Wed 15-03-2023 07:44 AM
അബുദാബി, 15 മാർച്ച് 2023 (WAM) – ഇന്ത്യയുടെ പബ്ലിക് ബ്രോഡ്‌കാസ്റ്ററായ പ്രസാർ ഭാരതിയുമായി ചേർന്ന് മാധ്യമ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനൊരുങ്ങുകയാണ് യുഎഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ എമിറേറ്റ്‌സ് ന്യൂസ് ഏജൻസി (വാം).
അബുദാബിയിലെ ഏജൻസി ആസ്ഥാനത്ത് ഇന്ന് പ്രസാർ ഭാരതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗൗരവ് ദ്വിവേദിയും യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘവും വാം ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയ്‌സിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ചു ചർച്ച നടന്നത്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം എല്ലാ മേഖലകളിലും ശക്തിപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ, രണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ബന്ധത്തിന്റെ ആഴം കൂട്ടുമെന്നും അൽ റെയ്സി അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളിലെയും പ്രേക്ഷകർക്കായി വിശ്വസനീയവും ആധികാരികവുമായ വാർത്തകൾ കൈമാറുന്നതിനു പുറമേ, ജനതകൾ തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പ്രസാർ ഭാരതിയുടെ സിഇഒ എന്ന നിലയിലുള്ള എന്റെ ആദ്യ ഔദ്യോഗിക വിദേശ യാത്രയാണ് ഇത്. യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഞങ്ങൾ നൽകുന്ന പ്രാധാന്യത്തിന്റെ സൂചന കൂടിയാണിത്" ദ്വിവേദി പറഞ്ഞു.
എമിറേറ്റ്‌സ് ന്യൂസ് ഏജൻസി ഡയറക്ടർ ജനറലുമായുള്ള യോഗത്തിൽ സംയുക്ത നിർമ്മാണം, ഉള്ളടക്കം പങ്കിടൽ,വിവിധ മാധ്യമ സാങ്കേതികവിദ്യകളിലെ പരിശീലനം, യുഎഇയിൽ ദൂരദർശന്റെ സാന്നിധ്യം വിപുലീകരിക്കുക തുടങ്ങിയ മേഖലകളിൽ സഹകരിക്കാൻ പരസ്പരം ധാരണയിൽ എത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-യുഎഇ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന്റെ കഥ അവയിലെ പൗരന്മാരിലേക്കും ലോകമെമ്പാടുമുള്ള ജനങ്ങളിലേക്കും എത്തിക്കേണ്ടത് വളരെ പ്രധാനമാണ് . പ്രസാർ ഭാരതിയുടെ സിഇഒയുടെ യുഎഇ സന്ദർശനം ഈ ലക്ഷ്യം കൈവരിക്കുന്നതിന് വലിയ സംഭാവന നൽകുമെന്നും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അഭിപ്രായപ്പെട്ടു
എമിറേറ്റ്സ് ന്യൂസ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും എഡിറ്റർമാരും യോഗത്തിൽ പങ്കെടുത്തു. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിനായി വിപുലമായ പദ്ധതികളും യോഗം ചർച്ച ചെയ്തു.
WAM/ അമൃത രാധാകൃഷ്ണൻ