Mon 18-09-2023 21:01 PM
അബുദാബി, 2023 സെപ്റ്റംബർ 18, (WAM)--യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ മടങ്ങിവരവിന് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സാക്ഷ്യം വഹിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ദൗത്യത്തിന് ശേഷമാണ് യുഎഇ ബഹിരാകാശ സഞ്ചാരി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഒരു അറബ് ബഹിരാകാശയാത്രികന്റെ എക്കാലത്തെയും ദൈർഘ്യമേറിയ ബഹിരാകാശ യാത്ര പൂർത്തിയാക്കിയതിനും ബഹിരാകാശ നടത്തം നടത്തുന്ന ആദ്യത്തെ അറബിയായി മാറിയതിനും അദ്ദേഹത്തെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ് ബിൻ സായിദും ശൈഖ് മുഹമ്മദ് ബിൻ റാഷിദും അദ്ദേഹത്തിന്റെ ദൗത്യത്തെക്കുറിച്ചും ബഹിരാകാശത്തെ അനുഭവങ്ങളെക്കുറിച്ചും സുൽത്താനുമായി സംസാരിച്ചു.യുഎഇയിലെയും ലോകമെമ്പാടുമുള്ള യുവാക്കൾക്കും പ്രചോദനത്തിന്റെ ഉറവിടമാണ് സുൽത്താൻ എന്നും അദ്ദേഹത്തിന്റെ ഈ നേട്ടം രാജ്യത്തിന്റെ അതിരുകളില്ലാത്ത അഭിലാഷങ്ങളുടെ ഉദാഹരണമാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
നെയാദിയുടെ വരവ് ആഘോഷിക്കാൻ, യുഎഇയുടെ അൽ ഫുർസാൻ എയ്‌റോബാറ്റിക് ടീം അദ്ദേഹത്തിന്റെ വിമാനം ലാൻഡ് ചെയ്തതിന് ശേഷം വിമാനത്താവളത്തിന് മുകളിലൂടെ പറന്നു.
യുഎഇ പൗരന്മാർക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചതിൽ അഭിമാനമുണ്ടെന്ന് രാഷ്ട്രപതി പ്രസ്താവിച്ചു. സുൽത്താന്റെ ദൗത്യം യുഎഇയുടെ ശാസ്ത്രപുരോഗതിക്കുള്ള സുപ്രധാന നേട്ടം മാത്രമല്ല,
യുഎഇ ബഹിരാകാശയാത്രിക പരിപാടി തങ്ങളുടെ പൗരന്മാരെ പരിപോഷിപ്പിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും അവരുടെ കഴിവുകളെ പിന്തുണയ്‌ക്കുന്നതിനും കഴിവുകൾ
മെച്ചപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് വിശദീകരിച്ചു.
യുഎഇയുടെ ബഹിരാകാശ പദ്ധതിക്ക് നൽകിയ പിന്തുണയ്‌ക്ക് യുഎഇ ബഹിരാകാശ സഞ്ചാരി നേതൃത്വത്തിന് നന്ദി പറയുകയും ഐഎസ്‌എസിലേക്കുള്ള തന്റെ 186 ദിവസത്തെ ദൗത്യത്തിലുടനീളം തന്നോടൊപ്പം ഉണ്ടായിരുന്ന യുഎഇ പതാക രാഷ്ട്രപതിക്ക് സമ്മാനിക്കുകയും ചെയ്തു. അവർ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ടീം അംഗങ്ങളെ അഭിസംബോധന ചെയ്യുകയും മുൻ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളെ അഭിനന്ദിക്കുകയും വരാനിരിക്കുന്ന ഛിന്നഗ്രഹ വലയത്തിലേക്കുള്ള ദൗത്യങ്ങളിലും, മാർസ് 2117 പ്രോഗ്രാമിലും പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്തു.
പുരോഗതിയുടെ വഴിയിൽ തടസ്സങ്ങൾ നിൽക്കാതിരിക്കാനുള്ള ദൃഢനിശ്ചയം തന്റെ ജനങ്ങളിൽ പകർന്നു നൽകിയ അന്തരിച്ച ഷെയ്ഖ് സായിദിനെ രാഷ്ട്രപതി ഉദ്ധരിച്ചു. ബഹിരാകാശ പര്യവേഷണത്തിൽ യു.എ.ഇ.യുടെ മഹത്തായ മുന്നേറ്റത്തെ അദ്ദേഹം എടുത്തുപറയുകയും ഈ മേഖലയിൽ രാജ്യത്തിന്റെ കഴിവുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ കാഴ്ചപ്പാടിന് നന്ദി പറയുകയും ചെയ്തു. യുഎഇയുടെയും ലോകത്തിന്റെയും ഭാവി പുരോഗതിയിലും രാജ്യത്തിന്റെ വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിലും യുവാക്കളുടെ ശാസ്ത്ര-സാങ്കേതിക വിദ്യയിലും ഇന്ന് നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സുൽത്താൻ അൽ നെയാദിയുടെ നേട്ടങ്ങളുടെയും യുഎഇയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെയും സ്മരണയ്ക്കായി പുതുതായി നിർമിച്ച അബുദാബി എയർപോർട്ട് ടെർമിനലിൽ ഗംഭീര സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. തങ്ങളുടെ ദേശിയ നായകനെ പരമ്പരാഗത അൽ അയ്യാല നൃത്തതിന്റെ അകമ്പടിയോടെ കരഘോഷത്തോടെയും യുഎഇ പതാകകൾ വീശിയുമാണ് യുവാക്കൾ, ബഹിരാകാശയാത്രികരുടെ വസ്ത്രം ധരിച്ച സ്‌കൂൾ വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാരും അടങ്ങുന്ന ജനക്കൂട്ടം സ്വീകരിച്ചത്.
WAM/ അമൃത രാധാകൃഷ്ണൻ