ഞായറാഴ്ച 01 ഒക്ടോബർ 2023 - 5:17:25 am

ഇന്ത്യയുടെ ജി20 ഉച്ചകോടി: പങ്കെടുക്കുന്നവരും, വിട്ടുനിൽക്കുന്നവരും


ന്യൂഡൽഹി, 6 സെപ്റ്റംബർ 2023 (WAM) --സെപ്തംബർ 9-10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി ഒരുങ്ങുകയാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡൽഹി. ലോക നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനത്തിന് സാക്ഷ്യം വഹിക്കുന്നത്തോടെ ഇന്ത്യയിൽ നടക്കുന്ന ഈ ജി20 ഉച്ചകോടി ചരിത്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സുസ്ഥിര ഊർജ സംക്രമണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഉന്നതതല ചർച്ചകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബർ 7 മുതൽ 10 വരെ ഇന്ത്യ സന്ദർശിക്കും. ബഹുമുഖ വികസന ബാങ്കുകളുടെ കഴിവുകൾ വർധിപ്പിക്കുക, ഉക്രെയ്ൻ സംഘർഷത്തിന്റെ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

18-ാമത് ജി 20 ഉച്ചകോടിയിൽ പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുക്കില്ലെന്നും, പകരം പ്രധാനമന്ത്രി ലി ക്വിയാങ് ചൈനയുടെ പ്രതിനിധിയായി പങ്കെടുക്കുമെന്നും ചൈനീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യൻ വംശജൻ കൂടിയായ യുകെ പ്രധാനമന്ത്രി ഋഷി സുനക്ക് യോഗത്തിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മോദിയെ ഹാജരാകാത്ത കാര്യം നേരത്തെ അറിയിച്ചിരുന്നു, പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പങ്കെടുക്കും.

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉക്രെയ്‌നിന് പിന്തുണയുമായി ആഗോള ഐക്യദാർഢ്യം ഉറപ്പാക്കാൻ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്തോനേഷ്യയും ഫിലിപ്പീൻസും ഉൾപ്പെടെയുള്ള ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ ഇന്ത്യാ സന്ദർശനം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇ, നെതർലാൻഡ്‌സ്, സിംഗപ്പൂർ, സ്പെയിൻ, ഒമാൻ, ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളുടെ പങ്കാളിത്തവും ഉച്ചകോടിയിൽ ഉണ്ടാകും.

WAM/അമൃത രാധാകൃഷ്ണൻ

Amrutha