ഒരു മില്യൺ യാത്രകൾ, നാടുചുറ്റി ഇ-സ്‌കൂട്ടറുകൾ

ഒരു മില്യൺ യാത്രകൾ, നാടുചുറ്റി ഇ-സ്‌കൂട്ടറുകൾ

ദുബായ്, 16 മാർച്ച് 2023 (WAM) -- ജനപ്രിയമായി മാറുകയാണ് ദുബായിലെ ആ​ർടിഎ​യു​ടെ കീ​ഴി​ലു​ള്ള ഇ-സ്‌കൂട്ടർ വാടകയ്‌ക്ക് നൽകൽ . ഷെ​യ​ർ ഇ-​സ്കൂ​ട്ട​റു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ​ത്​ 1 മില്യൺ യാത്രകളാണെന്നാണ് 2022ലെ ആ​ർടിഎ​യുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.പുതിയ കണക്കനുസരിച്ച് 557,000 റൈഡർമാർ ഈ സേവനം ഉപയോഗിക്കുകയും 76% സംതൃപ്തി നേടുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും ഉയർന്ന സുരക്ഷയും ഗുണമേന്മയും ഉള്ള പ്രത്യേക പാതകൾ ഒരുക്കുന്നതിനുമുള്ള ആർടിഎയുടെ ശ്രമങ്ങളാണ് ആദ്യഘട്ട പ്രവർത്തനത്തിന്റെ വിജയത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

2023ൽ 11 പുതിയ റെസിഡൻഷ്യൽ ഏരിയകൾ 11 ജില്ലകളിൽ ഇ-സ്‌കൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുമെന്നും ആർടിഎ അറിയിച്ചു. ഇതോടെ ഇ-സ്‌കൂട്ടർ യാത്രക്കാർക്കായി സമർപ്പിച്ചിരിക്കുന്ന ട്രാക്കുകളുടെ മൊത്തം ദൈർഘ്യം 185ൽ നിന്ന് 390 ആയി നിലവിലെ പാതയിൽ നിന്ന് ഇരട്ടിയാക്കും. അൽ തവാർ 1, അൽ തവാർ 2, ഉമ്മു സുഖീം 3, അൽ ഗർഹൂദ്, മുഹൈസ്‌ന 3, ഉമ്മു ഹുറൈർ 1, അൽ സഫ 2, അൽ ബർഷ സൗത്ത് 2, അൽ ബർഷ 3, അൽ ഖൂസ് 4,അൽ ഖുസൈസ് 3 എന്നിവയാണ് ഇ-സ്‌കൂട്ടറുകൾക്ക് അനുമതിയുള്ള പുതിയ മേഖലകൾ.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ-​സ്കൂ​ട്ട​റിന് അനുവദിച്ചിട്ടുള്ള പ​ര​മാ​വ​ധി വേ​ഗ​ത​യിലും മാറ്റങ്ങളുണ്ട്. അ​പ​ക​ടം കു​റ​ക്കു​ന്ന​തി​ന്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി. ബോ​ധ​വ​ത്​​ക​ര​ണത്തിൽ എക്‌സിക്യുട്ടീവ് കൗൺസിലിന്റെ 2022-ലെ പ്രമേയം നമ്പർ 13, ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് ബാധകമായ ലിസ്റ്റുചെയ്യുപ്പെട്ട 21 ട്രാഫിക് നിയമലംഘനങ്ങളും, എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളും ഉൾപ്പെടുത്തി. അവർക്ക് അനുവദനീയമായ റോഡുകളിലൂടെ മാത്രം സഞ്ചരിക്കണമെന്നും ആർടിഎ സ്കൂട്ടർ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. സുരക്ഷാ ഹെൽമറ്റും ജാക്കറ്റും ധരിക്കുക, രാത്രിയിൽ വാഹനമോടിക്കുമ്പോൾ സ്കൂട്ടറിൽ മുന്നിലും പിന്നിലും ലൈറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ ട്രാഫിക് സുരക്ഷാ നിബന്ധനകളും അവർ പാലിക്കണമെന്നും ആർടിഎ അറിയിച്ചു.

WAM/ അമൃത രാധാകൃഷ്ണൻ