Fri 26-05-2023 09:36 AM
ദുബായ്, 2023 മെയ് 26, (WAM)–എമിറേറ്റിലെ പബ്ലിക് ബീച്ചുകളുടെ മൊത്തം നീളം 400 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന 'പബ്ലിക് ബീച്ചുകൾക്കായുള്ള ദുബായ് മാസ്റ്റർ പ്ലാൻ' ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ചു.
പുതിയ ബീച്ചുകൾ തുറക്കുന്നതും നിലവിലുള്ളവ വിപുലമായ സൗകര്യങ്ങളോടെ വികസിപ്പിക്കാനുമാണ് ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
"നഗരവികസനത്തിൽ മികച്ച നിലവാരം പുലർത്താൻ ദുബായ് പ്രതിജ്ഞാബദ്ധമാണെന്നും, പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, സന്തോഷം ഉറപ്പാക്കുന്നതിനുമാണ് എമിറേറ്റ് ഏറ്റവും മുൻഗണന നൽകുന്നത്," ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.
പബ്ലിക് ബീച്ചുകൾക്കായുള്ള ദുബായ് മാസ്റ്റർ പ്ലാൻ 2040 ഓടെ പബ്ലിക് ബീച്ചുകളുടെ നീളം 400 ശതമാനം വർദ്ധിപ്പിക്കും. അവയുടെ ആകെ നീളം 21 കിലോമീറ്ററിൽ നിന്ന് 105 കിലോമീറ്ററായി ഉയരും.2025 ഓടെ പബ്ലിക് ബീച്ചുകളിൽ നൽകുന്ന സേവനങ്ങൾ 300 ശതമാനം വർദ്ധിപ്പിക്കാനുമാണ് പദ്ധതി.
"ഞങ്ങൾ 1960-ൽ ദുബായിൽ ആദ്യത്തെ അർബൻ പ്ലാൻ ആരംഭിച്ചു. വികസനം എന്നത് ദുബായിൽ നിർത്താതെയുള്ള യാത്രയാണ്. വ്യക്തികൾക്കും കുടുംബങ്ങൾക്കും മികച്ച ജീവിത നിലവാരം ദുബായ് തുടർന്നും നൽകും,” ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിലായിരുന്നു അംഗീകാരം. ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ, ദുബായ് എയർപോർട്ട് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, കൂടാതെ ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മുതിർന്ന ഉദ്യോഗസ്ഥരും തദവസരത്തിൽ സന്നിഹിതരായിരുന്നു.
പബ്ലിക് ബീച്ചുകൾക്കായുള്ള ദുബായ് മാസ്റ്റർ പ്ലാൻ പ്രകാരം, 2040 ഓടെ ദുബായിലെ പബ്ലിക് ബീച്ചുകളുടെ ആകെ നീളം 21 കിലോമീറ്ററിൽ നിന്ന് 105 കിലോമീറ്ററായി ഉയരും. എമിറേറ്റിലെ ജനസംഖ്യയിലെ വർധനയും കുടിയേറ്റവും കണക്കിലെടുത്ത് 84 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പബ്ലിക് ബീച്ചുകൾ കൂട്ടിച്ചേർക്കും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്തിനും വിനോദസഞ്ചാരത്തിന് ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി എമിറേറ്റിൻ്റെ പദവി ഉറപ്പിക്കുന്നതിനുള്ള ദുബായ് ഇക്കണോമിക് അജണ്ടക്ക് അനുസൃതമായി ബീച്ച് യാത്രക്കാർക്ക് അതുല്യമായ അനുഭവങ്ങൾ നൽകാനുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് പുതിയ മാസ്റ്റർ പ്ലാൻ തെളിയിക്കുന്നത്.
ജബൽ അലി പബ്ലിക് ബീച്ച്
നഖീലുമായി സഹകരിച്ച് ജബൽ അലി പബ്ലിക് ബീച്ചിൻ്റെ വികസനത്തിന്റെ ഒന്നാം ഘട്ടത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന അസാധാരണമായ ഇക്കോ ടൂറിസം ആകർഷണമായി ബീച്ച് വികസിപ്പിക്കും. മണ്ണൊലിപ്പിൽ നിന്നുള്ള സംരക്ഷണം വർധിപ്പിക്കുന്നതിനും സമുദ്ര ജീവിക്കളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനുമായി ബീച്ചിൻ്റെ ചില ഭാഗങ്ങളിൽ കണ്ടൽ മരങ്ങൾ വച്ചുപിടിപ്പിക്കും. ബീച്ചിൽ വിവിധ പൊതു സേവനങ്ങളും സൗകര്യങ്ങളും ഉണ്ടായിരിക്കും.
പൊതു ബീച്ചിൽ സൈക്ലിംഗ്, കാൽനട ട്രാക്കുകൾ, അക്വാ സ്‌പോർട്‌സ് സൗകര്യങ്ങൾ, വിശ്രമ-വിനോദ സൗകര്യങ്ങൾ, റെസ്റ്റോറൻ്റുകൾ, ഭക്ഷണ വണ്ടികൾ, ഷോപ്പുകൾ, നിക്ഷേപ ഔട്ട്‌ലെറ്റുകൾ, കുടുംബ ഇടങ്ങൾ, ബീച്ച് ക്യാമ്പിംഗ്, പാർക്കിംഗ് ഏരിയകൾ എന്നിവയും ഉണ്ടായിരിക്കും. ജബൽ അലി മെട്രോ സ്‌റ്റേഷനുമായി പുതിയ ജബൽ അലി പബ്ലിക് ബീച്ചുമായി ബന്ധിപ്പിക്കുന്നതിന് നേരിട്ട് പൊതു ബസ് റൂട്ട് ആരംഭിക്കും.
കടലാമകളുടെ സംരക്ഷണത്തിനായി ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി ബീച്ചിൽ നിർമ്മിച്ച കടലാമകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് കഴിയും. രാജ്യത്തിൻ്റെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുക എന്ന വിശാലമായ ലക്ഷ്യത്തിൻ്റെ ഭാഗമായി കടലാമകളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും അവയെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള രാജ്യവ്യാപകമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ ശ്രമം.
അൽ മംസാർ പബ്ലിക് ബീച്ച്
പൊതു ബീച്ചുകൾക്കായുള്ള ദുബായ് മാസ്റ്റർ പ്ലാനിൽ അൽ മംസാർ പബ്ലിക് ബീച്ചിൻ്റെ (ക്രീക്കും കോർണിഷും) കൂടുതൽ വികസനവും ഉൾപ്പെടുന്നു. ഈ വർഷം ജൂണിൽ ആരംഭിക്കുന്ന വികസന പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ പൊതു സൗകര്യങ്ങൾ, കാൽനട, സൈക്ലിംഗ് ട്രാക്കുകൾ, ബീച്ചിലെ കോർണിഷ് ഭാഗത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
പ്രധാന ലക്ഷ്യങ്ങൾ
പുതിയ പദ്ധതിയുടെ ഭാഗമായി, അൽ മംസാർ പൊതു ബീച്ചുകളിൽ 4,000 മീറ്റർ സൈക്ലിംഗ് ട്രാക്ക് കൂട്ടിച്ചേർക്കും, 2023-ൽ പൊതു ബീച്ചുകളുടെ 9 ശതമാനം രാത്രി നീന്തലിനായി നിയോഗിക്കും. 2024-ൽ ബീച്ചിലെ സേവനങ്ങളുടെ എണ്ണം ഇരട്ടിയാക്കും. കൂടാതെ 3 ശതമാനം പൊതു ബീച്ചുകൾ രാത്രി നീന്തലിനായി നിയോഗിക്കപ്പെടും, 2025-ൽ ബീച്ച് സേവനങ്ങൾ മൂന്നിരട്ടിയായി വർദ്ധിക്കുകയും സൈക്ലിംഗ് ട്രാക്കുകളുടെ നീളം 20 ശതമാനം വർദ്ധിക്കുകയും ചെയ്യും.
നിശ്ചയദാർഢ്യമുള്ള ആളുകൾക്കുള്ള സേവനങ്ങൾ
പൊതു ബീച്ചുകൾക്കായുള്ള ദുബായ് മാസ്റ്റർ പ്ലാൻ നിശ്ചയദാർഢ്യമുള്ള ആളുകളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നു, അവർക്ക് ബീച്ചിലേക്കും നീന്തൽ സൗകര്യങ്ങളിലേക്കും സുഗമമായ പ്രവേശനം ഉറപ്പാക്കാൻ ശ്രമിക്കുന്നു. അൽ മംസാർ മുതൽ ഉമ്മു സുഖീം വരെയുള്ള എല്ലാ പൊതു ബീച്ചുകളിലും അവരുടെ സൗകര്യത്തിന് അനുയോജ്യമായ സേവനങ്ങളും സൗകര്യങ്ങളും അവതരിപ്പിക്കും.
അന്താരാഷ്‌ട്ര സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള ദുബായ് യൂണിവേഴ്‌സൽ കോഡ് ഓഫ് ഡിസൈനിന് അനുസൃതമായി ബീച്ച് ഡെവലപ്‌മെൻ്റ് പ്രോജക്റ്റുകളുടെ രൂപകൽപ്പനയിൽ അവരുടെ പ്രത്യേക ആവശ്യകതകൾ സംയോജിപ്പിച്ച് ശ്രവണ, കാഴ്ച വൈകല്യമുള്ള നിശ്ചയദാർഢ്യമുള്ള ആളുകളെയും പദ്ധതിയിൽ ഉൾക്കൊള്ളിക്കും .
ജുമൈറ പബ്ലിക് ബീച്ച് 1, 2, ഉമ്മു സുഖീം പബ്ലിക് ബീച്ച് 1, 2, അൽ മംസാർ പബ്ലിക് ബീച്ച്, അൽ മംസാർ കോർണിഷ് എന്നിവിടങ്ങളിൽ 28 പാർക്കിംഗ് സ്ഥലങ്ങളിൽ നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് കടലിലേക്കുള്ള പ്രവേശനം കാര്യക്ഷമമാക്കാൻ മൊത്തം 10 പ്രവേശന കവാടങ്ങളും വഴികളും ഇതിനകം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട പൊതു സൗകര്യങ്ങൾ, കടൽത്തീരത്തെ വീൽചെയറുകൾ, കടലിൽ നീന്താൻ ഉപയോഗിക്കുന്ന പൊതു കസേരകൾ എന്നിവയ്‌ക്കൊപ്പം നിശ്ചയദാർഢ്യമുള്ള ആളുകൾക്കായി നിയുക്തമാക്കിയിരിക്കുന്നു. നിശ്ചയദാർഢ്യമുള്ള ആളുകളെ സേവിക്കുന്നതിനായി എല്ലാ ബീച്ചുകളിലും പരിചയസമ്പന്നരായ ലൈഫ് ഗാർഡുകളെ വിന്യസിച്ചിട്ടുണ്ട്.
ജുമൈറ പബ്ലിക് ബീച്ച് 2 അടുത്തിടെ 73 മീറ്റർ മറൈൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. യുഎഇയിലെ ഇത്തരത്തിലുള്ള ആദ്യ സൗകര്യമായ പ്ലാറ്റ്‌ഫോമിൽ കടലിലേക്കുള്ള നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് പ്രവേശനം സുഗമമാക്കാൻ രൂപകൽപ്പന ചെയ്ത മൂന്ന് പാതകൾ ഉണ്ട്. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി, നിശ്ചയദാർഢ്യമുള്ള ആളുകളുടെ ബീച്ച് അനുഭവം മെച്ചപ്പെടുത്താൻ ഈ സൗകര്യം ശ്രമിക്കുന്നു. മറ്റ് ബീച്ചുകളിൽ സൗകര്യം ഏർപ്പെടുത്തുന്നതിന് മുമ്പ് നിശ്ചയദാർഢ്യമുള്ള ആളുകളുടെ പ്രതികരണം പരിഗണിക്കും.
ആഗോള അംഗീകൃത ബീച്ചുകൾ
നീന്തൽ പ്രദേശങ്ങൾ, മണൽ പ്രദേശങ്ങൾ, റണ്ണിംഗ് ട്രാക്കുകൾ എന്നിവ ഉൾക്കൊള്ളുന്ന എട്ട് പൊതു ബീച്ചുകൾ ദുബായിലുണ്ട്. ഖോർ അൽ മംസാർ, അൽ മംസാർ കോർണിഷ്, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബൽ അലി പബ്ലിക് ബീച്ച് എന്നിവയിലെ പൊതു ബീച്ചുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ പൊതു ബീച്ചുകൾക്കെല്ലാം തുടർച്ചയായി അഞ്ച് വർഷത്തേക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചു, ഇത് സമുദ്രജലത്തിൻ്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെൻ്റ്, പൊതു സുരക്ഷ, സേവനങ്ങൾ എന്നിവയ്ക്കുള്ള ആഗോള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഇത്.
WAM/അമൃത രാധാകൃഷ്ണൻ