിനസ് മേഖലകൾക്കുള്ള കോവിഡ്-19 സഹായ പദ്ധതികൾ ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ധനസഹായം ലഭിക്കുന്നതെന്ന് ബാങ്ക് ഓഫ് മാലദ്വീപ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ടിം സായർ അഭിപ്രായപ്പെട്ടു.

ഒപെക് ഫണ്ട് ഡയറക്ടർ ജനറൽ ഡോ. അബ്ദുൽഹമീദ് അൽഖലിഫ പറഞ്ഞു, "പകർച്ചവ്യാധിക്ക് ശേഷമുള്ള മാലിദ്വീപിലെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കാൻ അവസരം ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ സ്വകാര്യമേഖല വായ്പ നൽകൽ മാലിദ്വീപുമായുള്ള ഞങ്ങളുടെ സ്ഥാപിത സഹകരണ ഫ്രെയിംവർക്കിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു, ഇത് 1977 മുതൽ ആരംഭിച്ചതും ദശാബ്ദങ്ങളായി രാജ്യത്തെ നിർണായക വികസന പദ്ധതികളെ സഹായിക്കുന്നതിന് പൊതു-സ്വകാര്യമേഖലയ്ക്ക് ധനസഹായം നൽകാൻ ഒപെക് ഫണ്ടിനെ അനുവദിക്കുകയും ചെയ്തു."

"ഞങ്ങളുടെ വായ്പ ബിസിനസുകൾ പുനരുജ്ജീവിപ്പിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് നിർണായകമായ തൊഴിലുകൾ നിലനിർത്താനും സഹായിക്കും," അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക ബാങ്ക് ഗ്രൂപ്പിലെ അംഗമായ ഐ‌എഫ്‌സിയുടെ നേതൃത്വത്തിലുള്ള സിൻഡിക്കേഷന്‍റെ ഭാഗമാണ് ഒപെക് ഫണ്ട് വായ്പ. കോവിഡ്-19 ആഘാതമുണ്ടാക്കിയ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിന് മാലിദ്വീപിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നത് നിർണായകമാണെന്ന് ഐ‌എഫ്‌സി ഏഷ്യ, പസഫിക് മേഖലയിലെ ധനകാര്യ സ്ഥാപനങ്ങളുടെ റീജിയണൽ ഡയറക്ടർ റോസി ഖന്ന പറഞ്ഞു.

ഗതാഗതം, മൾട്ടി സെക്ടറൽ, ജല, ശുചിത്വ, സാമ്പത്തിക മേഖലകളിലെ ധനസഹായ പദ്ധതികൾ ഉൾപ്പെടെ ഒപെക് ഫണ്ട് പതിറ്റാണ്ടുകളായി മാലിദ്വീപിലെ പൊതു-സ്വകാര്യ മേഖലയ്ക്ക് വായ്പ നൽകിയിട്ടുണ്ട്. തങ്ങളുമായി പങ്കാളിത്തമുള്ള രാജ്യങ്ങളെ സഹായിക്കുന്നതിന് കഴിഞ്ഞ വർഷം അനുമതി ലഭിച്ച ഒപെക് ഫണ്ടിന്‍റെ കോവിഡ്-19 റെസ്പോൺസ് പാക്കേജിന്‍റെ ഭാഗമാണിത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെ ഒപെക്കിന്‍റെ 13 അംഗ രാജ്യങ്ങൾ ചേർന്ന് 1976 ജനുവരിയിലാണ് ഒഫിഡ് (OFID) സ്ഥാപിച്ചത്. വികസ്വര രാജ്യങ്ങൾക്ക് സഹായത്തിനുള്ള ഒരു മാർഗമായി സ്ഥാപിതമായ വികസന ധനകാര്യ സ്ഥാപനമാണിത്.

WAM/ Afsal Sulaiman https://www.wam.ae/en/details/1395302941627 WAM/Malayalam

WAM/Malayalam