ശനിയാഴ്ച 23 സെപ്റ്റംബർ 2023 - 5:52:54 am

അടുത്ത 50 വർഷത്തെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഊർജ്ജമാണ് വിദ്യാഭ്യാസം: മൻസൂർ ബിൻ സായിദ്


അബുദാബി, 2023 ജൂൺ 07, (WAM) -- വിദ്യാഭ്യാസം മനുഷ്യവികസനത്തിന്റെ അടിത്തറയായും രാജ്യത്തിന്റെ പുരോഗതിയുടെ പ്രധാന സ്തംഭമായും കണക്കാക്കുന്ന രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് യുഎഇയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉദാരമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും ഖലീഫ അവാർഡ് ട്രസ്റ്റീ ബോർഡ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

വിദ്യാർത്ഥികൾ, അധ്യാപകർ, സ്കൂൾ നേതാക്കൾ, പാഠ്യപദ്ധതികൾ, പ്രോഗ്രാമുകൾ, അധ്യാപന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം ദൈനംദിന നേട്ടങ്ങൾ കൈവരിക്കുന്നുവെന്ന് ശൈഖ് മൻസൂർ പറഞ്ഞു.

സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രിയും അവാർഡ് ട്രസ്റ്റി ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ അബുദാബിയിലെ എമിറേറ്റ്‌സ് പാലസിൽ നടന്ന വിദ്യാഭ്യാസത്തിനുള്ള 16-ാമത് ഖലീഫ അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഈ പ്രസ്താവനകൾ നടത്തിയത്.

പ്രാദേശിക, അറബ്, അന്തർദേശീയ തലങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള ഖലീഫ അവാർഡിന്റെ മുൻനിര പങ്കിനെ ശൈഖ് മൻസൂർ എടുത്തുപറഞ്ഞു. 2007-ൽ ആരംഭിച്ചതുമുതൽ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയിലും പ്രസക്തമായ സാമൂഹിക സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന വ്യക്തികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്‌ട്രപതി ശൈഖ് മുഹമ്മദും ഉപരാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും നൽകിയ ശ്രദ്ധയും കരുതലും പ്രതിഫലിപ്പിക്കുന്ന അവാർഡിൽ ഈ വർഷം ആദ്യമായി 'ഏർലി എജ്യുക്കേഷൻ' എന്ന വിഭാഗത്തെ ഉൾപ്പെടുത്തിയതായും ശൈഖ് മൻസൂർ പരാമർശിച്ചു.
പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗങ്ങളും എമിറേറ്റ്സ് ഭരണാധികാരികളും, ആരോഗ്യകരവും സാമൂഹികവുമായ നിയമനിർമ്മാണ സംവിധാനത്തിലൂടെയും നിയമങ്ങളിലൂടെയും ദേശീയ സംരംഭങ്ങളിലൂടെയും ബാല്യകാല വിദ്യാഭ്യാസത്തിനും ആദ്യകാല വിദ്യാഭ്യാസത്തിനും യുഎഇ മുൻഗണന നൽകുന്നു.ഏർലി എജ്യുക്കേഷനുളള്ള ഖലീഫ ഇന്റർനാഷണൽ അവാർഡ്, ബാല്യകാല പരിചരണത്തിന്റെ യുഎഇ മാതൃകയെ ലോകമെമ്പാടും പ്രദർശിപ്പിക്കാനും ആഗോള തലത്തിൽ ഈ മേഖലയിലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളും ഗവേഷണങ്ങളും വിദഗ്ധ പഠനങ്ങളും ഉയർത്തിക്കാട്ടാനും സഹായിക്കുമെന്ന് ശൈഖ് മൻസൂർ പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ യുഎഇയിൽ നിന്നുള്ള 25, അറബ് മേഖലയിൽ നിന്നുള്ള 12, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള നാലു പേർ ഉൾപ്പെടെ 41 വിജയികളെയും അബ്ദുല്ല അൽ ഗുറൈർ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷന്റെ സ്ഥാപകനായ വ്യവസായി അബ്ദുല്ല അഹമ്മദ് അൽ ഗുറൈറിനെയും ആദരിച്ചു.

യുഎഇ രാഷ്ട്രപതിയുടെ ഉപദേഷ്ടാവ് അഹമ്മദ് ജുമാ അൽ സാബി; ഏർലി എജ്യുക്കേഷൻ സഹമന്ത്രി സാറാ മുസല്ലം, യുഎഇ രാഷ്ട്രപതിയുടെ സാംസ്‌കാരിക ഉപദേഷ്ടാവും യുഎഇയു ചാൻസിലറുമായ സാക്കി നുസൈബെഹ്; ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് മുബാറക് ജുമാ, നിരവധി ഉദ്യോഗസ്ഥർ എന്നിവർ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ

അമൃത രാധാകൃഷ്ണൻ