Sun 21-05-2023 19:17 PM
ഷാർജ, 21 മെയ് 2023 (WAM) -- ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) ആഭിമുഖ്യത്തിൽ ഷാർജ എക്‌സ്‌പോർട്ട്‌സ് ഡെവലപ്‌മെന്റ് സെന്റർ നയിക്കുന്ന വ്യാപാര ദൗത്യം സംഘത്തെ മെയ് 29 മുതൽ ജൂൺ 2 വരെ ഇന്ത്യയിലേക്ക് അയക്കുമെന്ന് എസ്‌സിസിഐ പ്രഖ്യാപിച്ചു. സാമ്പത്തിക, വ്യാപാര സഹകരണം വർധിപ്പിക്കാനും പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഷാർജ എമിറേറ്റും ഇന്ത്യയും തമ്മിൽ പങ്കാളിത്തം സ്ഥാപിക്കാനുമാണ് ദൗത്യം ലക്ഷ്യമിടുന്നത്.
എസ്‌സിസിഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് ദൗത്യത്തിന് നേതൃത്വം നൽകും, എസ്‌സിസിഐ ഉദ്യോഗസ്ഥരും ഷാർജയിലെ പ്രമുഖ സ്വകാര്യ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുക്കും.
ഷാർജ ബിസിനസ്സ് കമ്മ്യൂണിറ്റിയുടെയും ചേംബർ അംഗങ്ങളുടെയും പ്രയോജനത്തിനായി വിദേശ വിപുലീകരണത്തിനും പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ചേമ്പറിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെ വരാനിരിക്കുന്ന വ്യാപാര ദൗത്യം പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോള വിപണിയിൽ പ്രാദേശിക ഉൽപന്നങ്ങളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് എമിറേറ്റിന്റെ മത്സര നിലവാരം വർധിപ്പിക്കുകയും യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മെയ്, 1 2022 പ്രാബല്യത്തിൽ വന്ന ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന് സജീവമായി സംഭാവന നൽകുകയും ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ച വ്യാപാര പ്രവാഹം സുഗമമാക്കാനും പ്രധാന കയറ്റുമതി മേഖലകളെ ഉത്തേജിപ്പിക്കാനും ഒന്നിലധികം വ്യവസായങ്ങളിൽ വ്യാവസായിക ഉൽപ്പാദനവും നിക്ഷേപ അവസരങ്ങളും വർദ്ധിപ്പിക്കാനും, പരസ്പര പ്രയോജനകരമായ പങ്കാളിത്തം വളർത്താനും കരാർ ശ്രമിക്കുന്നു.
അഞ്ച് ദിവസങ്ങളിലായി, വ്യാപാര പ്രതിനിധി സംഘം ഷാർജയിൽ ലഭ്യമായ ആനുകൂല്യങ്ങൾ, പ്രോത്സാഹനങ്ങൾ, നിക്ഷേപ അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ഷാർജയുടെ സാമ്പത്തിക കാഴ്ചപ്പാടും സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന മേഖലകളിൽ നിക്ഷേപം നടത്താനും, ബിസിനസ്സ് തുടങ്ങാനും ഇന്ത്യൻ ബിസിനസ് സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യും.
മുംബൈയും ന്യൂഡൽഹിയുമാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യസ്ഥാനങ്ങൾ. അവിടെയുള്ള ബിസിനസ് ഫോറങ്ങൾ ഇരു രാജ്യങ്ങളിലെയും ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും നേതാക്കളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുകയും പുതിയ പരസ്പര ധാരണകൾ വളർത്തുകയും ചെയ്യും. യുഎഇയും ഇന്ത്യൻ ബിസിനസ് കമ്മ്യൂണിറ്റികളും തമ്മിലുള്ള നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിനും സാമ്പത്തിക പങ്കാളിത്തം വളർത്തുന്നതിനുമുള്ള പരിപാടികളും യോഗങ്ങളും പരിപാടിയിൽ ഉൾപ്പെടും.
ഷാർജയിൽ പുതിയ ഇന്ത്യൻ പ്രൊഫഷണൽ ബിസിനസ് കൗൺസിൽ സ്ഥാപിതമായതിനെ തുടർന്നാണ് ഈ ദൗത്യം. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും സുഹൃദ് രാഷ്ട്രങ്ങളുമായുള്ള വ്യാപാര-നിക്ഷേപ അളവ് വർധിപ്പിക്കുന്നതിനുമായി വ്യവസായികളെ പ്രതിനിധീകരിക്കുന്ന ബിസിനസ് കൗൺസിലുകൾ രൂപീകരിക്കുന്നതിനുള്ള വിപുലമായ സംരംഭത്തിന്റെ ഭാഗമാണ് എസ്‌സിസിഐയുടെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരിയിൽ കൗൺസിൽ ആരംഭിച്ചത്.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സജീവമായതിനെത്തുടർന്ന്, യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കാര്യമായ ഗുണപരമായ ഫലങ്ങൾ കണ്ടു. ആദ്യ 11 മാസത്തിനുള്ളിൽ എണ്ണ ഇതര വ്യാപാരത്തിന്റെ മൂല്യം 45.5 ബില്യൺ യുഎസ് ഡോളറായി ഉയർന്നു - ഇതേ കാലയളവിൽ 6.9 ശതമാനം വാർഷിക വർദ്ധനവ്.
WAM/അമൃത രാധാകൃഷ്ണൻ