തിങ്കളാഴ്ച 26 ജൂലൈ 2021 - 7:48:44 am

സൗദി അറേബ്യയ്‌ക്കെതിരായ ഹൂതി ഡ്രോൺ ആക്രമണ ശ്രമത്തെ യുഎഇ അപലപിച്ചു


അബുദാബി, 2021 ജൂൺ 20, (WAM) -- സൗദി അറേബ്യയിലെ സിവിലിയന്മാരെയും സിവിൽ വസ്‌തുക്കളെയും ലക്ഷ്യമിട്ട് സ്‌ഫോടകവസ്തു ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദ ഗ്രൂപ്പുകളുടെ ആസൂത്രിതമായ ശ്രമങ്ങളെ യുഎഇ ശക്തമായി അപലപിച്ചു.

ഹൂതികളുടെ ആവർത്തിച്ചുള്ള ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള അവഗണനയാണെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തുവിട്ട പ്രസ്താവനയിൽ യുഎഇ ആവർത്തിച്ചു.

നിർണായകമായ അടിസ്ഥാന സൗ കര്യങ്ങൾ ലക്ഷ്യമിടുന്നതും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ആഗോള ഊർജ്ജ വിതരണത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഈ ആവർത്തിച്ചുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് അടിയന്തരവും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

ഈ ഭീകരാക്രമണങ്ങളിൽ യുഎഇ സൗദി അറേബ്യയുമായുള്ള പൂർണ ഐക്യദാർഢ്യം പുതുക്കുകയും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായ എല്ലാ ഭീഷണികൾക്കെതിരെയും നിലപാട് ആവർത്തിക്കുകയും ചെയ്തു.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിന് സൗദി അധികൃതർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇ പിന്തുണ ആവർത്തിച്ചു.

യുഎഇയുടെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമാണെന്നും രാജ്യം നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

WAM/ Afsal Sulaiman http://wam.ae/en/details/1395302945504 WAM/Malayalam

WAM/Malayalam