ചൊവ്വാഴ്ച 27 ജൂലൈ 2021 - 10:59:36 pm

'മധ്യ, ദക്ഷിണേഷ്യ കണക്റ്റിവിറ്റി' ഗൾഫുമായുള്ള വ്യാപാരം മെച്ചപ്പെടുത്താൻ സഹായിക്കും, പ്രത്യേകിച്ച് യുഎഇ ബന്ധം: ഉസ്ബെക്ക് പ്രതിനിധി

  • 123
  • 12345

അബുദാബി, 2021 ജൂലായ് 15, (WAM) -- മധ്യ-ദക്ഷിണേഷ്യ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ഉസ്ബെക്ക് സംരംഭം ഈ രണ്ട് പ്രദേശങ്ങളും അറേബ്യൻ ഗൾഫും, പ്രത്യേകിച്ച് യുഎഇയും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഉസ്ബെക്ക് ഉന്നത നയതന്ത്രജ്ഞൻ എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് (WAM) പറഞ്ഞു.

"ഉസ്ബെക്കിസ്ഥാന് അറേബ്യൻ ഗൾഫ് രാജ്യങ്ങളുമായി നേരിട്ട് ലാൻഡ് റൂട്ട് ഇല്ല, അത് ഞങ്ങൾക്കിടയിലെ വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും വളർച്ചയെ തടസ്സപ്പെടുത്തുന്നു. പാകിസ്ഥാൻ തുറമുഖങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നത് ഉസ്ബെക്ക് ചരക്കുകൾ അറേബ്യൻ ഗൾഫിലെ പ്രധാന തുറമുഖങ്ങളിൽ, പ്രത്യേകിച്ച് അബുദാബി, ദുബായ്, ഫുജൈറ എന്നിവടങ്ങളിലേക്ക് ബന്ധപ്പെടാൻ ഞങ്ങളെ സഹായിക്കും. യുഎഇയിലെ ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിന്റെ അംബാസഡർ ബക്ത്യോർ ഇബ്രാഗിമോവ് പറഞ്ഞു.

ഉസ്ബെക്ക് കയറ്റുമതി വസ്തുക്കളുടെ മത്സരശേഷി മെച്ചപ്പെടുത്താൻ ഇത്തരമൊരു കണക്റ്റിവിറ്റി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിന്റെ മേൽനോട്ടത്തിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താഷ്‌കന്റിൽ നടക്കുന്ന "മധ്യ, ദക്ഷിണേഷ്യ: പ്രാദേശിക കണക്റ്റിവിറ്റി - വെല്ലുവിളികളും അവസരങ്ങളും" എന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇബ്രാഹിമോവ്.

സൗത്ത് ട്രാൻസ്പോർട്ട് ഇടനാഴി സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തിലേക്ക് ലോകമെമ്പാടുമുള്ള തീരുമാനമെടുക്കുന്നവരുടെയും നിക്ഷേപകരുടെയും ശ്രദ്ധ ആകർഷിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്," അംബാസഡർ ഊന്നിപ്പറഞ്ഞു.

ആധുനിക ഗതാഗത, കമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കൽ, ഉസ്ബെക്കിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാൻ വഴി കറാച്ചിയിലെയും ഗ്വാഡറിലെയും പാകിസ്ഥാൻ തുറമുഖങ്ങളിലേക്ക് ദക്ഷിണ ഗതാഗത ഇടനാഴിയുടെ പദ്ധതി നടപ്പാക്കുന്നത് സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക വ്യാപാര-സാമ്പത്തിക കേന്ദ്രമായിരുന്ന മധ്യേഷ്യൻ രാജ്യങ്ങളും യുഎഇയും തമ്മിലുള്ള ചരക്ക് പ്രവാഹം വർദ്ധിപ്പിക്കാൻ ഈ ശ്രമങ്ങൾ സഹായിക്കുമെന്ന് ഇബ്രാഗിമോവ് പറഞ്ഞു.

"മധ്യ, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും; പ്രത്യേകിച്ചും അഫ്ഗാനിസ്ഥാന് ഇത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഈ ശ്രമങ്ങൾക്കൊടുവിൽ സാമ്പത്തിക, നിക്ഷേപ സഹകരണത്തിലൂടെ ഈ മേഖലയിൽ ദീർഘകാല സമാധാനവും സുസ്ഥിരതയും കൈവരിക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു പ്രദേശങ്ങളിലെയും എല്ലാ ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കായി മധ്യ-ദക്ഷിണേഷ്യ തമ്മിലുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധങ്ങളും വിശ്വാസവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് താഷ്‌കന്റ് സമ്മേളനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സമ്മേളനത്തിൽ മധ്യ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, മറ്റ് വിദേശ രാജ്യങ്ങൾ, അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ മേധാവികൾ, ആഗോള ധനകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ, പ്രമുഖ ഗവേഷണ-വിശകലന സ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കും.

WAM/ Afsal Sulaiman http://wam.ae/en/details/1395302953034 WAM/Malayalam

WAM/Malayalam